ഹുദാ ബക്ഷ് ഓറിയന്റല്‍ ലൈബ്രറി

ഹുദാ ബക്ഷ് ഓറിയന്റല്‍ ലൈബ്രറി
             ഇന്ത്യ ലൈബ്രറിയുടെ കീഴിലുള്ള ലൈബ്രറി ശേഖരണങ്ങളിലൊന്നാണ് ഹുദാ ബക്ഷ് ഓറിയന്റല്‍ ലൈബ്രറി. ബീഹാറിലെ പാറ്റ്നയില്‍ സ്ഥിതിചെയ്യുന്ന ലൈബ്രറി 2.5 ലക്ഷത്തോളം പുസ്തകങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ലൈബ്രറിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഉര്‍ദു, പേര്‍ഷ്യന്‍, അറബി ഭാഷകളിലുള്ള അപൂര്‍വങ്ങളായ 21000ത്തോളം കയ്യെഴുത്ത് പ്രതികളും, രജപുത്ര, ഇറാനി, തുര്‍ക്കി ശൈലിയിലുള്ള 2000ത്തോളം പെയിന്റിങ്ങുകളും (ഒര്‍ജിനല്‍ പകര്‍പ്പ്), സ്വര്‍ണ്ണം പൂശിയ മിനിയേച്ചറുകളും, കാലിഗ്രാഫികളും ലഭ്യമാണ്. തുര്‍ക്കിയിലെ ഇസ്താംബൂള്‍ ലൈബ്രറി കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവുമധികം കയ്യെഴുത്ത് പ്രതികള്‍ സമാഹരിച്ചിരിക്കുന്നതിവെടെയാണ്.
            
