ഫരീദ് ഡല്‍ഹി സിംഹാസനത്തിലേക്ക്

Sher Shah Suri by Breshna.jpg
ഷേര്‍ഷ സൂരി 
അബ്ദുള്‍ ഗഫൂര്‍ ബ്രഷ്നയുടെ ഭാവനയില്‍
         
  ഫരീദിന് ഡല്‍ഹിയുടെ സിംഹാസനം പൂര്‍വ്വികമായി  ആരും സമ്മാനിച്ചതല്ലായിരുന്നു, അത് സ്വപ്രയത്നം കൊണ്ട് നേടി എടുത്തതായിരുന്നു. ഫരീദിന്‍റെ മുത്തച്ഛന്‍ ഇബ്രാഹിം സൂരിക്കോ, അച്ഛന്‍ ഹസ്സന്‍ ഖാന്‍ സൂരിക്കോ  വിശലമായ ഒരു സാമ്രാജ്യം സ്ഥാപിക്കാനുള്ള കെല്‍പ്പോ, പ്രാപ്തിയോ ഉള്ളവരായിരുന്നില്ല താനും. അഫ്ഗാനിലെ പത്താന്‍ വംശത്തിലെ സൂര്‍ ഗോത്രത്തില്‍പെട്ട ഇബ്രാഹിമും, ഹസ്സന്‍ ഖാനും കൊടിയ ദാരിദ്ര്യത്തില്‍ നിന്നുമുള്ള രക്ഷയെന്ന നിലയിലാണ്  പെഷവാറില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്നത്‌. അതിനുള്ള ക്ഷണം ഇവര്‍ക്ക് ലഭിച്ചത് ലോദി വംശ സ്ഥാപകനായ ബാഹ്ലൂല്‍ ലോദിയില്‍ നിന്നും. ജൌണ്‍പൂര്‍ രാജാവും  അവസാന ശര്‍ക്കി സുല്‍ത്താനുമായ ഹുസ്സൈന്‍ ഷായുമായുള്ള ഗോരയുദ്ധത്തില്‍   ബാഹ്ലൂളിന് അടിപതറിയ അവസരത്തില്‍ ബാഹ്ലൂല്‍ അഫ്ഗാനികളുടെ സഹായം തേടി, ഈ അഫ്ഗാനി കൂട്ടത്തോടൊപ്പം ഇബ്രാഹിമും മകനും ഇന്ത്യയിലേക്ക് കടന്ന് ഡല്‍ഹിയിലെ ഹിസ്സാര്‍ ഫിറൂസിലെ ഗവര്‍ണര്‍ ജമാല്‍ ഖാന്‍ സാരംഗിയുടെ കീഴിലുള്ള നൌറാന്‍ പ്രവിശ്യയുടെയും 40 ഗ്രമാങ്ങളുടെയുടെയും മേല്‍നോട്ടക്കാരായി മാറി. 1486ല്‍ നൌറാനില്‍ വച്ചാണ്  "ഹസ്സന്‍ ഖാന് ഫരീദ് ഉദ്ധീന്‍ അബുല്‍ മുസാഫിര്‍" എന്ന ഫരീദ് ജനിക്കുന്നത്. പക്ഷെ ഫരീദിന്റെ ചെറുപ്പം അത്ര സുഖകരമായിരുന്നില്ല രണ്ടാനമ്മയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് 22ആം വയസ്സില്‍ ഫരീദിന് ജൌണ്‍പൂരിലേക്ക് നാട് വിടേണ്ടിവന്നു. അവിടെ വച്ച് ഫരീദ് എങ്ങനയോ സൈന്യത്തില്‍ കടന്ന് കൂടി. ക്ലേശകരമായ സൈനിക ജീവിതത്തിനിടയില്‍ അവന് പേര്‍ഷ്യന്‍, ഹിന്ദി, ഉര്‍ദു സാഹിത്യങ്ങളെയും, ഗണിത ശാസ്ത്രത്തെയും പരിജയപ്പെടാനായി. ഇതിനിടയില്‍ ഫരീദിന്റെ പിതാവിന്‍റെ സംരക്ഷകനായ ജമാല്‍ ഖാന്‍ മുഖേന  കുടുംബവുമായി ഫരീദ് വീണ്ടും അടുത്തു, പിതാവ് ഫരീദിന് സസ്റം, ഖാവസ്പൂര്‍ എന്നി പ്രദേശങ്ങള്‍ ഭരിക്കുവാനും ഏല്‍പിച്ചു കൊടുത്തു. ഇത് ചിറ്റമ്മയില്‍ അസൂയ വളര്‍ത്തി അങ്ങനെ ഫരീദിന് വീണ്ടും വീട്ടില്‍ നിന്നും പടിയിറങ്ങേണ്ടി വന്നു. അങ്ങനെ ഫരീദ് 1522ല്‍ ബീഹാറിലെ സ്വതന്ത്ര ഭരണാധികാരിയായ "ബഹര്‍ ഖാന്‍ ലോഹാനിയുടെ" സൈന്യത്തില്‍ പ്രവേശിച്ചു. ഇവിടെ വച്ചാണ് ഫരീദിന്റെ ജീവിതത്തിലെ നിര്‍ണായകമായ ഒരു സംഭവം അരങ്ങേറുന്നത് വനത്തില്‍ വച്ച് നിരായുധനായ ഫരീദ് ഒരു പൂര്‍ണ്ണ  വളര്‍ച്ചയെത്തിയ പുലിയെ കൊന്നു. ഈ ധീരതയെ ആദരിച്ചു ബഹര്‍ ഖാന്‍ ഫരീദിന് "ഷേര്‍ഖാന്‍ "എന്ന പദവി നല്‍കി, അത് മാത്രമല്ല തന്‍റെ വക്കീലായും, പുത്രന്‍ ജലാല്‍ ഖാന്‍റെ അദ്ധ്യാപകനായും നിയമിച്ചു.  പക്ഷെ നല്ല കാലം അധികം നീണ്ട് നിന്നില്ല ചില അസൂയാലുക്കള്‍ ബഹര്‍ ഖാനെയും ഷെറിനെയും തമ്മില്‍ തെറ്റിച്ചതിനെ തുടര്‍ന്ന് ബീഹാര്‍ വിടേണ്ടി വന്നു.

