ആധുനിക മാമാങ്കം

No automatic alt text available.

                             
        
 കേരളത്തിലെ ആദ്യകാല മഹോത്സവങ്ങളില്‍ ഒന്നായിരുന്നു പൌഷ മാസത്തിലെ പൂയത്തിലാരംഭിച്ച് മാഘമാസത്തിലെ മകത്തില്‍ അവസാനിക്കുന്ന 28 ദിവസത്തോളം നീണ്ട് നില്‍ക്കുന്ന മാമാങ്കം. 12 വര്‍ഷത്തില്‍ ഒരിക്കല്‍ (11 വര്‍ഷം 10 മാസം 15 ദിവസവും കഴിയുമ്പോള്‍) നിളാ നദിയുടെ തീരത്ത് തിരുനാവായയില്‍ ആയിരുന്നു മാമാങ്കം കൊണ്ടാടിയിരുന്നത്. 13 നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ കോഴിക്കോട് സാമൂതിരി തിരുമലശ്ശേരി നമ്പൂതിരിയുടെയും , കോഴിക്കോട് കോയയുടെയുംകല്പകശ്ശേരി തംബ്രാക്കളുടെയും മറ്റും സഹായത്തോടെ വള്ളുവക്കോനാതിരിയെ തോല്‍പ്പിച്ച് തിരുനാവായയെ തന്‍റെ രാജ്യത്തോട് ചേര്‍ത്തതോടെ മാമാങ്കത്തിന്റെ നിലപാട് നില്‍ക്കുവാനുള്ള അവകാശവും സാമൂതിരിക്ക് വന്നു ചേര്‍ന്നു. . മാമാങ്കം സാമൂതിരിയുടെ കീഴില്‍ വന്നതോടെ മാമാങ്കത്തിന് പല മാറ്റങ്ങളും സംഭവിച്ചു സാമൂതിരിയെ സംബന്ധിച്ച് മാമാങ്കം ഒരു മഹോത്സവം മാത്രമായിരുന്നില്ല കേരള ചക്രവര്‍ത്തിയുടെ പ്രഭാവവും പ്രൌഡിയും പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരവസരം കൂടിയായിരുന്നു . വാകയൂരിലെ ആല്‍ത്തറയില്‍ നിലപാട് നില്‍ക്കുന്ന സാമൂതിരിയെ കേരളത്തിന്‍റെ മുഴുവന്‍ അധിപനായി കണക്കാക്കിയിരുന്നു. എന്നാല്‍ അഭിമാനിയായ വള്ളുവക്കോനാതിരി സാമൂതിരിയുടെ നിലപാട് നില്‍ക്കുന്നതിനുള്ള അവകാശത്തെ ചാവേറുകളെ അയച്ച് ചോദ്യം ചെയ്തതോടെ നിളയുടെ തീരം ചാവേറുകളുടെ ചോര കൊണ്ട് ചുവന്നു. സാമൂതിരിയുടെ കഥ കഴിച്ച് നിലപാടിനുള്ള അവകാശം വള്ളുവക്കോനാതിരിക്ക് നേടി കൊടുക്കുക എന്നുള്ളതായിരുന്നു ചാവേറുകളുടെ ലക്ഷ്യം. ഓരോ മാമാങ്ക കാലത്തും ചാവേറുകള്‍ മുറതെറ്റാതെ സാമൂതിരിയുടെ കഥ കഴിക്കുവാന്‍ വന്നു ചേര്‍ന്ന് കൊണ്ടിരുന്നു സാമൂതിരിയുടെ ചാവേറുകള്‍ അവരെ തിരിച്ചും പ്രതിരോധിച്ച് തുടങ്ങിയതോടെ മാമാങ്കത്തില്‍ അങ്കത്തിനും പ്രാധാന്യം വന്ന് ചേര്‍ന്നു. വള്ളുവക്കോനാതിരിയുടെ ചാവേറുകളില്‍ വീരഗാഥ രജിച്ചവരായിരുന്നു കണ്ടര്‍ മേനോനും പുത്രന്‍ ഇത്താപ്പുവുംചന്ത്രത്തില്‍ പണിക്കരും മരുമകന്‍ ചന്തുണ്ണിയും. ചാവേറുകള്‍ എത്ര പരിശ്രമിച്ചിട്ടും ഒരു സാമൂതിരിയെയും വധിക്കാന്‍ സാധിച്ചിട്ടില്ല പക്ഷെ 1695ല്‍ ചന്ത്രത്തില്‍ ചന്തുണ്ണിയും, 1743ല്‍ മറ്റൊരു ചാവേറും നിലപാട് തറ വരെ എത്തിയെങ്കിലും അവരെ സാമൂതിരിയുടെ സംരക്ഷകര്‍ വെട്ടി വീഴ്ത്തി.


