മധ്യകാല വർത്തകർ

                ഇന്നിന്റെ ഇന്ത്യയുടെ വാണിജ്യ ലോകത്തെ നിയന്ത്രിക്കുന്ന  അമ്പാനിയെയും, അദാനിയെയും, ടാറ്റയെയും, ബിർളയെയും പോലുള്ള ബിസിനസ് ചക്രവർത്തിമാരെക്കുറിച്ച് ഇന്ത്യൻ ജനതക്ക് പ്രതേകിച്ചു പരിജയപെടുത്തി കൊടുക്കേണ്ട ആവിശ്യകതയില്ല. ഒരു തരത്തിൽ പറഞ്ഞാൽ ഇന്ത്യയിലെ ജനങ്ങളുടെ ഭാഗധേയങ്ങൾ നിശ്ചയിക്കുന്നതിൽ ഇവർക്ക് ഗണ്യമായ പങ്കുണ്ട് താനും. ഇത്തരത്തിൽ മധ്യകാല ഇന്ത്യയുടെ വർത്തക ചക്രം തിരിച്ച ഏതാനം പേരിലെക്ക് ഒന്ന് കടന്ന് ചെല്ലാം.

                                               വിർജി വോറ
വിർജി വോറ
കടപ്പാട്: മോണിക്ക ശര്‍മ്മ
        സൂരത്തിൽ  (ഗുജറാത്ത്‌ )  വിരാജിച്ചിരുന്ന വ്യാപാര പ്രമുഖനായിരുന്നു വിർജി വോറ             (1590 -1670). സ്വർണം, കറുപ്പ്, പവിഴം, സുഗന്ധവ്യഞ്ജനം, ഈയംഹുണ്ടിക കച്ചവടം (Banking) എന്നിവയിൽ വ്യക്തമായ കുത്തക നില നിർത്തിയിരുന്ന വിർജിയുടെ പ്രധാന ഇടപാടുകാർ  ബ്രിട്ടീഷ്, ഡച്ച്  ഈസ്റ്റ്‌ ഇന്ത്യ കമ്പനിയും, മുഗളരുമായിരുന്നു. വ്യാപാരികളുടെ രാജകുമാരനെന്ന് വിശേഷിപ്പിക്കപ്പെട്ട (സൂറത്ത് ഇൻ ദി 17ത്  സെഞ്ച്വറി - ബാൽ കൃഷ്ണ  ഗോവിന്ദ് ഗോഖലെ പേജ് നമ്പർ 137 - 146) വിർജിയെ അക്കാലത്തെ ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യാപാരിയായി  ബ്രിട്ടീഷ്കാർ വിലയിരുത്തുന്നു അവരുടെ കണക്ക് പ്രകാരം 80 ലക്ഷത്തിന്റെ സ്വത്ത്‌ വകകൾക്കുടമയായിരുന്നു വിർജി.വിർജിയുടെ വ്യാപാര ഹസ്തങ്ങൾ ആഗ്ര, ബുർഹാൻ പൂർ,  ഗോൾഗണ്ട, ബീഹാർ, കോഴിക്കോട്, അഹമ്മദബാദ്, ബറോഡബ്രോച്ച് എന്നി പ്രദേശങ്ങളോളം വിപുലമായിരുന്നു.                           
          
