ഫത്ഹുല്‍ മുജാഹിദീൻ - വിശുദ്ധ പോരാളികളുടെ വിജയം




                       1782 മുതൽ 1799 വരെ മൈസൂർ രാജ്യം (സർക്കാരി ഖുദാദാദ് - ദൈവ ദത്തമായ രാജ്യം) ഭരിച്ചിരുന്ന ടിപ്പു സുൽത്താൻ തന്റെ സൈനികർക്കായി (ലക്ഷർ ഇ ഖുദദാദ്)  തയാറാക്കിയ മിലിട്ടറി മാനുവലാണ് ഫത്ഹുല്‍ മുജാഹിദീൻ അഥവാ വിശുദ്ധ പോരാളികളുടെ വിജയം. പേർഷ്യനിൽ തയാറാക്കിയ ഗ്രന്ഥം തന്റെ സൈനികർ നിർബന്ധമായും പാലിച്ചിരിക്കേണ്ട നിയമങ്ങളും, യുദ്ധ തന്ത്രങ്ങളും (തദ്ബീർ ഇ ഹർബ് ) മറ്റുമാണ്  പ്രതിപാദിക്കുന്നത് കൂടാതെ ടിപ്പുവിന്റെ സൈനികപരമായ അനുഭവ സമ്പത്തും, കാഴ്ചപ്പാടുകളും ഗ്രന്ഥത്തിൽ തെളിഞ്ഞു കാണാവുന്നതാണ്. ടിപ്പുവിന്റെ സേവനത്തിലുണ്ടായിരുന്ന സൈനുൽ ആബിദിൻ ശസ്‌തൂരിയാണ് ടിപ്പുവിന്റെ നിർദേശങ്ങൾക്ക് അനുസരിച്ചു 1783 ഗ്രന്ഥം തയാറാക്കിയത്. ശസ്‌തൂരി ടിപ്പുവിന് കീഴിൽ സിഫ്‌ദാർ (ജനറൽ), മിർ മുൻഷി (ചീഫ് സെക്രട്ടറി) എന്നി പദവികൾ വഹിച്ചിരുന്നു. ശസ്‌തൂരി കൂർഗ് യുദ്ധങ്ങളിൽലുൾപ്പെടെ പങ്കെടുത്തിട്ടുണ്ടെങ്കിലും ഫത്ഹുല്‍ മുജാഹിദിനിലൂടെയാണ് അദ്ദേഹത്തിന്റെ കീർത്തി ഇന്നും നില നിൽക്കുന്നത്.  

      ഫത്ഹുല്‍ മുജാഹിദീൻ അതിവിപുലമായൊരു മുഖവുരയിൽ തുടങ്ങി അദ്ധ്യായങ്ങളിലൂടെയും  അവയുടെ ഉപാധ്യായങ്ങളിലൂടെയും കടന്ന് പോകുന്നു. മുഖവുരയിലെ ഒരു ഭാഗത്തിലെ പ്രതിപാദ്യ വിഷയം ഹിജ്‌റ 1170ഓടെ (1757) ഉദ്യോഗസ്ഥ വൃന്ദത്തിന്റെ വിശ്വാസവഞ്ചന പരമായ നടപടികൾ മുഖേന തിമൂറിന്റെ (മുഗൾ) വംശം ചിഹ്നഭിന്നമായതായും, ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി കച്ചവടത്തിനെന്ന വ്യാജെന ഇന്ത്യയിൽ വന്ന് ബംഗാളും, സൂറത്തും, കർണാടകയും, ഡെക്കാനും അവരുടെ വരുതിയിലാക്കി, ജനങ്ങളുടെ സ്വതന്ത്ര്യ ജീവിതവും, സമ്പത്തും  ഹനിച്ചതായും, ഈ പരിധാപകരമായ അന്തരീക്ഷത്തിൽ അന്ധകാരത്തിൽ ഉദിച്ചുയർന്ന സൂര്യനെ പോലെ സുൽത്താൻ ഇവരെ നേരിടാൻ ഇറങ്ങി തിരിച്ചതായും വിവരിക്കുന്നു. കൂടാതെ ഇന്ത്യക്കാർക്ക് അത്ര സുപരിചിതമല്ലാത്ത തോക്കും, തോക്ക് പടയാളികളെയും ഉപയോഗിച്ച് ഇന്ത്യക്കാരെ നേരിടുന്ന ബ്രിട്ടീഷ്കാർക്കെതിരെ അതെ നാണയത്തിൽ തന്നെ തിരിച്ചടിക്കാൻ ഈ പ്രബന്ധം രചിക്കാൻ ടിപ്പു സുൽത്താൻ ഹിജ്‌റ 1197ൽ (1783) തന്നെ ചുമതലപ്പെടുത്തിയതായും, ഒരു പക്ഷെ ഈ ഗ്രന്ഥത്തിന്റെ സഹായത്താൽ അവരെ നേരിടാനോ, തോൽപ്പിക്കാനോ സുൽത്താന്റെ  സൈന്യത്തിന് സാധിക്കുമെന്നും ഗ്രന്ഥാകാരൻ ശസ്‌തൂരിയുടെ സാക്ഷ്യവും മുഖവുരയിൽ രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം.  