                  ഈ കാലത്താണ് ബാബറിന്റെ ഇന്ത്യയിലോട്ടുള്ള വരവും, ലോദി വധവും അരങ്ങേറുന്നത്. അങ്ങനെ 1527 ഏപ്രില്‍ മുതല്‍ 1528 ജൂണ്‍ വരെ ഷേര്‍ ബാബാറെ സേവിച്ചു. ഷേറിന്റെ  സൈനിക പാടവത്തില്‍ സന്തുഷ്ടനായ മുഗള്‍ ചക്രവര്‍ത്തി ഫരീദിന് സസ്റം വീണ്ടെടുത്ത് നല്‍കി. 1528ല്‍ മുഗള്‍ സേവനം മതിയാക്കിയ ഷേര്‍ ബീഹാറില്‍ എത്തി ബഹര്‍ ഖാന്‍ ലോഹാനിയുടെ മരണത്തെ തുടര്‍ന്നായിരുന്നു ഇത് ലോഹാനിയുടെ പുത്രനും, ശിഷ്യനുമായ ജലാലിനെ സ്വാധിനിച്ച് ഭരണത്തില്‍ ഒരു പ്രമുഖ സ്ഥാനം നേടിയ ഷേര്‍ ബാലനായ ജലാലിനെ മുന്‍നിര്‍ത്തി ബീഹാറിന്‍റെ സൈനികവും രാഷ്ട്രിയവുമായ ഭരണം തന്‍റെ കീഴിലാക്കി, ഒരു പത്താന്‍ വംശജന്‍ ബിഹാറിന്‍റെ അധികാര സിരാകെന്ത്രങ്ങളില്‍ എത്തിപെട്ടത് ബീഹാറിലെ പരമ്പരാഗത ലോഹാനി  അഫ്ഗാനി പ്രമാണിമാരെ അസ്വസ്ഥരാക്കി അവര്‍ ബംഗാള്‍ മുഗള്‍ "നവാബ് മഹമൂദ് ഷായോടു" ചേര്‍ന്ന് ഷെറിനെതിരെ പടയൊരുക്കം ആരംഭിച്ചു 1534ല്‍ കിയൂല്‍ നദിക്കരയിലെ സുരാജ്ഗടില്‍ വച്ച് ഷെര്‍ ലോഹാനികളുടെയും, മഹമൂദിന്റെയും സംയുക്ത സൈന്യത്തോട് ഏറ്റുമുട്ടി വിജയം വരിച്ചു. ഈ വിജയത്തോടെ ഷേറിന് ബീഹാര്‍ സ്വന്തമായി.  ഷേറിന്റെ മോഹങ്ങള്‍ ബീഹാറില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല ഷേറിന്റെ അടുത്ത ലക്ഷ്യം മുഗള്‍ ചക്രവര്‍ത്തി ഹുമയൂണ്‍ ആയിരുന്നു. ഇതിനുള്ള അവസരവും ഷെറിന് വന്നു ചേര്‍ന്നു ഹുമയൂണ്‍ ഗുജറാത്ത് സുല്‍ത്താന്‍ ബഹദൂര്‍ ശാക്കെതിരെ പടനീക്കം നടത്തിയ അവസരത്തില്‍ ആഗ്ര ലക്ഷ്യം വച്ച് ഷേര്‍ മുഗള്‍ തലസ്ഥനമായ ഗൌറില്‍ എത്തിച്ചേര്‍ന്നു. മഹമൂദ് ഷാ ഇത്തവണ എതിര്പ്പിനോന്നും മുതിര്‍ന്നില്ല 13ലക്ഷം ദിനാറും കിയൂല്‍ മുതല്‍ സാക്രിഗലി വരെയുള്ള വലിയൊരു പ്രദേശം വിട്ടു കൊടുത്ത് സന്ധി ചെയ്തു. ഈ വിജയത്തോടെ ഷെറുമായി പിണങ്ങി നിന്ന അഫ്ഗാനികളും ഷെറിനോട്‌ പിണക്കം മറന്ന് ഒത്തുചേര്‍ന്നു 1537 ഒക്ടോബറില്‍ മുഗളരുടെ ബംഗാള്‍ വിഴുങ്ങുക എന്ന ലക്ഷ്യത്തോടെ ബംഗാള്‍ ആക്രമിച്ചു, ഹുമയൂണ്‍ ഷേറിന്റെ മകന്‍റെ അധീനതയില്‍ ഉള്ള ചൂനാര്‍ കോട്ട  പിടിച്ചെങ്കിലും ഇതിനിടയില്‍ ഹുമയൂണിന്റെ സഹോദരന്മാരായ ഹിന്‍ഡാലും, കമ്രാനും ഹുമയൂണിനെതിരെ തിരിഞ്ഞതോടെ ഹുമയൂണ്‍ കൂടുതല്‍ പ്രതിരോധത്തിലായി. 1538ഓടെ ഗൌറും, റോഹാത്ത് കോട്ടയും പിടിച്ചടക്കി ഷേര്‍ മുന്നേറി. അങ്ങനെ 1539ല്‍ ബക്സാറിലെ ചൌസയില്‍ വച്ച് ഷേറും ഹുമയൂണും നേരിട്ട് കണ്ടുമുട്ടി. ഇവിടെ വച്ച് അവര്‍ ഒരു സന്ധി രൂപികരിച്ചു. സന്ധി ഇപ്രകാരമായിരുന്നു ബംഗാളും, ബീഹാറും ഷെറിന്റെ അധീനതയില്‍ ആവും  എന്നാല്‍ ഈ പ്രദേശങ്ങള്‍ മുഗളരുടെ അധീനതയില്‍ തന്നെ ആയിരിക്കുകയും ചെയ്യും. നാണക്കേട്‌ ഒഴിവാക്കാനായി ഇവര്‍ തമ്മില്‍ യുദ്ധം ചെയ്യും അഫ്ഗാനികള്‍ പിന്‍വാങ്ങുകയും ചെയ്യും ഇതായിരുന്നു വ്യവസ്ഥ. പക്ഷെ 1539 ജൂണില്‍ ഷേര്‍ കരാര്‍ ലംഘിച്ചുകൊണ്ടു മുഗള്‍ താവളത്തില്‍ മിന്നലാക്രമണം നടത്തി. 7000ത്തോളം മുഗളര്‍ ആ അപ്രതീഷിത ആക്രമണത്തില്‍ കൊല്ലപ്പെട്ടു ഹുമയൂണ്‍ ഗംഗയില്‍ ചാടി ജീവന്‍ രക്ഷിച്ചു. ഷേറിന്റെ സൈന്യം ആഗ്ര ലക്ഷ്യമാക്കി കുതിക്കുന്നതറിഞ്ഞ മുഗള്‍ സഹോദരന്മാര്‍ പിണക്കം മറന്നോരുമിച്ചു ആഗ്രയില്‍ നിന്നും 240 കിലോമീറ്റര്‍  കിഴക്കുള്ള കനൌജില്‍ വച്ച് 1540  മേയ് 17ന് ഷെറുമായി ഏറ്റുമുട്ടി  ഈ യുദ്ധത്തെ ഗംഗ യുദ്ധം അഥവ ബില്‍ഗ്രാം യുദ്ധം എന്ന് ചരിത്രം രേഖപെടുത്തി. യുദ്ധത്തില്‍ മുഗള്‍ സഹോദരന്മാര്‍ തോല്‍പ്പിക്കപെട്ടു, അവര്‍ കഷ്ടിച്ച് ജീവനും കൊണ്ട് രക്ഷപെട്ടു.

              മുഗള്‍ സഹോദരന്മാരുടെ പിന്മാറ്റത്തോടെ 54ആം വയസ്സില്‍ ഷേര്‍ ഡല്‍ഹി ആസ്ഥാനമാക്കി സൂര്‍ വംശത്തിന് തുടക്കമിട്ട് ഷേര്‍ഷ എന്ന പേരില്‍ ചക്രവര്‍ത്തി പദത്തിലേറി. ചക്രവര്‍ത്തിയായ ശേഷം ഷേര്‍ ഗഖാര്‍ രാജ്യവും, മാള്‍വയും, റായിസിനിയും, അജ്മീര്‍, ജോദ്പൂര്‍, മേവാര്‍, പഞ്ചാബ്, സിന്ദ്, മുള്‍ത്താന്‍, രാജസ്ഥാന്‍ എന്നിവയും തന്‍റെ രാജ്യത്തോട് കൂട്ടി ചേര്‍ത്തു. ഒടുവില്‍ ചന്ധേല്‍ രജപുത്രരുടെ കീഴിലുണ്ടായിരുന്ന കലിന്ജര്‍ കോട്ട കീഴടക്കാനുള്ള ശ്രമത്തില്‍ 1545 മേയ് 22ന് അബദ്ധത്തില്‍ തോക്ക് പൊട്ടി ഷേര്‍ഷ മരണമടഞ്ഞു. ശത്രുവിന്‍റെ പതനം അറിഞ്ഞ ശേഷമായിരുന്നു ആ കണ്ണുകള്‍ എന്നന്നേക്കുമായി അടഞ്ഞത്.