       മുഗൾ സാമ്രാജ്യവുമായി അഭേദ്യ ബന്ധം പുലർത്തിയിരുന്ന വിർജി സൂറത്ത് സുബെദാർ ഇഷാഖ് ബെഗ്, മിർ മൂസ മുതലായവരിൽ വലിയൊരളവിൽ സ്വാധീനം ചെലുത്തിയിരുന്നു. എന്നിരുന്നാലും1635ൽ  മിർ മൂസക്ക് പകരമായി നിയമതിനായ ഹക്കീം സദ്രയുമായുള്ള പടല പിണക്കങ്ങളെ തുടർന്ന് (സദ്ര സൂറത്തിലെ വ്യാപാരികളിൽ നിന്നും അനധികൃതമായി  പണമൂറ്റിയിരുന്നു) 1638ൽ ജയിലിലാകേണ്ടി വന്നു. ഇതിനെ തുടർന്ന് ഷാജഹാൻ ചക്രവർത്തിയുടെ ഇടപെടലുകളെ തുടർന്ന് വിർജി കുറ്റവിമുക്തനാക്കപ്പെടുകയും, സദ്ര തൽസ്ഥാനത്ത് നിന്ന് നീക്കപ്പെടുകയുമുണ്ടായി. കൂടാതെ 1657ൽ ചക്രവർത്തിക്ക് നാല് അറേബ്യൻ കുതിരകളെയും, ചക്രവർത്തി പുത്രൻ മുറാദ് ബക്ഷ്  മുഖേന 18 മേൽത്തരം ഗുജാറാത്തി കാളകളെയും  ചക്രവർത്തിക്ക്  സമ്മാനിച്ചതായി കാണാം ( ഗസറ്റിയർ ഓഫ് ദി ബോംബെ പ്രസിഡൻസി  വോള്യം 1,2 - ജെയിംസ് മെക്നാബ്‌ ക്യാമ്പൽ, പേജ് നമ്പർ 282).
                   
         വിർജിയുടെ സാമ്രാജ്യത്തിന്റെ അടിത്തറ ഇളകിയത് 1664ലിലെ  ശിവജിയുടെ സൂറത്ത് ആക്രമണത്തോടെയാണ്.  വിർജിയുടെ  പണ്ടകശാലകളും, സമ്പാദ്യങ്ങളും മാറാത്ത പടയുടെ മുന്നിൽ കീഴടങ്ങി . 6 വീപ്പയോളം സ്വർണം, മരതകം, നവരത്നംവജ്രം എന്നിവ മാറാത്ത പട സ്വന്തമാക്കിയതായി  വോൾക്വർഡ് ഐവേർസൺ എന്ന ഡച്ചു ദൃസാക്ഷിയുടെ വിവരണങ്ങൾ വെളിപ്പെടുത്തുന്നു.  ബ്രിട്ടീഷ് ഇന്ത്യ ഓഫീസ് സൂപ്രണ്ട് വില്ല്യം ഫോസ്‌റ്ററുടെ അഭിപ്രായത്തിൽ 50000 പൗണ്ടോളമാണ് വിർജിയുടെ നഷ്ടം. പിൻകാലത്ത്  വിർജിയുടെ വ്യാപരലോകം പൗത്രൻ  നാൻചന്ദ് ഏറ്റെടുക്കുകയും 1670കളോടെ  വിർജി മരണമടയുകയും ചെയ്തു.  
  
                                          ശാന്തി ദാസ് സവേരി

ശാന്തി ദാസ് സവേരി. 
കടപ്പാട്: മോണിക്ക ശര്‍മ്മ

               മുഗൾ ചക്രവർത്തി ജഹാംഗീർ നഗരമുഖ്യൻ എന്ന പദവി നൽകി ആദരിച്ച ജൈന വ്യാപാരിയാണ് ശാന്തി ദാസ് സവേരി (1589 - 1659). അഹമ്മദാബാദിനെ തട്ടകമാക്കിയ  ശാന്തി ദാസ്  രത്ന വ്യാപാരത്തിലും, ഹുണ്ടിക, സ്വർണ ഇടപാടുകളിലുമാണ് കൈവച്ചിരുന്നത്. ഡച്ച് , ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനികളും, അറബ്, പേർഷ്യൻ വ്യാപാരികളുമായിരുന്നു ശാന്തി ദാസിന്റെ പ്രധാന ഇടപാടുകാർ. ഹുണ്ടിക കച്ചവടവുമായി ബന്ധപെട്ട്  ശാന്തി ദാസ്  ഡച്ചുകാരിൽ നിന്നും വലിയൊരു ലാഭം തന്നെ നേടിയിരുന്നു ഒരു തരത്തിൽ പറഞ്ഞാൽ ഡച്ച്കാരുടെ  ഇന്ത്യയിലെ പണത്തിന്റെ സ്രോതസ്സും ശാന്തി ദാസ് തന്നെയാണെന്ന് പറയാം.

