നരസിംഹ സ്വാമി ക്ഷേത്രത്തിലെ ടിപ്പു സുൽത്താൻ

ക്ഷേത്രത്തിലെ ടിപ്പുവിന്റെ ചിത്രം കടപ്പാട്: ആചാര്യ സങ്കീര്‍ത്തന്‍

           എന്നെന്നും വിവാദങ്ങളുടെ തോഴനായ മൈസൂർ കടുവ നവാബ്  ടിപ്പു സുൽത്താന്റെയും  പിതാവ് ഹൈദർ അലിയുടെയും  അപൂർവ്വമായൊരു ചുവർ ചിത്രമുണ്ട്‌ കർണാടകയിലെ സീബിയിൽ.  അവിടെ നരസിംഹ സ്വാമി ക്ഷേത്രാങ്കണത്തിൽ ഓടക്കുഴലൂതുന്ന  ശ്രീകൃഷ്ണന്റെയും അത് വീക്ഷിക്കുന്ന ചങ്ങാതിമാരുടെയും  ചുവർ ചിത്രങ്ങളോടൊപ്പം സംഹാര രുദ്രനായി  വേട്ടയിലേർപ്പെട്ടിരിക്കുയാണ് ടിപ്പു. കൂടെ തെല്ലു മാറി മറ്റൊരിടത്ത് ടിപ്പുവിന്റെ കാലത്തോളം പഴക്കമുള്ള മറ്റൊരു ചുവർ ചിത്രത്തിൽ പിതാവ് ഹൈദർ അലിയെയും കാണാം.  ഇങ്ങ് കേരളത്തിലെ രണ്ട് ക്ഷേത്രത്തിലും കുതിരപ്പുറത്തേറി വരുന്ന ടിപ്പുവിന്റെ ഒരു  അപൂർവ്വ ദൃശ്യമുണ്ട് അടക്കപുത്തൂരിലെ ശേഖരപുരം ക്ഷേത്രത്തിലും, കുലുക്കല്ലൂരിലെ പുറയന്നൂർമന വിഷ്ണു ക്ഷേത്രത്തിലും (ഇന്നില്ല പുനരുധാരണ പ്രവർത്തനത്തെ തുടർന്ന് മാക്കപ്പെട്ടു).
              
       നരസിംഹ സ്വാമി ക്ഷേത്രത്തിന്റെ ചരിത്രം തേടിയാൽ ക്ഷേത്രം ഇന്ന് കാണുന്ന രീതിയിലെത്താൻ പ്രയത്നിച്ചത് വോഡയാർ രാജക്കൻമാരുടെ കീഴിൽ ദിവാൻ പദവി വഹിച്ചിരുന്ന കച്ചേരി കൃഷ്ണപ്പയുടെ മക്കളായ ലക്ഷ്മിനരസപ്പ, പുട്ടണ്ണനല്ലപ്പ എന്നീവരിലാണെത്തിച്ചേരുക. 1795നടുത്ത്  അവരീ ക്ഷേത്രം തങ്ങളുടെ പിതാവ് കൃഷ്ണപ്പയുടെയും സതിയനുഷ്ഠിച്ച മാതാവ് അലമെലുവിന്റെയും സ്മരണക്കായി സമർപ്പിച്ചു. ഹൈദർ അലിക്കും, ടിപ്പുവിനും കീഴിൽ വിവിധ പദവികൾ പങ്കിട്ടിരുന്ന ഈ സഹോദരൻമാരിൽ  നല്ലപ്പയാണ്  1784ലിൽ കന്നഡത്തിൽ രചിച്ച  ഹൈദർ അലിയുടെ  ജീവ ചരിത്രമായ ഹൈദർ നാമവലി അഥവാ ഹൈദർ നാമയുടെ കർത്താവ്. ഈ ഗ്രന്ഥം പിൻകാലത്ത് നല്ലപ്പയുടെ പിൻഗാമികൾ മൈസൂർ ലൈബ്രറിക്കായി സമർപ്പിച്ചു. 200ലേറെ വർഷങ്ങൾ പിന്നിട്ട ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം ക്ഷേത്രത്തിലെ ചുവർചിത്രങ്ങൾ തന്നെയാണ് ചുവർ ചിത്രങ്ങളിൽ പലതിനും കാലപ്പഴക്കം കൊണ്ടുള്ള മുറിവുകളെറ്റിട്ടുണ്ട്. ഈ ചിത്രങ്ങളിൽ ഹിന്ദു പുരാണങ്ങളിലെ ഭാഗവതം, നരംസിംഹ പുരാണം, മഹാഭാരതം, രാമായണംകൃഷ്ണ ലീല  എന്നിവയും, ടിപ്പു, ഹൈദർ, കൃഷ്ണ രാജ വോഡയാർ 3മൻ എന്നിവരും പ്രത്യക്ഷപ്പെടുന്നു.
                   