      ഒന്നാമത്തെ അദ്ധ്യായം പ്രധനമായും ആക്രമണകാരികൾക്കും, ചൂഷകർക്കും എതിരായ യുദ്ധത്തിന്റെ ആവിശ്യകതെയെയും, പ്രാധാന്യത്തെയും കുറിച്ചാണ് പ്രതിപാദിക്കുന്നത്. കൂടാതെ ശത്രുക്കൾക്കെതിരെയുള്ള പ്രതിരോദത്തെയും, ആക്രമണങ്ങളെയും, കീഴടക്കപ്പെട്ട പ്രദേശത്തിന്റെയും, ആ ജനതയെയുടെയും പരിചരിണത്തെയും, വിശ്വാസവഞ്ചന, ആത്മാർത്ഥ, രാജ്യ ദ്രോഹം, ഗൂഡലോചന, ലഹരി പദാർത്ഥങ്ങൾ, പുകയില, പരസ്ത്രീ ബന്ധം എന്നിവയുടെ വർജ്ജനം, നുണ, ചതി, സ്വാതന്ത്ര്യത്തിന്റെ അന്തസത്തവിദേശ ഭരണത്തിൻ കീഴിലെ അടിമത്തം എന്നിവയെ കുറിച്ചും സുൽത്താൻ ഒന്നാം ആദ്യയായത്തിൽ തന്റെ സൈനികരെ  ഉൽബോധിപ്പിക്കുന്നു. സുൽത്താന്റെ കാഴ്ചപ്പാടിൽ ആത്മീയ ജീവിതത്തെക്കാൾ വില രക്തസാക്ഷിത്വത്തിന് അദ്ദേഹം കല്പ്പിച്ചു നൽകിയിട്ടുണ്ടെന്ന് ഈ അദ്ധ്യായത്തിലൂടെ നമുക്ക് മനസ്സിലാക്കാം.
   
         രണ്ടാമത്തെ അദ്ധ്യായം അൽഫൽ നാമയിൽ ഖുദദാദ് സർക്കാർ അനുശാസിക്കുന്ന അളവ് തൂക്കങ്ങളെ കുറിച്ചുള്ള വിവരണങ്ങളും മൂന്നാം അധ്യായത്തിൽ  യുദ്ധ തന്ത്രങ്ങളും, യുദ്ധ ശൈലികളും  പ്രദിപാദിക്കുന്നു മൂന്നാം അദ്ധ്യായത്തിന്  21 ഉപഅദ്ധ്യായങ്ങളാണുള്ളത്. അപ്രതീക്ഷത ആക്രമണം, രാത്രികാല ആക്രമണം, ഒളിപ്പോര്, വ്യത്യസ്ഥ ഭൂപ്രകർതിയെ എങ്ങനെ അനുകൂലമാക്കാം (കുന്നുകൾ, മരക്കൂട്ടം, നദി, അരുവികൾ), ഭൂപ്രകർതി, തുറന്ന യുദ്ധം,  ആയുധങ്ങളുടെ ഉപയോഗം, കുതിരപ്പടയുപയോഗിച്ചുള്ള യുദ്ധം, പരേഡ്കൾ, വിവിധ തസ്തികളിലുള്ള പട്ടാള ഉദ്യോഗസ്ഥരുടെ ചുമതലകൾ എന്നിവ ഈ 21 അധ്യായങ്ങളിലായി വിവരിക്കുന്നു.
                  