               മുഗൾ അരമനയിൽ  ശാന്തി ദാസിന്റെ  ആഭരണങ്ങൾക്ക് ഇഷ്ടകാർ ഏറെ ആയിരുന്നു. മുംതാസിന്റെ പിതാവ് അസഫ്  ഖാൻ, പുത്രൻ ദാര ഷിക്കൊഹ് എന്നിവർ ആയിരുന്നു പ്രധാനികൾ. ജഹാംഗീർ, മുറാദ് ബക്ഷ് എന്നിവരിൽ നിന്ന് ഫർമാൻ (രാജശാസനം) നേടിയ ശാന്തി ദാസിനെ ഷാജഹാൻ ചക്രവർത്തി മാമ എന്ന് വിശേഷിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. ഷാജഹാന്റെ പിന്തുടർച്ചവകാശത്തെ തുടർന്ന് പുത്രൻമാർ തമ്മിലുള്ള ആഭ്യന്തര ലഹളകാലത്ത് മുറാദ് ബക്ഷ് 550000 രൂപ തന്റെ അധികാരം ഉറപ്പിക്കാനുള്ള പാഴ്ശ്രമത്തിൽ  ശാന്തി ദാസിൽ നിന്ന് കൈപ്പറ്റിയിരുന്നു (മീററ്റി അഹമ്മദി പേജ് : 211) . ഈ മുഗൾ രാഷ്ട്രീയ ബന്ധങ്ങൾ മൂലം 1635ൽ ഇംഗ്ലീഷ് കൊള്ളക്കാരാൽ നഷ്ടപ്പെട്ട തന്റെ ചരക്കുകൾക്കുള്ള നഷ്ടപരിഹാരവും ഇംഗ്ലീഷ്കാരിൽ നിന്ന് തന്നെ ഈടാക്കാനായി ശാന്തി ദാസിന്  സാധിച്ചു. 
                  
            ജൈന മത വിശ്വാസികളുടെ ഉന്നമനത്തിനായി വളരെയധികം സംഭാവനകൾ  നൽകിയ ഇദ്ദേഹത്തിന്റ നേതൃത്വത്തിലാണ് സരസ്സ്പൂരിലെ ചിന്താമണി പാർശ്വനാഥ ക്ഷേത്രം 1636  പണി കഴിപ്പിച്ചത്. ക്ഷേത്ര നിർമാണത്തിനായി അദ്ദേഹം അക്കാലത്തെ 9 ലക്ഷത്തോളം ചിലവിടുകയും ചെയ്തു (ഗസറ്റിയർ ഓഫ് ദി ബോംബെ പ്രസിഡൻസി വോള്യം 4). കൂടാതെ 1656ൽ ജൈന മത വിശ്വാസികളുടെ പ്രധാന കേന്ദ്രമായ പാലിതന മുറാദ് ബക്ഷ് ശാന്തി ദാസിന് പതിച്ചു നൽകുകയുണ്ടായി. 1659കളിൽ തന്റെ  മരണത്തോടെ ശാന്തി ദാസ് വ്യാപരലോകത്തു നിന്നും പിന്മാറുകയും ചെയ്തു. ശാന്തി ദാസിന്റെ തലമുറയിലെ വിശാൽ ചന്ദ്, വാക് ചന്ദ് എന്നിവരുടെ പിന്തുടർച്ചവകാശികളാണ് ഇന്നത്തെ  തുണി വ്യാപാര രംഗത്തിലൂടെ പ്രശസ്‌തരായ അരവിന്ദ് മില്ലും ലാൽ ഭായികളും.
550000 രൂപ ശാന്തി ദാസില്‍ നിന്ന് മുറാദ് ബക്ഷ് 
കൈപറ്റിയതുമായി ബന്ധപെട്ട ബക്ഷ് പുറപ്പെടുവിച്ച 
ഫര്‍നാമ  (ജൂണ്‍ 22 1658)
 കടപ്പാട്: മോണിക്ക ശര്‍മ്മ
ദാര ഷിക്കോഹ് രത്നങ്ങള്‍ ആവിശ്യപെട്ട് 
ശാന്തി ദാസിന് അയച്ച ഫര്‍നാമ (സെപ്തംബര്‍- 1- 1655)
കടപ്പാട്: മോണിക്ക ശര്‍മ്മ












