ജോധ അക്ബർ ചരിത്രത്തിൽ

ജോധ ഭായി കടപ്പാട് https://www.indiatoday.in


     അംബറിലെ രജപുത്ര രാജൻ ബിഹാരി മാലിന്റെ പുത്രി ഹീരാ കുൻവാരിയെന്ന ജോധയെ മുഗൾ ചക്രവർത്തി അക്ബറിന്റെ രജപുത്ര ഭാര്യയെന്ന നിലയിലും അവർ തമ്മിലുള്ള  പ്രണയ ഗാഥയിലുടെയുമാണ് ചരിത്രത്തിനേറെ സുപരിചതം. മറിയമു സമാനി അഥവാ ഈ യുഗത്തിലെ മേരി /മറിയം എന്ന് മുഗളർ ബഹുമാന പുരസ്സരം വിളിച്ചുപോന്ന ജോധ കൊട്ടാരകെട്ടുകൾക്കുള്ളിൽ മാത്രം ഒതുങ്ങി നിന്നൊരു സ്ത്രീയായിരുന്നില്ല.സ്വന്തമായി 12000 കാലാൾപ്പടയും, ഫർമാനും (രാജശാസനം) പുറപ്പെടുവിക്കാൻ അധികാരമുണ്ടായിരുന്ന ഇവർ ഭർത്താവ് അക്ബറിന്റെയും മകൻ ജഹാൻഗീറിന്റെയും കാലത്ത് രാഷ്ട്രീയത്തിലും, വ്യാപാരത്തിലും കളം നിറഞ്ഞു നിന്നിരുന്നു. ജോധയുടെ  മകൻ ജഹാൻഗീറിന്റെ ഭരണം നിയന്ത്രിച്ചിരുന്ന 4 പ്രധാനികളിൽ (നൂർജഹാൻ, അസഫ് ഖാൻമിർസ ഖിയാസ് ബെഗ് ) ഒരാൾ കൂടിയായിരുന്നു ജോധ. ഒരു നൂറ്റാണ്ടിലെറെ  കടൽ വ്യാപാരത്തിന്റെയും, കടലിന്റെയും  കുത്തക കൈവശം വച്ചിരുന്ന അക്ബർ കോഴികുഞ്ഞുങ്ങളെന്ന് വിശേഷിപ്പിച്ച  പോർട്ട്ഗീസുകാരുടെ ഇന്ത്യയിലെ അസ്ഥിവാരം തോണ്ടിയതിന്റെ  കാരണക്കാരിയും ഇതേ രജപുത്ര വനിതയായിരുന്നു. അക്ബറും തന്റെ സേനാനായകൻ  ഖുതുബുദീൻ ഖാനും ദാമനിൽ പലവട്ടം  തലകുനിച്ചിടത്തായിരുന്നു ജോധ തന്റെ പ്രതികാരം ഭലപ്രദമായി ജഹാൻഗീറിലൂടെ  നടപ്പിലാക്കിയത്.