ഫാത്തുല്‍ മുജാഹിദീനില്‍ സുമാറ പടയാളികള്‍ തോക്കുമായുള്ള
പരിശിലനത്തില്‍ല് ഫാത്തുല്‍ മുജാഹിദീനിലെ ഒരു ചിത്രം
.കടപ്പാട് നിധിന്‍ ജോര്‍ജ്

     നാലാം അദ്ധ്യായത്തിന്റെ തുടക്കം  സൈനികരുടെ വിശ്വസ്തതയെ കുറിച്ചുള്ള ഉൽബോധനമാണ്, കൂറില്ലായമയെ ഏറ്റവും ഹീനപ്രവർത്തിയായി സുൽത്താൻ വിലയിരുത്തുന്നു. ഇന്ത്യയിലെ ഏതൊരു സാമ്രാജ്യത്തിന്റെ വീഴ്ചയിലും ചതി ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നതായി സുൽത്താന് ബോധ്യമുണ്ടായിരുന്നു. ടിപ്പുവിന്റെ അന്ത്യത്തിലും ചതി കടന്ന് കൂടിയിരുന്നതായി കാണാം. കൂടാതെ ഈ അദ്ധ്യായത്തിൽ തന്നെ എല്ലാ സുപ്രധാന ഉത്തരുവുകളും ഗുമസ്തൻ, സൈന്യധിപൻ, കണക്കപ്പിള്ള മുതലായവർ രേഖപെടുത്തി സൂക്ഷിക്കണമെന്നും കൂടാതെ പട്ടാളക്കാരുടെ അവധികൾ, എണ്ണം, ശാരീരിക ക്ഷമത, കുലം എന്നിവയും രേഖപ്പെടുത്തണമെന്നും നിർദ്ദേശിക്കുന്നു. തുടർന്ന് സൈനിക പരേഡ്, വ്യായാമ മുറകൾ, ആയുധങ്ങൾ, വെടികോപ്പ്കൾ എന്നിവയുടെ ഉപയോഗം, അവയുടെ പരിചരണം, യൂണിഫോം, വസ്ത്രം, എന്നിവയെ കുറിച്ചും വേതനം മുറതെറ്റാതെ വിതരണം ചെയ്യണമെന്നും , എല്ലാ എപ്പോഴും സൈനികർ യുദ്ധ സന്നദ്ധർ ആയിരിക്കണമെന്നും നിർദ്ദേശിക്കുന്നു.

               അഞ്ചാം അദ്ധ്യായത്തിന്റെ തുടക്കം സൈനിക സേവനത്തിന്റെയും, നിയമനത്തിന്റെയും, ഉദ്യോഗകയറ്റത്തിന്റെയും നിയമ  വ്യവസ്ഥകളാണ്  നിർദ്ദേശിക്കുന്നത് . തുടർന്ന്  തോക്ക്, തിരകൾ സൂക്ഷിക്കുന്ന പെട്ടി, കൈത്തോക്കുകൾ മുതലായ ആയുധ സാമഗ്രികളുടെ അളവ് തൂക്കങ്ങൾതോക്കുകൾ ഉപയോഗിച്ചുള്ള പരേഡുകൾ, തോക്കുകൾ എങ്ങനെ താഴ്ത്തണമെന്നും, പ്രഭാതം, സായാഹ്നം, ആഘോഷങ്ങൾ, സുൽത്താനും പരിവാരങ്ങളും ആഘതമാകുമ്പോൾ മുതലായ അവസരത്തിലുള്ള പരേഡ്കൾ , ഈ അവസരങ്ങളിൽ വാദ്യ മേളക്കാർ വായിക്കേണ്ട സംഗീതം എന്നിവയെ കുറിച്ചുള്ള  നിർദ്ദേശങ്ങളും ഈ അദ്ധ്യായം ചർച്ച ചെയ്യുന്നു. ഈ അദ്ധ്യായം സുൽത്താന്റെ സൈന്യത്തിനെ കുറിച്ച് വ്യക്തമായ ധാരണ നൽകുന്നുണ്ട്, സൈനിക വിഭാഗങ്ങൾ, സൈനിക മേധാവികളുടെ എണ്ണം, അവരുടെ കീഴിലെ സൈനികർ ,തോക്ക്, വെടികോപ്പുകൾ, കാളവണ്ടികൾ, ചരക്ക് വണ്ടികൾ, ഭാരം വലിക്കാൻ ഉപയോഗിക്കുന്ന മൃഗങ്ങൾ എന്നിവയെ കുറിച്ച് ധാരണ നൽകുന്നു. ആറാം അദ്ധ്യായത്തിൽ റോക്കറ്റുകൾ കുറിച്ചും, നാവിക സേനയെയും കുറിച്ചുമാണ് പ്രതിപാദിക്കുന്നത്.