ക്ഷേത്രത്തിലെ ഹൈദര്‍ അലിയുടെ ചിത്രം
ക്ഷേത്രത്തിലെ ഒരു ഭാഗത്തായി മച്ചിലും ചുവരിലുമായി വരക്കപ്പെട്ടിരിക്കുന്ന ചിത്രത്തിലാണ് ഹൈദർ അലി പ്രത്യക്ഷപ്പെടുന്നത് ഈ ചിത്രത്തെ മൂന്ന് വരിയായി തിരിച്ചിരിക്കുന്നു ആദ്യ വരിയിൽ കൃഷ്ണ ലീലയും, രണ്ടാം വരിയിൽ  തന്റെ പീഠത്തിൽ  ഉപവിഷ്ടനായി
ഒരു പുഷ്പവും വസിച്ചു കൊണ്ടിരിക്കുന്ന മഹാരാജ  കൃഷ്ണ രാജ വോഡയാർ 3മനും   നല്ലപ്പയും തമ്മിലുള്ള കൂടി കാഴ്ചയും , മൂന്നാമത്തെ വരിയിൽ സാക്ഷാൽ ഹൈദർ അലിയുടെ രാജസദസ്സും അവിടെ  ഹൈദറോടൊപ്പം നല്ലപ്പയുടെ പിതാവ് കച്ചേരി കൃഷ്ണപ്പയും, നല്ലപ്പയുടെ മാതാവിന്റെ സഹോദരങ്ങളായ വെങ്കിടപ്പയും, രാവണപ്പയും പ്രത്യക്ഷപ്പെടുന്നു. കൂടാതെ ആ ചിത്രത്തിൽ ഹൈദറലിയെ മുഖം കാണിക്കാനായി കാത്ത് നിൽക്കുന്നു അഞ്ചോളം ആളുകളെയും ഹൈദറുടെ സേവകനെയും കാണാം.

           ക്ഷേത്രത്തിന്റെ മുഖ്യ കവാട മണ്ഡപത്തിലെ മച്ചിൽ ഓടക്കുഴലൂതി തന്റെ ചങ്ങാതിമാരെ രസിപ്പിക്കുന്ന ഭഗവാൻ ശ്രീകൃഷ്ണന്റെ ചിത്രത്തോടൊപ്പമാണ് ടിപ്പുവിന്റെ ചിത്രം വരക്കപ്പെട്ടിരിക്കുന്നത്. കാലപ്പഴക്കം കൊണ്ട് പാതിമാഞ്ഞ ചിത്രത്തിൽ  കൊടും വനത്തിനുള്ളിൽ  ചീറി അടുക്കുന്ന ഒരു കടുവയെ തന്റെ വലതു കൈയ്യിലേന്തിയ വാൾ കൊണ്ട് സുൽത്താൻ  നേരിടുന്നതും  അതെ സമയം തന്നെ സുൽത്താൻ തന്റെ ഇടത് കയ്യിലെ കുന്തം കൊണ്ട് ഒരു കാട്ടു പന്നിയെ കുത്തി വീഴ്ത്തുന്നതും, ഇടത് കാൽ കൊണ്ടൊരു വിഷസർപ്പത്തെ ചവിട്ടി ഞെരിക്കുന്നതുമാണ് ചിത്രത്തിൽ.

റഫറൻസ്
➥മുരൾസ് ഓഫ് സീബി - ഡോ : വീണ ശേഖർ
➥മൈസൂർ പടയോട്ടം 250 വർഷങ്ങൾ - എസ് രാജേന്ദു

Comments