മുച്ചുന്തിപള്ളിയും – സാമൂതിരിയും

 
മുച്ചുന്തിപള്ളി
             കേരളത്തിലെ ആദ്യകാല മുസ്ലീം പള്ളികളില്‍ ഒന്നാണ് കോഴിക്കോട് കുറ്റിച്ചിറയിലെ മുച്ചുന്തി പള്ളി. ഒരുകാലത്ത് മതവിജ്ഞാന കേന്ദ്രം കൂടിയായിരുന്ന മുച്ചുന്തിപളളിയില്‍ പതിനേഴാം നുറ്റാണ്ട് വരെ വിദേശങ്ങളിൽ നിന്നും ദ്വീപുകളിൽ നിന്നും മതപഠനത്തിനായി വിദ്യാർത്ഥികൾ വന്നെത്തിയിരുന്നു. ക്രിസ്തു വര്‍ഷം13ആം ശതകത്തിനടുത്ത് മുച്ചിയന്‍ എന്ന അറബി വ്യാപാരി പണികഴിപ്പിച്ച പള്ളിയുടെ ആദ്യ കാല പേര്‍ മുച്ചിയന്റെ പള്ളി എന്നായിരുന്നു. പിന്നീട് മുച്ചിയന്റെ പള്ളി എന്ന പേര്‍ മുച്ചിന്റെ പള്ളിയെന്നും മുച്ചുന്തിപള്ളിയെന്നും രൂപാന്തരപെടുകയുണ്ടായി. ഇന്നും മുച്ചിയന്‍ എന്ന അറബി പ്രമാണിയുടെ പേര്‍ പള്ളിയിലുടെയുംസമീപത്തുള്ള മുച്ചിന്‍റകം തറവാട്ടിലുടെയുംഅതിനടുത്തുള്ള ജാറത്തിലൂടെയും നിലനില്‍ക്കുന്നു. കേരളീയ വാസ്തുശില്പ ശൈലിയാണ് പള്ളി നിര്‍മാണത്തിന് സ്വീകരിച്ചിരിക്കുന്നത്. കേരളീയസമ്പ്രദായത്തില്‍ തന്നെ പത്മദളാകൃതിയിലും മറ്റും ആവര്‍ത്തിച്ചു കൊത്തിയ തട്ടും തുലാങ്ങളും വാതിൽപാളികളുംഭിത്തിയില്‍ പടുത്തുകെട്ടിയ 13 ശതകത്തിലെ ദ്വിഭാഷാ ശിലാലിഖിതവുംനമുക്കിവടെ കാണാന്‍ സാധിക്കും. അത് കൂടാതെ ഹിജറ 1098ല്‍ (1677ല്‍) പള്ളി പുതുക്കി പണിതതായി തട്ടിന്റെ ഒരു ഭാഗത്തായി കൊത്തി വച്ചിരിക്കുന്നത് കാണാം.


                മുച്ചുന്തിപള്ളിയിലെ അറബിയിലുംവട്ടെഴുത്തിലും കൊത്തിയിട്ടുള്ള ദ്വിഭാഷാ ശിലാലിഖിതം സാമൂതിരി രാജാക്കന്മാരുടെയുംമുസ്ലിങ്ങളുടെയും ആദ്യകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ്. മധ്യകാല കേരളത്തിലെ ഒരു ഹിന്ദു രാജാവ് മുസ്ലിങ്ങള്‍ക്കു മതപരവുംസാമൂഹികവുമായി ആനൂകൂല്യങ്ങള്‍ നല്‍കി ആദരിച്ചതിന്റെ ഏക ഔദ്യോഗിക രേഖയാണ് മുച്ചുന്തിപള്ളിയിലെ ശിലാലിഖിതം. വട്ടെഴുത്ത് ലിഖിതത്തില്‍ പ്രതിപാദിക്കുന്ന വിഷയം "പൂന്തുറക്കോന്‍ ( സാമൂതിരി) കേട്ടുവിളിയന്‍ എന്ന ഉദ്യോഗസ്ഥന്‍ വഴി പള്ളിക്ക് ദിവസം നാഴിയരി ചെലവിനുള്ള വകയായി ചില സ്വത്തുക്കള്‍ ദാനം ചെയ്യുന്നതാണ്‌. കുന്ദമംഗലംപുളിക്കീഴ് എന്നി സ്ഥലപ്പേരുകളും ലിഖിതത്തില്‍ കാണാം".ഒരു പക്ഷെ അവിടത്തെ ഏതെങ്കിലും വസ്തുവകകള്‍ പള്ളിക്കായി ദാനം കൊടുത്തതായിരിക്കാം. ലിഖിതത്തില്‍ "പൂന്തുറക്കോന്‍" എന്ന ബിരുദം മാത്രമേ കുറിച്ചിട്ടൊള്ളൂ അതിനാല്‍ സാമൂതിരി ആരായിരുന്നു എന്നോ വര്‍ഷം ഏതെന്നോ കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. അറബിയിലെ ലിഖിതത്തില്‍ "ബിസ്മില്ലാഹി റഹിമാനി റഹിം ( പരമ കാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍) ലാ ഇലാഹ ഇല്ലളളാഹു അലിലുഗിന്‍ ഉമറൂല്‍ മര്‍ഹൂം മസ് ഊദു ഹകിം മാലിക് ദിനാര്‍ അലിയില്‍ മഹുവൂദു അബ്ദുള്‍ ഖാദിര്‍" എന്ന് വരെയെ അറബി ലിഖിതം വായിച്ചെടുക്കാന്‍ സാദിച്ചിട്ടൊള്ളൂ.         
            

ശിലാലിഖിതത്തില്‍ നിന്നും അപഗ്രഥിച്ചെടുക്കാന്‍  സാധിച്ച വട്ടെഴുത്ത് ലിപി

മുച്ചുന്തിപള്ളിയിലെ ശിലാലിഖിതം
 "പുന്‍തുറെക്കോന്‍റെ നീട്ടു കേട്ടൂവിളിയന്‍ കണ്‍ടു ചെയാന്‍ മുച്ചിയന്‍ പള്ളി ക്കു അവന്‍ കല്‍പ്പിച്ചു കൊടുത്താന്‍ നാഴി ചെലവുമച്ചു കൊടുത് തൊമ അതിന്‍കു ഒന്‍റിനു അ വന്‍ പള്ളിക്കു കല്‍പ്പിച്ച വിടുകിന്‍റ കുന്‍റ മങ്ങലമ പുളി ക്കിഴ് പള്ളിക്കു അടുത് തുള്ളടത്താവതു മെലുമു പള്ളി ക്കാ". 


പള്ളിയിലെ  ഹൌള് - ശരീരം
ശുദ്ധിയാക്കുന്നിടം
മുച്ചുന്തിപള്ളി

Comments