                                          








                                           
                                           മുല്ല അബ്ദുൾ ഗഫൂർ 

             17, 18 നൂറ്റാണ്ടുകളിൽ സൂരത്തിലെ സമുദ്ര വാണിജ്യ രംഗത്തെ മുടി ചൂടാ മന്നനായിരുന്നു ബോഹ്ര സുന്നി വിഭാഗത്തിൽപ്പെട്ട  മുല്ല അബ്‌ദുൾ ഗഫൂർ.  20ഓളം കപ്പലുകൾ കൈവശം വച്ചിരുന്ന (മുഗൾ ഇന്ത്യ 3 -നിക്കോളോ മനുക്കി,പേജ് നമ്പർ 308)  മുല്ലയുടെ  കപ്പലുകൾ വ്യാപാരാർത്ഥം ജിദ്ദ, ദാമൻ, പേർഷ്യ, മലാക്ക, മലയ  എന്നിവിടങ്ങളിൽ ചുറ്റിയടിച്ചിരുന്നു. ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ അതെ തോതിൽ മുല്ലയും കച്ചവടം ചെയ്തിരുന്നതായി അലക്സാണ്ടർ ഹാമിൽട്ടൺ പറഞ്ഞു വക്കുന്നു. ഹാമിൽട്ടന്റെ അഭിപ്രായത്തിൽ മുല്ലയുടെ 300 മുതൽ  800 ടൺ  ഭാരമുള്ള  20 കപ്പലുകൾ വർഷത്തിൽ കച്ചവടാർത്ഥം കടൽ യാത്ര നടത്തിയിരുന്നതായും ഓരോ കപ്പലിലും 10000 പൗണ്ട് മൂല്യത്തിൽ കുറയാതെ  ചരക്ക് ഉണ്ടായിരുന്നന്നെന്നും  ചില കപ്പലുകകളിൽ അവ  25000 പൗണ്ട് ആണെന്നും കൂടാതെ അത്രത്തോളം രൂപ മൂല്യമുള്ള ചരക്ക് മുല്ലയുടെ കൈവശം കരയിൽ ഉണ്ടായിരുന്നതായുംഹാമിൽട്ടൺ രേഖപ്പെടുത്തുന്നു.

           മാലിക് ഉൽ തുജ്ജാർ ( വ്യാപാരികളുടെ രാജകുമാരൻ ) എന്ന പദവി നൽകി മുഗളൻമാർ  ആദരിച്ച മുല്ലക്ക് മുഗൾ ഗവർമെന്റ് 1ലക്ഷം രൂപയുടെ നികുതി ഇളവ് സൂറത്ത് തുറമുഖത്ത് അനുവദിച്ചു കൊടുത്തിരുന്നു. സൂറത്തിൽ കൊട്ടാര സമാനമായൊരു ഭവനവും, പൂന്തോട്ടവും, അതുവയിൽ ചരക്കുകളുടെ സുഖമമായ കയറ്റിറക്കത്തിനായി ഒരു കടവും മുല്ലക്ക് സ്വന്തമായുണ്ടായിരുന്നു. 1718  തന്റെ 96ആം വയസ്സിൽ മുല്ല അന്തരിക്കുമ്പോൾ ഏകദേശം 86ലക്ഷം രൂപയുടെ ആസ്തിക്കുടമയായിരുന്നു. സതീഷ് ചന്ദ്ര രേഖപെടുത്തുന്നത് ഇങ്ങനെയാണ് മുല്ലയുടെ ആസ്തി 55 ലക്ഷം രൂപയും,17 കപ്പലുകളും,ധാരാളം ചരക്കുകളുമാണ് ( മധ്യകാല ഇന്ത്യ -  സതീഷ് ചന്ദ്ര,പേജ് നമ്പർ 306)

റഫറന്‍സ്

മധ്യകാല ഇന്ത്യ സതീഷ് ചന്ദ്ര
വിക്കിപീഡിയ
ദി മര്‍ച്ചന്‍റ്സ്-മുഗള്‍ നെകസസ് ഇന്‍ 16ത് 17ത് സെഞ്ച്വറിമോണിക്ക ശര്‍മ്മ

Comments