                 59ആം വയസ്സില്‍ ഷേര്‍ഷ മരണമടയുമ്പോള്‍ സിന്ധു നദീതീരം മുതല്‍ ബംഗാള്‍ വരയുള്ള വലിയ ഒരു പ്രദേശത്തിന്റെ ഉടമയായി മാറിയിരുന്നു സൂര്‍ രാജവംശവും ഷെര്‍ഷയും. വിവേകപരവും ജനക്ഷേമപരവുമായ ഒരു ഭരണ സമ്പ്രധായമായിരുന്നു ഷേര്‍ഷാ ആവിഷ്കരിച്ചത് . അക്ബർ മുഗൾ സാമ്രാജ്യം ഏകീകരിച്ച് ഭരണം തുടങ്ങിയപ്പോൾ ഷേർഷയുടെ ഭരണരീതിയാണ്‌ കടമെടുത്തത്. ഭരണ സൌകര്യത്തിനായി ഷേര്‍ഷ സാമ്രാജ്യത്തെ 47 സര്‍ക്കാരുകളായി തിരിച്ചു, അവയെ വീണ്ടും ഓരോ ഗ്രാമങ്ങളായി വിഭജിച്ച്‌ അമീര്‍, ശിക്ധാര്‍, ഭണ്ടാരപാലകാന്‍ എന്നിങ്ങനെ 3  ഉധ്യോഗസ്തരെ നിയമിച്ചു. അത് കൂടാതെ കണക്കുകള്‍ സൂഷിക്കാന്‍ ഓരോ ഹിന്ദു, പേര്‍ഷ്യന്‍ കണക്കെഴുത്ത്കാരെയും നിയമിച്ചു. ഉദ്ധ്യോഗസ്ഥര്‍ തങ്ങളുടെ മേഖലയില്‍ അമിതസ്വാധീനം ചെലുത്താതിരിക്കാന്‍ 3 വര്‍ഷത്തില്‍ ഒരിക്കല്‍ സ്ഥലം മാറ്റുകയും ചെയ്തു. കാര്‍ഷിക നികുതി വിളവില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന്‍റെ 4ലില്‍ ഒന്നായിരുന്നു നികുതി. പണമായോ, വിളയായോ നികുതി ഒടുക്കാമായിരുന്നു സര്‍ക്കാരിനു പണത്തോടായിരുന്നു താല്പര്യമെങ്കിലും കര്‍ഷകന് പണമായോ, വിളയായോ നികുതി അടക്കമായിരുന്നു. ഇടനിലക്കാരെ ഒഴിവാക്കി സര്‍ക്കാര്‍ നേരിട്ടായിരുന്നു നികുതി ഈടാക്കിയിരുന്നത്. പ്രകര്‍തി ശോഭം മൂലമോ, പട്ടാള താവളമടിക്കുന്നത് മൂലമോ കൃഷിക്കാര്‍ക്ക് നഷ്ടം നേരിട്ടാല്‍ സര്‍ക്കാര്‍ നേരിട്ട് ധന സഹായം നല്‍കിയിരുന്നു. 