ഹുദാ ബക്ഷ് 
       1842നും 1909നുമിടയില്‍ ജീവിച്ചിരുന്ന ബീഹാറുകാരനായ അഭിഭാഷകന്‍ ഹുദാ ബക്ഷാണ് 1888ല്‍ ഏകദേശം 80000ത്തോളം രൂപ മുടക്കി ലൈബ്രറിക്ക് തുടക്കം കുറിച്ചത്. 1891ല്‍ തന്‍റെ 4000ത്തോളം കയ്യെഴുത്ത് പ്രതികളുമായി ബക്ഷ്  പാറ്റ്ന  ഓറിയന്റല്‍ പബ്ലിക്ക് ലൈബ്രറി” എന്ന പേരില്‍ തന്‍റെ ലൈബ്രറി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഇതില്‍ 1400ഓളം കയ്യെഴുത്തു പ്രതികള്‍  പിതാവിന്‍റെ പക്കല്‍ നിന്ന് (മൌലവി മുഹമ്മദ്‌ ബക്ഷ്) പൂര്‍വ്വിക സ്വത്തായി ലഭിച്ചതായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി തങ്ങളുടെ സാമ്രാജ്യ വല്‍ക്കരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ ഓരോ നാട്ടു രാജ്യങ്ങളും പിടിച്ചടക്കി അവരുടെ സാമ്രാജ്യം വിപുലീകരിപ്പിച്ചപ്പോള്‍ കമ്പനി സൈനികരെ സ്വാധീനിച്ച് കീഴടക്കപെട്ട രാജ്യങ്ങളിലെ അമൂല്യ പുസ്തകശേഖരണങ്ങള്‍ ബക്ഷ് തന്‍റെ ലൈബ്രറിയില്‍ മുതല്‍കൂട്ടിയിരുന്നു. ഇത്തരത്തില്‍ 1857ലെ ശിപ്പായി ലഹളയില്‍ രാംപൂരിലെ നവാബിന്‍റെ റാസ ലൈബ്രറിയില്‍ നിന്നും കൊള്ളയടിക്കപെട്ട  പുസ്തകങ്ങള്‍ പിന്‍കാലത്ത് ബക്ഷ് സ്വന്താമാക്കിയാതായും, ഇവര്‍ തമ്മില്‍ പുസ്തക ശേഖരണത്തില്‍ കിടമത്സരത്തിലായിരുന്നെന്നും പറയപ്പെടുന്നു. ലൈബ്രറിയിലെ പുസ്തക ശേഖരം ബ്രിട്ടീഷ് ലൈബ്രറി വമ്പിച്ച തുക നല്‍കി സ്വന്തമാക്കുവാന്‍ ശ്രമിക്കുകയുണ്ടായി പക്ഷെ ബക്ഷ് ഇതിനെ നിരാകരിക്കുകയാണുണ്ടായത്. 1892 മുതല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമിച്ച ഒരു സംസ്ഥാന സമിതിയായിരുന്നു ലൈബ്രറിയുടെ ചുമതലകള്‍ വഹിച്ചു പോന്നിരുന്നത്. സ്വാതന്ത്രനന്തരം 1952  ഇന്ത്യന്‍ സര്‍ക്കാര്‍ രൂപികരിച്ച ഒരു ഹൈപവര്‍ കമ്മറ്റിയിലേക്ക് ഇത് പിന്നീട് കൈമാറ്റം ചെയ്യപ്പെട്ടു. 1969ല്‍ ഹുദ ബക്ഷ് ഒറിയന്റല്‍  ലൈബ്രറി ആക്ട് ഇന്ത്യന്‍ പാർലിമെൻറ് പാസ്സാക്കുകയും ലൈബ്രറി ദേശിയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ പട്ടികയില്‍ പെടുത്തുകയും, മുഴുവന്‍ ചുമതലകളും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പ് നിയമിക്കുന്ന 12 അംഗ സമിതിക്കാണ് ഇപ്പോള്‍ ലൈബ്രറിയുടെ ചുമതല. കല്‍കത്തയിലെ നാഷണല്‍ ലൈബ്രറിയുടെ ഡെപ്പോസിറ്റ് കേന്ദ്രം കൂടിയാണ് ഹുദ ബക്ഷ് ലൈബ്രറി. ഇന്ത്യയില്‍ പ്രസിദ്ധികരിക്കുന്ന എല്ലാ പുസ്തകങ്ങളുടെയും പകര്‍പ്പ് നാഷണല്‍ ലൈബ്രറിക്ക് കൈമാറണമെന്നുണ്ട് അങ്ങനെ ലഭിക്കുന്ന പുസ്തകങ്ങളുടെ ഒരു പങ്ക് ഹുദാ ബക്ഷ് ലൈബ്രറിയിലേക്കും കൈമാറ്റം ചെയ്തു വരുന്നു. ലൈബ്രറി ഇപ്പോഴുള്ള സ്ഥലത്ത് നിന്ന് മാറ്റരുതെന്ന ഹുദാ ബക്ഷിന്റെ അഭ്യര്‍ത്ഥന സര്‍ക്കാര്‍ ഇന്നും പാലിക്കുകയും ചെയ്യുന്നുണ്ട്. ഇവിടത്തെ കയ്യെഴുത്ത് പ്രതികളെല്ലാം ഹുദാ ബക്ഷ് ശേഖരിച്ചതല്ല ബക്ഷ് 1908ല്‍ മരിക്കുമ്പോള്‍ അപൂര്‍വമായ 5000ത്തോളം കയ്യെഴുത്ത് പ്രതികളും, 2500ഓളം ഇംഗ്ലീഷ് പുസ്തകങ്ങളുമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.