        ജഹാൻഗീറിന്റെ 7ആം ഭരണ വർഷമായ 1613 സെപ്റ്റംബറിലായിരുന്നു  മുഗളരുടെ അന്തസ്സിനും, അഭിമാനത്തിനും പരുക്കേല്പിച്ച ആ ആ ചരിത്രപരമായ മണ്ടത്തരത്തിന്   പോർച്ചുഗൽ  മുതിർന്നത്. പോർച്ചുഗൽ തലയിൽ ഉദിച്ച ആ മണ്ടത്തരം മുഗളരുടെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ റഹിമി തീ വച്ചു നശിപ്പിച്ചു കളയുക എന്നതായിരുന്നു.1500 ടൺ ഭാരവും, 44 അടി ഉയരത്തിൽ പാമരവും, 3ലക്ഷം പൗണ്ട് മൂല്യമുള്ള  ചരക്കുമുൾകൊള്ളുന്ന വ്യാപാരത്തിനും മക്ക തീർത്ഥാടനത്തിനുമുപയോഗിച്ചിരുന്ന റഹിമിയുടെ ഉടമസ്ഥാവകാശം രാജ മാതാവ് ജോധക്കായിരുന്നു. അതിനാൽ തന്നെ ആ പ്രഹരമേറ്റത് രാജമാതാവിന്റെയും, പുത്രൻ ജഹാൻഗീറിന്റെയും അഭിമാനത്തിലായിരുന്നു. ലോക രാജാവെന്ന് പേര് സ്വീകരിച്ച കഞ്ചാവ് പ്രിയനായ ജഹാൻഗീർ ഇതിനെതിരെ  പ്രതികരിച്ചത്  പോർച്ചുഗൽ അധീന പ്രദേശമായ ദാമൻ പിടിച്ചടക്കിയും, സൂറത്ത് ഉൾപ്പടെയുള്ള മുഗൾ സാമ്രാജ്യത്തിലെ സകല പോർച്ചുഗീസുകാരെയും അവരുടെ  കച്ചവടങ്ങളയും നിരോധിച്ചു കൊണ്ടായിരുന്നു. കൂടാതെ മുഗൾ സാമ്രാജ്യത്തിലെ അവരുടെ സകല പള്ളികളും മുദ്ര വക്കുകയും, ഇനി മേലിൽ അവരുടെ മതം അവിടെ ആചരിക്കരുതെന്ന് ഉത്തരവിടുകയും ചെയ്തു. 

       അക്ഷരാർത്ഥത്തിൽ കുഴപ്പത്തിൽ ചാടിയ പോർച്ചുഗീസുകാർ ജഹാൻഗീറിന്റെ കാൽക്കൽ വന്നു വീഴുകയും മുഗൾ ഇന്ത്യയിലെ മുഴുവൻ ഇംഗ്ലീഷ്കാരെയും പുറത്താക്കണമെന്ന ഉപാദിയിൽ  3ലക്ഷം രൂപ നഷ്ടപരിഹാരം  നൽകാമെന്ന് ലോക രാജാവിനോട് അപേക്ഷിച്ചെങ്കിലും അദ്ദേഹത്തിന്റെ പക്കൽ നിന്ന് മൗനം മാത്രമായിരുന്നു മറുപടി. ജഹാംഗീറിന്‍റെ പോർച്ചുഗീസ്കാരോടുള്ള ഈ ഇഷ്ടക്കേട് അനുഗ്രഹമായി തീര്‍ന്നത് ഇംഗ്ലീഷ്കാർക്കായിരുന്നു. 1614 സൂറത്തിൽ ഒരു ഫാക്ടറി സ്ഥാപിക്കുവാൻ ഇംഗ്ലീഷ് പ്രധിനിധി തോമസ്‌ റോക്ക് അജ്മീറിൽ വച്ച്  ജഹാൻഗീർ അനുവാദം നൽകുകയും ചെയ്തു.

                പോർച്ചുഗീസ്കാരെ പോലെ തന്നെ ജോധാക്കൊ, ജഹാൻഗീറിനോ ഇംഗ്ലീഷ്കാരോടും  വലിയ മതിപ്പൊന്നുമുണ്ടായിരുന്നില്ല ഇംഗ്ലീഷ് ഈസ്ററ് ഇന്ത്യ കമ്പനിയുടെ ആദ്യ പ്രധിനിധിയും ജഹാൻഗീറിന്റെ സുഹൃത്തുമായിരുന്ന ഇംഗ്ലീഷ് ഖാൻ എന്ന വില്ല്യം ഹോക്കിൻസ് ഇന്ത്യയിൽ നിന്ന് തെറിച്ചത് തന്നെ 1611ൽ രാജസ്ഥാനിലെ ബയാനയിലെ ഇൻഡിഗോ മാർക്കറ്റിൽ ജോധയും ഇംഗ്ലീഷ് പ്രധിനിധികളും തമ്മിലുള്ള വ്യാപാര  കിടമത്സരങ്ങളുടെ ഭലമായിരുന്നു.


റഫറന്‍സ്

ചരിത്രവ്യക്തികൾ വിചിത്രസംഭവങ്ങൾ : മനു എസ് പിള്ള

അക്‌ബർ കെ.പി : ബാലചന്ദ്രൻ


Comments