              ഏകദേശം 400 വര്‍ഷത്തോളം നില നിന്നിരുന്ന മാമാങ്കം അവസാനമായി കൊണ്ടാടിയത് 1755ല്‍ ആണ്. 1757ല്‍ മറ്റൊരു സംഭവവും അരങ്ങേറി ആദ്യമായി ഒരു ഇന്ത്യന്‍ ശക്തി സാമൂതിരിയെ അടിയറവ് പറയിപ്പിച്ചു സാമൂതിരിയുടെ ശല്യം സഹിക്കവയ്യാതെ പാലക്കാട് രാജാവ് സഹായം അഭ്യര്‍ഥിച്ചു വിളിച്ചു വരുത്തിയ ദിന്‍ഡിഗല്‍ ഗവര്‍ണര്‍ ഹൈദര്‍ നായിക്കിന്റെ പടനായകന്‍ മക്ദൂം അലിയുടെ മുന്നിലായിരുന്നു അത്. 1766ല്‍ അടുത്ത മാമാങ്കത്തിനുള്ള ഒരുക്കം നടക്കുന്നതിനിടയില്‍ ഹൈദര്‍ അലിയുടെയുംമദ്ധണ്ണയുടെയും കീഴിലുള്ള സൈന്യത്തിന് മുന്നില്‍ കോഴിക്കോട് സാമൂതിരി പൂര്‍ണ്ണമായും കീഴടങ്ങി അതോടെ മാമാങ്കവും എന്നെന്നേക്കുമായി അവസാനിച്ചു. 

            1755ലെ അവസാന മാമാങ്കത്തിന് 2നൂറ്റാണ്ടുകള്‍ക്ക് ഇപ്പുറം ആധുനിക യുഗത്തില്‍ ഒരു മാമാങ്ക മഹോത്സവം കൂടി അരങ്ങേറിയിരുന്നു അത് 1999ലായിരുന്നു. വലിയ ഘോഷയാത്രയോടെ അകമ്പടിയോടെ എത്തിയ സാമൂതിരി ഏട്ടനുണ്ണി രാജ ( പി കെ ഏട്ടനുണ്ണി രാജ തിരുവന്നൂര്‍ കോവിലകം) വാകയൂരിലെ ആല്‍ത്തറയില്‍ നിലപാട് നിന്നു. വള്ളുവക്കോനാതിരിയുടെ ചാവേറുകള്‍ സാമൂതിരി ഏട്ടനുണ്ണിരാജയുടെ കഥകഴിക്കാന്‍ കുതിച്ചു ചാടി അവരെ സാമൂതിരിയുടെ ഭടന്മാര്‍ അരിഞ്ഞു തള്ളി എങ്കിലും നിളാ നദിയുടെ തീരം പഴയപോലെ ചോര കൊണ്ട് ചുവന്നില്ല എല്ലാം അഭ്യാസ പ്രകടനങ്ങള്‍ മാത്രമായിരുന്നു. 1999ലെ മലബാര്‍ ഫെസ്റ്റിനോടനുബന്ധിച്ചായിരുന്നു ഈ ദ്രശ്യാവിശ്കാരം അരങ്ങേറിയത്.  



Comments