               പഴയാകാല വിലകുറഞ്ഞ സങ്കരലോഹ നാണയങ്ങള്‍ നിര്‍ത്തലാക്കി പകരം സ്വര്‍ണം, വെള്ളി, ചെമ്പ് നാണയങ്ങള്‍ പുറത്തിറക്കി. ഷേര്‍ഷ പുറത്തിറക്കിയ 178 ധാന്യമണി തൂക്കമുള്ള വെള്ളി നാണയം (റുപിയ) നൂറ്റാണ്ടുകളോളം നിലനിന്നിരുന്നു. ഇന്നത്തെ രൂപയുടെ മുന്‍ഗാമിയാണ് റുപിയ. അദ്ദേഹം പുറത്തിറക്കിയ സ്വര്‍ണനാണയം മോഹര്‍ എന്നും, ചെമ്പ് നാണയം ധാം എന്നപേരിലും അറിയപ്പെട്ടു. 

          സൈനികരെ ചക്രവര്‍ത്തി നേരിട്ട് തിരഞ്ഞിടുത്തിരുന്നു. ഗ്രാമതലവന്മാര്‍ക്ക് കരംകൊടുത്ത് അവരുടെ സഹായത്തോടെയാണ് സൈനികരെ തിരഞ്ഞെടുത്തിരുന്നത്. സൈനികരുടെ വേതനവും ചക്രവര്‍ത്തി തന്നെയാണ് നിശ്ചയിയിചിരുന്നത് അവരുടെ വിവരങ്ങളും സൂഷിച്ചിരുന്നു. വിവിധ തലത്തിലായി ശക്തമായ 2ലക്ഷം പേരടങ്ങിയ സേനയെ ഷേര്‍ഷ നിലനിര്‍ത്തിയിരുന്നു. സൈനിക ആവിശ്യത്തിനുള്ള കുതിരകളില്‍ രാജകിയ മുദ്രയും ചാര്‍ത്തിയിരുന്നു. 

