ചാലിയം കോട്ട

ചാലിയം കോട്ടയുടെ അവശേഷിപ്പ്
               സാമൂതിരിയും, അദ്ധേഹത്തിന്റെ നാവിക പോരാളികളും പറങ്കികള്‍ക്കെതിരെ ശക്തമായ വെല്ലുവിളികള്‍ തീര്‍ത്തിരുന്ന അവസരത്തില്‍ സാമൂതിരിയുടെ നാവിക ശക്തിയെ പ്രതിരോധിക്കാന്‍ പോര്‍ട്ടുഗീസുകാര്‍ ബേപ്പൂര്‍ നദിയുടെ സമീപം ചാലിയത്ത് പടുത്തുയര്‍ത്തിയ കോട്ടയാണ് ചാലിയം കോട്ട. ഇത് പോര്‍ട്ടുഗീസുകാര്‍ കേരളത്തില്‍ സ്ഥാപിച്ച 5മത്തെ കോട്ടയും കൂടിയാണ്. ചാലിയത്ത് ഈ കോട്ട കെട്ടാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു സാമൂതിരിയുടെ രാജ്യത്തിന്‍റെ നടുവിലൂടെയായിരുന്നു ബേപ്പൂര്‍ പുഴ ഒഴുകി കടലില്‍ പതിച്ചിരുന്നത്. അത് കൊണ്ട് തന്നെ നദീ മുഖത്ത് ശക്തമായൊരു കോട്ട കെട്ടി നാവിക സേനയെ അവിടെ കേന്ദ്രികരിച്ചാല്‍ പറങ്കികളുടെ തോണികള്‍ക്കും, ഓടി വള്ളങ്ങള്‍ക്കും നിഷ്‌പ്രയാസം ഉള്‍നാടുകളില്‍ പ്രവേശിക്കാനും സാമൂതിരിക്ക് സുലഭമായി ചരക്കുകള്‍ ലഭിച്ചിരുന്ന മാര്‍ഗങ്ങള്‍ അടക്കുവാനും, ആക്രമിക്കുവാനും സാധിക്കുമായിരുന്നു. അന്നത്തെ പോര്‍ട്ട്ഗീസ് സൈന്യാധിപനായ ഡയഗോ ഡ സല്‍വെരയായിരുന്നു ഈ ആശയത്തിന് പിന്നില്‍. ഈ പദ്ധതി ഗവര്‍ണര്‍ നാനോ ഡ കുഞ്ഞ സ്വീകരിക്കുകയും ചെയ്തു. ചാലിയം സാമൂതിരിയുടെ സാമന്തനായിരുന്ന വെട്ടത്ത് ( താനൂര്‍ സ്വരൂപം) രാജവിന്റെതായിരുന്നു. രാജാവിന് കോട്ട കെട്ടുവാന്‍ എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. പക്ഷെ രാജാവ് സാമൂതിരിയുടെ സാമന്തന്‍ ആയതിനാല്‍ അവിടെ കോട്ട കെട്ടുവാന്‍ സാമൂതിരിയുടെ അനുവാദം കൂടി വേണ്ടിയിരുന്നു. ചുങ്കത്തില്‍ പാതിയെന്ന വ്യവസ്ഥയില്‍ സാമൂതിരി അവിടെ പോര്‍ട്ടുഗീസ്‌കാര്‍ക്ക് കോട്ട കെട്ടുവാന്‍ അനുവാദം നല്‍കി. അങ്ങനെ1531ല്‍ ചാലിയത്ത് പോര്‍ട്ടുഗീസുകാര്‍ കോട്ട പടുത്തുയര്‍ത്തി ശക്തമായ സൈനിക അകമ്പടികളും അവിടെ കേന്ദ്രികരിച്ചു. ഈ കോട്ടയുടെ പിന്‍ബലത്തില്‍ 40 വര്‍ഷത്തോളം പോര്‍ട്ടുഗീസ്‌കാര്‍ തങ്ങളുടെ അധികാരം കേരളത്തില്‍ ഉറപ്പിച്ച് നിര്‍ത്താനായി. കോട്ട സ്ഥാപിച്ചു കഴിഞ്ഞതോടെ പറങ്കികള്‍ കൊടുക്കാമെന്നെറ്റ ചുങ്കം അവര്‍ സാമൂതിരിക്ക് നല്‍കിയില്ല ബേപ്പൂര്‍, കടവന്തുരുത്തി നാടുവാഴികളും പറങ്കികളും അത് പങ്കിട്ടെടുത്തു. അത് മാത്രമല്ല ഈ കോട്ടയുടെ പിന്‍ബലത്തില്‍ പോര്‍ച്ചുഗീസുകാര്‍ ഉള്‍നാടുകളില്‍ നിന്ന് കോഴിക്കൊടെക്ക് വരുന്ന ചരക്കുകള്‍ എത്തുന്നത് തടഞ്ഞ് കൊള്ളയടിക്കുവാനും തുടങ്ങി അത് കൊണ്ട് രഹസ്യമായി മറ്റ് തുറമുഖങ്ങള്‍ വഴിയായിരുന്നു സാമൂതിരി കച്ചവടം നടത്തിയിരുന്നത്. കൊള്ളയെ ഭയന്ന് വിദേശ കപ്പലുകളും കോഴിക്കോട് എത്താതായത് മൂലം ചുങ്കം വകയില്‍ ലഭിച്ച് കൊണ്ടിരുന്ന ഭീമമായ സംഖ്യ നഷ്ടമായി കൊണ്ടിരുന്നു. അതിന് പുറമെ സൈനിക ശക്തി ബലപ്പെടുത്തുവാനും, യുദ്ധങ്ങള്‍ക്കും ധാരാളം സംഖ്യ ചെലവാക്കെണ്ടിയും വന്നു. അപ്പോളാണ് സാമൂതിരിക്ക് തനിക്ക് പറ്റിയ അബദ്ധം മനസ്സിലായത്‌. സാമൂതിരിയുടെ മാറത്ത് ചൂണ്ടിയ പീരങ്കിയായിട്ടാണ് ചാലിയം കോട്ടയെ കൊച്ചി രാജാവ് ഉപമിച്ചത്.             
ചാലിയം കോട്ടയുടെ അവശേഷിപ്പ്
   
  കോട്ട തകര്‍ക്കാതെ നിലനിലനില്‍പ്പില്ലന്ന് മനസ്സിലാക്കിയ സാമൂതിരി പോര്‍ട്ടുഗീസുകാര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. പക്ഷെ അദേഹത്തിനു ഈ ലക്ഷ്യം സഫലീകരിക്കുവാന്‍ നീണ്ട നാല്പത് കൊല്ലങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. പട്ടുമരക്കാരുടെ നാവികസേനയും സാമൂതിരിയുടെ നായര്‍ പടയാളികളും ചേര്‍ന്ന് കടലിലും കരയിലുമായി പോര്‍ട്ടുഗീസുകാര്‍ക്കെതിരെ ശക്തമായി രംഗത്തിറങ്ങി. ഇതിനിടയില്‍ സാമൂതിരി "ബീജാപ്പൂര്‍ സുല്‍ത്താന്‍ അലി ആദില്‍ ഷാ ഒന്നാമനും, അഹമ്മദ നഗര്‍ സുല്‍ത്താന്‍ മുര്‍ത്തസ നൈസാം ഷായും സന്ധിയില്‍ എത്തിച്ചേരുകയും ഇവര്‍ ഒരുമിച്ച് പോര്ട്ടുഗീസുകര്‍ക്കെതിരെ ഒരു ത്രിമുഖ ആക്രമണത്തില്‍ ഏര്‍പ്പെട്ടു. ആദില്‍ ഷാ ഗോവയും, മുര്‍ത്തസ മൌളും, സാമൂതിരി ചാലിയവും ഒരേ സമയം 1571ല്‍ ആക്രമിച്ചു പോര്‍ച്ചുഗീസ് ശക്തിയെ വികേന്ദ്രീകരിക്കുവാനാണ് ഇപ്രകാരം ചെയ്തതത്. ഇവരുടെ പ്രധാന ലക്ഷ്യം ചാലിയം മോചിപ്പിക്കുക എന്നുള്ളതായിരുന്നു. ഗോവ, മൌള്‍ ആക്രമണം പൂര്‍ണ്ണ പരാജയത്തില്‍ കലാഷിച്ചുവെങ്കിലും ചാലിയം ആക്രമണം വിജയമായിരുന്നു. അങ്ങനെ 1571ല്‍ സാമൂതിരിയുടെ നായര്‍പടയും, താനൂരിലെയും, പരപ്പനങ്ങാടിയിലെയും, പറവണ്ണയിലെയും, പോന്നനിയിലെയും മുസ്ലിം സൈനികരും, പട്ടുമരക്കാരുടെ നാവികസേനയും വമ്പിച്ച സന്നാഹത്തോടെ ചാലിയം കോട്ട ഉപരോധിച്ചു. അകത്തുള്ളവരെ പുറത്തേക്കും പുറത്തുള്ളവരെ അകത്തേക്കും വിട്ടില്ല. ഭക്ഷണവുമായെത്തിയ കപ്പലുകളെയും, പോഷകസേനയെയും മരക്കാര്‍പ്പട കടലില്‍ തന്നെ വച്ച് നശിപ്പിച്ചു. 4മാസത്തോളം ഈ ഉപരോധം തുടര്‍ന്നു. ഭക്ഷണ സാധനങ്ങളെല്ലാം തീര്‍ന്നപ്പോള്‍ കൊട്ടക്കകത്ത് പോര്‍ട്ടുഗീസുകാര്‍ പരവശരായി വിശപ്പും, ദാഹവും മൂലം മരിക്കുമെന്ന അവസ്ഥയോളം എത്തിയപ്പോള്‍ സാമൂതിരിയുടെ സേനാധിപന്റെ മുന്നില്‍ ആയുധംവച്ചു കീഴടങ്ങി. ഉടനടി കോട്ടയിലെ എല്ലാ സൈനികരേയും ബന്ധനസ്ഥരാക്കി, കൊച്ചിയിലേക്ക് പറങ്കികളെ നാടുകടത്തി, താനൂര്‍ രാജാവിന്‍റെ സഹായത്തോടെ അവര്‍ കൊച്ചിക്ക്‌ പോര്‍ച്ചുഗീസ് കപ്പലുകളുടെ സഹായത്തോടെ രക്ഷപ്പെട്ടു.സാമൂതിരിയുടെ സൈനികര്‍ കോട്ടയിലേക്ക് ഇരച്ചുകയറി കോട്ട കല്ലിന്മേല്‍ കല്ല്‌ ബാക്കി വയ്ക്കാതെ നിശ്ലേഷമിടിച്ച് നിരത്തി. കോട്ടയില്‍ നിന്നും പിടിച്ചെടുത്ത ആയുധ സാമഗ്രികള്‍ സാമൂതിരിയെടുക്കുകയും, കോട്ട പൊളിച്ചപ്പോള്‍ ലഭിച്ച കല്ലുകളും, മരങ്ങളും കോഴിക്കൊടെക്ക് കൊണ്ട് വരികയും പോര്‍ട്ടുഗീസ്‌ ആക്രമണത്തില്‍ തകര്‍ന്ന മുസ്ലിം പള്ളികളുടെ പുനര്‍നിര്‍മാണത്തിനായി സാമൂതിരി വിട്ടു കൊടുക്കയും, ചാലിയം കോട്ട നിലനിന്നിടം മുന്‍ധാരണ പ്രകാരം താനൂര്‍ രാജാവിന് വിട്ട് കൊടുക്കുകയും ചെയ്തു. ചാലിയം കോട്ടയുടെ പതനം പോര്‍ച്ചുഗീസ് ശക്തിക്ക് ക്ഷീണമേപ്പിച്ചെങ്കിലും കണ്ണൂര്‍, കൊച്ചി, കൊല്ലം, പുറക്കാട്എന്നിവിടങ്ങളിലും അവരുടെ ആധിപത്യം നിലനിന്നിരുന്നു.



Comments