            ലൈബ്രറിയില്‍ സമാഹരിച്ചിരിക്കുന്ന പ്രധാന കയ്യെഴുത്ത് പ്രതികള്‍ ഇവയാണ്. സിഖ് സാമ്രാജ്യ സ്ഥാപകനായ മഹാ രാജ് രഞ്ജിത് സിങ്ങിന്‍റെ സൈനിക സംബന്ധമായ കുറിപ്പ് (http://kblibrary.bih.nic.in/Digitization/MILITARY_ACCOUNT.pdf), മറാത്ത സാമ്രാജ്യത്തിലെ രാജാവായിരുന്ന യശ്വന്ത്‌റാവു ഹോൾക്കറിന്റെ ജീവചരിത്രം വിവരിക്കുന്ന മോഹന്‍ സിംഗ് രചിച്ച വാക്കായി ഹോള്‍ക്കാര്‍,   തിമൂര്‍ മുതല്‍ അക്ബര്‍ വരെയുള്ള രാജാക്കന്മാരുടെ ചരിത്രം വിവരിക്കുന്ന പേര്‍ഷ്യന്‍ ഭാഷയിലുള്ള താരിഖെ ഖല്‍ദാനെ തിമൂരിയ, (ഈ ചരിത്ര ഗ്രന്ഥം 20 ചരിത്രകാരന്മാരുടെയും, 30 ചിത്രകാരന്‍മാരുടെയും ശ്രമ ഭലമാണ്, പുസ്തകത്തില്‍ മുഗള്‍ചക്രവര്‍ത്തി ഷാജഹാന്റെ സ്വന്തം കൈപ്പടയില്‍ ഉള്ള ഒരു കുറിപ്പും കാണാം), തിമൂറിന്‍റെ ഓര്‍മ്മ കുറിപ്പുകളുടെ പരിഭാഷയായ മല്‍ഫുസാത്ത് തിമൂര്‍, 1648ല്‍ അബ്ദുള്‍ ഹമീദ് ലാഹോരി രചിച്ച  ഷാജഹാന്‍റെ ജീവചരിത്രം വിവരിക്കുന്ന പാദ്ഷ നാമ, പേര്‍ഷ്യന്‍ കവിയായ  അബുൾ കാസിം ഫിർദോസി രചിച്ച ഇറാന്‍റെ ഇതിഹാസ കാവ്യമായ ഷാനാമ, തുര്‍ക്കിയിലെ ഉസ്മാനിയ ഖലീഫ മഹമൂദ് 3മന്‍റെ  ചരിത്രം വിവരിക്കുന്ന ഷഹന്‍ഷാ നാമ (ഷഹന്‍ഷാ നാമയുടെ പകര്‍പ്പ് ലഭ്യമാകുന്ന ലോകത്തിലെ ഏക ലൈബ്രറിയും ഇത് തന്നെയാണ്). ഷാജഹാന്‍, ഹുമയൂണ്‍, ജഹാംഗീര്‍, ഔറംഗസീബ്‌ എന്നി മുഗള്‍ചക്രവര്‍ത്തിമാര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പുകളും, അവരുടെതായാ ജീവ ചരിത്രവും ഇവിടെ സൂഷിച്ചിരിക്കുന്നു. ഔറംഗസീബിന്‍റെ ആദ്യ 10 വര്‍ഷത്തെ ഭരണം വിവരിക്കുന്ന മുന്‍ഷി മുഹമ്മദ് കാസിമിന്‍റെ ആലംഗീര്‍ നാമ, ജഹാംഗീറിന്‍റെ ഓര്‍മ്മ കുറിപ്പുകളായ ജഹാംഗീര്‍ നാമ, ബാബറിന്‍റെ പുത്രന്‍ കമ്രാന്‍റെ കാവ്യ സമാഹാരാമായ കമ്രാനെ ദിവാനെ,  ഷാജഹാന്‍റെ പുത്രനും മുഗള്‍ കുടുംബത്തിലെ ദുരന്ത നായകനുമായ ദാര ശിക്കോവിന്‍റെ സഫീനത്തുല്‍ ഔലിയ, കൂടാതെ അക്ബറിന്‍റെ ഉറ്റ മിത്രമായിരുന്ന ഫാദര്‍ ജെറോ സേവ്യര്‍ ക്രിസ്തുവിനെ കുറിച്ച് രചിച്ച പേര്‍ഷ്യനിലുള്ള മിര്‍ ആതുല്‍ ഖുദ്ധൂസ്, അക്ബറിന്‍റെ ജനനം മുതല്‍ അദ്ധേഹത്തിന്‍റെ ഭരണത്തിലെ ആദ്യ 24 കൊല്ലത്തെ വിമര്‍ശനപരമായി സമീപിക്കുന്ന ഹൈദര്‍ ഹുസൈനി ബില്‍ഗ്രാമിയുടെ സവാനി ഹെ അക്ബര്‍, അബുല്‍ ഫസല്‍ എഴുതിയ അക്ബറിന്‍റെ ജീവചരിത്രം അക്ബര്‍നാമ,  അക്ബറിന്‍റെ പ്രതിനിധിയായി ആദ്യ കാലങ്ങളില്‍ ഭരണം നടത്തിയ ബൈറം ഖാന്‍റെ പുത്രന്‍ അബ്ദുൽ റഹിം ഖാൻ രചിച്ച ബാബറിന്‍റെ ഓര്‍മ്മ കുറിപ്പായ ചെഗതായി ഭാഷയിലുള്ള ബാബര്‍ നാമയുടെ പേര്‍ഷ്യന്‍ പരിഭാഷ, അമീര്‍ ഖുസ്രുവിന്‍റെ കൃതികള്‍, ഗ്രീക്ക് വൈദ്യ ശാസ്ത്രഞ്ജന്‍ പെഡാനിയസ് ഡയസ്ക്കോറിഡ്സിന്‍റെ ഔഷധ ചെടികളെ വിവരിക്കുന്ന ദെ മെറ്റീരിയ മെഡിക്കയുടെ പരിഭാഷ കിതാബുല്‍ ഹാഷാഈശ് (അബ്ബാസി ഖിലാഫത്തിലെ 5മത്തെ ഖലീഫ ഹാറൂൻ-അൽ-റഷീദിന്‍റെ നിര്‍ദേശ പ്രകാരം രചിക്കപ്പെട്ടത്) അബുല്‍ ഖാസിം അല്‍സഹ്‌റാവിയുടെ ശസ്ത്രക്രിയയെ പ്രധിബാധിക്കുന്ന കിത്തബത്തുസ്‌രീഫ്, അബി റൂഹ് മുഹമ്മദിന്‍റെ മനുഷ്യ നേത്രത്തെ ബാധിക്കുന്ന രോഗങ്ങളും, അവക്കുള്ള ശുശ്രൂഷകളെയും വിവരിക്കുന്ന നൂറുല്‍ ഉയ്യൂന്‍,  ചരിത്രം, തത്വശാസ്ത്രം, വൈദ്യം, തര്‍ക്ക ശാസ്ത്രം, ഗോള ശാസ്ത്രം,ജ്യോതിശാസ്ത്രം, ജീവചരിത്രം,  എന്നി മേഖലകളില്‍ മദ്ധ്യകാലത്ത് രചിക്കപ്പെട്ട അനേകം കൃതികളും, ഇസ്ലാമിക സംബന്ധിയായ ഖുര്‍ആനും മറ്റെനേകം ഗ്രന്ഥങ്ങളും, കാലിഗ്രാഫികളും, ചിത്രങ്ങളും ലൈബ്രറിയില്‍ ശേഖരിച്ചിരിക്കുന്നു.


പാദ്ഷ നാമയിലെ ഒരു ചിത്രം
താരിഖെ ഖല്‍ദാനെ തിമൂരിയിലെഒരു ചിത്രം



മഹാ രാജ് രഞ്ജിത് സിങ്ങിന്‍റെ സൈനിക
സംബന്ധമായ കുറിപ്പിന്‍റെ ഒരു താള്‍

അബുൾ കാസിം ഫിർദോസിയുടെ ഷാനാമ
നാമയിലെ ഒരു ചിത്രം


1269ലെ ഖുര്‍ആന്‍റെ ഒരു താള്‍
9ആം നൂറ്റാണ്ടിലെ ഖൂഫിക് ലിപിയിലുള്ള ഖുര്‍ആന്‍റെ ഒരു താള്‍

Comments