            ക്രമസമാധാനം ഉറപ്പുവരുത്തുനായി ഷേര്‍ഷ പോലീസ് സമ്പ്രദായം പുനസ്ഥാപിച്ചു. കുറ്റകൃത്യങ്ങള്‍ തടയാനും, കണ്ടു പിടിക്കാനും, സമാധാനം പരിപാലിക്കുന്നതിനും ഗ്രാമത്തലവന്മാരെ ചുമതലപ്പെടുത്തി. നീതി നിര്‍വഹണത്തില്‍ വലിപ്പചെറുപ്പം പരിഗണിച്ചിരുന്നില്ല കുറ്റക്കാര്‍ ആരായാലും ശിക്ഷിച്ചിരുന്നു. രാജ്യത്തിന്റെ തന്ത്ര പ്രാധാന സ്ഥലങ്ങളില്‍ കാവല്‍ ഭടന്മാരെ ഏര്‍പ്പെടുത്തി. ഫൌജ് എന്ന് വിളിക്കപ്പെട്ടിരുന്ന ഇവരുടെ നേതാവ് ഫൌജദാര്‍ എന്നും അറിയപ്പെട്ടു. 

              ജനങളുടെ ഗതാഗതം സൗകര്യം പരിഗണിച്ച് മികച്ച നിരത്തുകളുടെ ശ്രംഖല തന്നെ ഇദ്ദേഹം നിര്‍മിച്ചിരുന്നു. ഇന്നും നില നില്‍ക്കുന്ന പടിഞ്ഞാറ് സിന്ധു മുതല്‍ ബംഗാളിലെ സോണാര്‍ ഗാവ് വരെയുള്ള 1500 നാഴിക ദൈര്‍ഖ്യം വരുന്ന ഗ്രാന്‍റ് ട്രങ്ക് റോഡ്‌ എന്നറിയപ്പെടുന്ന രാജപാത ഇദ്ദേഹം നവീകരിച്ചിരുന്നു. ഷേര്‍ഷ റോഡിന് നല്‍കിയ നാമം  സദക് ഇ അസം (മഹത്തായ പാത ) എന്നായിരുന്നു. ഗുജറാത്തിലെ തുറ മുഖങ്ങളുമായി ബന്ധിപ്പിക്കാന്‍  ആഗ്രയില്‍ നിന്ന് ജോദ്പൂര്‍ വഴി ഒരു പാത നിര്‍മ്മിച്ചിരുന്നു. ലാഹോര്‍ മുതല്‍ മുള്‍ട്ടാനിലേക്ക് മറ്റൊരു പാതയും നിര്‍മ്മിച്ചിരുന്നു (മുള്‍ട്ടാന്‍ ഒരു കാലത്ത് പശ്ചിമ മദ്ധ്യേഷ്യയുടെ കരവഴിയുള്ള ചരക്കു കടത്തിന്‍റെ കേന്ത്രമായിരുന്നു). ഈ പാത മുഗളര്‍ കൈബര്‍ ചുരം താണ്ടി കാബൂളിലെക്കും, ബ്രിട്ടീഷുകാര്‍ കൊല്‍ക്കത്തയില്‍ നിന്നും പെഷവാറിലെക്കും ദീര്‍ഖിപ്പിച്ചു. ലോങ്ങ്‌ വാക്ക് എന്ന് ഈ പാതയെ ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചു. 

             ഈ പാതകളെ തപാല്‍ വിതരണത്തിനായും ഉപയോഗിച്ചു. ഈ പാതകളില്‍ 1700ഓളം സാരയികള്‍ നിര്‍മ്മിച്ചിരുന്നു അവയെ തപാല്‍ ആഫീസുകള്‍ ആയും ഉപയോഗിച്ചു. കുതിരപ്പുറത്ത് സഞ്ചരിക്കുച്ച് കത്തുകള്‍ എത്തിക്കുന്ന പേര്‍ഷ്യന്‍ സംബ്രധായവും ഷേര്‍ഷ നടപ്പിലാക്കി. ഡല്‍ഹി അംബാല പാതയില്‍ ഷേര്‍ഷ നിര്‍മ്മിച്ച മൈല്‍ കുറ്റികള്‍ ഇന്നും കാണാനാവും.    
                       
സസ്രമിലെ ഷേര്‍ഷയുടെ ശവകുടീരം
നിര്‍മാണകലയിലും ഷേര്‍ഷ താല്പര്യം പുലര്‍ത്തിയിരുന്നു യമുനാ നദിയുടെ തീരത്ത് ഒരു നഗരം ഷേര്‍ഷ നിര്‍മ്മിച്ചിരുന്നു. പുരാന ക്വിലയും, അതിനകത്തെ മസ്ജിദും മാത്രമേ ഇന്ന് അവശേഷിക്കുന്നോള്ളൂ. ബീഹാറിലെ ഷഹ്ബാദ് ജില്ലയിലെ സസ്രമിലെ തടാകത്തിന്റെ കരയിലുള്ള ഇദേഹത്തിന്റെ ശവകുടീരം നിര്‍മാണകലയിലെ ഉത്തമ ഉദാഹരണമാണ്. പണ്ഡിതര്‍ക്കും കലാകാരന്മാര്‍ക്കും  ഷേര്‍ഷ പ്രോത്സാഹനം നല്‍കിയിരുന്നു മാലിക് മുഹമ്മദ് ജൈസിയുടെ പത്‌മാവത് ഷേര്‍ഷയുടെ                                                                                     കാലത്ത് രചിക്കപ്പെട്ടതാണ്.  

               1545ല്‍ ഷേര്‍ഷയുടെ മരണ ശേഷം 2മത്തെ പുത്രന്‍ ജലാല്‍ ഖാന്‍ "ഇസ്ലാം ഷാ" എന്ന പേരില്‍ അധികാരത്തിലേറി പിതാവിന്‍റെ ഭരണക്രമങ്ങള്‍ പിന്തുടര്‍ന്ന ഇസ്ലാം ഷാ 9 വര്‍ഷത്തെ ഭരണത്തിന് ശേഷം 1554 നവംബറില്‍ ചെറുപ്പത്തില്‍ തന്നെ മരണമടഞ്ഞു. ബാലനായ പുത്രന്‍ ഫിറൂസ് ഖാന്‍ ഭരണത്തില്‍ ഏറിയെങ്കിലും മാതുലാനായ മുബാരിസ് ഖാനാല്‍ കൊല്ലപ്പെട്ടു. മുഹമ്മദ് ആദില്‍ ഷാ എന്ന പേരില്‍ അധികാരത്തില്‍ ഏറിയ മുബാരിസിന്‍റെ ഭരണം കുഴപ്പങ്ങളുടെ കാലമായിരുന്നു. സുഖലോലുപനായ ആദില്‍ ഷാക്കെതിരെ പലരും കലാപത്തിനറങ്ങി തിരിച്ച് ഭരണം നിശ്ചലമായി. പിന്നീട് വന്ന സൂര്‍ ഭരണാധികാരികളും ആദില്‍ ഷായുടെ പാത പിന്തുടര്‍ന്നു. ഷേര്‍ഷയുടെ പിന്‍ഗാമികളുടെ അന്തശ്ചിത്രം മുതലെടുത്ത്‌ ശക്തനായി 1555ല്‍ ഇന്ത്യയില്‍  തിരികെയെത്തിയ ഹുമയൂണ്‍ സൂര്‍ രാജവംശത്തെ കീഴടക്കി ഇന്ത്യയില്‍ വീണ്ടും മുഗള്‍ ഭരണത്തിന് അടിത്തറ പാകി.

Comments