     ഏഴാം അദ്ധ്യായം 12 തലകളുടെ കീഴിലെ (ഒരു സൈനിക വിഭാഗം) കുതിരപ്പടയും, ഒട്ടക പടയും അനുഷ്ഠിക്കേണ്ട വ്യായാമ മുറകളെ കുറിച്ചും മറ്റുമാണ് വിവരിക്കുന്നത്. യുദ്ധ കാലത്തും, സമാധാന കാലത്തും ഉള്ള വ്യായാമങ്ങളും അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ അവരുടെ പരേഡ് , യുദ്ധ രീതി, സുൽത്താനെ സല്യൂട്ട് ചെയ്യേണ്ട വിധം, യുദ്ധം, കീഴടക്കൽ, എഴുന്നുള്ളൽ മുതലായ അവസരങ്ങളിൽ ബ്യുഗിൾ, ഷഹ്നായി എന്നിവ ഉപയോഗിച്ച്  വായിക്കേണ്ട താളങ്ങൾ ഇവയെ കുറിച്ചും വിവരിക്കുന്നു.

              എട്ടാം അദ്ധ്യായത്തിൽ 18 തലകളുടെ കീഴിലുള്ള (ഒരു സൈനിക വിഭാഗം) കാലാൾപ്പടയുടെ വ്യായാമ മുറകളും, പരേഡുകളും വിവരിക്കുന്നു കൂടാതെ അവരുടെ  നിയമനത്തിന്റെയും, ഉദ്യോഗകയറ്റത്തിന്റെയും വ്യവസ്ഥകളും വിവരിക്കുന്നു. ഈ അദ്ധ്യായത്തിന്റെ അവസാന ഭാഗത്തിൽ പാമ്പ്, തേൾ, കുറുക്കൻ, പട്ടി, എലി മുതലയെ ജീവികൾ മൂല മുണ്ടാകുന്ന മുറിവുകൾക്കുള്ള ചികിത്സ വിധികളും നിർദ്ദേശിക്കുന്നു.
        
        ഫത്ഹുല്‍ മുജാഹിദീൻ പ്രകാരം ടിപ്പുവിന്റെ സൈനിക വിഭാഗത്തെ മിർ മിരാൻ കച്ചേരി എന്നാണ് അറിയപ്പെട്ടിരുന്നത് സൈനികരെ ഖുശൂൻസ് (റെജിമെന്റ് ), റിസൽസ് (സ്ക്വഡ്രൻ), ജഖ്സ് (കമ്പനി) എന്നി മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിന്നു. ഖൂഷൻസ് സിപാഹ്ദാറിന്റെ മേൽനോട്ടത്തിലും, റിസൽസ് റിസൽദാറിന്റെ മേൽനോട്ടത്തിലും, ജഖ്സ് ജഖ്ദാറിന്റെ മേൽനോട്ടത്തിലുമാണ് ഉണ്ടായിരുന്നത്. ഖുശൂൻസിന്റെ നടത്തിപ്പകാരായ സിപാഹ്ദാറിന്  ജഖ്ദാറിനെയും മറ്റു കീഴ് ഉദ്യോഗസ്ഥരെയും ശിക്ഷിക്കാനും, ഉദ്യോഗകയറ്റം നൽകുവാനുമുള്ള അധികാരം നൽകിയിരുന്നു പക്ഷെ റിസൽദാറിന്റെ കാര്യത്തിൽ ഈ അധികാരം സുൽത്താനായിരുന്നു. സിപാഹ്ദാറിനൊപ്പം ബക്ഷി, മുത്തസദിസ് എന്നി ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ബക്ഷിയിരുന്നു ശമ്പള വിതരണത്തിന്റെ കാര്യക്കാരൻ ശ്രീരംഗപട്ടണത്തു നിന്നു തുക കൈപറ്റി മാസ ആദ്യത്തിൽ സിപാഹ്ദാറിന്റെ സാന്നിധ്യത്തിൽ ബക്ഷി ശമ്പളം വിതരണം ചെയ്തിരുന്നു. റിസൽസിന്റെ മേൽനോട്ടക്കാരായ റിസൽദാറിനായിരുന്നു പരേഡിന്റെ ചുമതല അവധി ദിനമായ ശനി ഒഴികെ മറ്റെല്ലാ ദിനങ്ങളിലും സൈനികരുടെ പരേഡ് നടന്നിരുന്നു. സർഖൈൽ, ജമാദാർ, ദഫാദാർ, യസാക്ക്ദാർ, യസാഖ്ച്ചി എന്നിവയും മറ്റു സൈനിക പദവികളായിരുന്നു. യസാഖ്ച്ചിയുടെ ചുമതല രിസാല എല്ലാ ദിനത്തിലും പരിശോധിച്ച് അതിന്റെ വിവരങ്ങൾ സിപാഹ്ദാർ, ജയ്ശേ കച്ചേരി, സുൽത്താൻ എന്നിവരെ അറിയിക്കുക എന്നതായിരുന്നു. അച്ചടക്കത്തോടെ വാർത്തെടുക്കപ്പെട്ട തന്റെ സൈനികരുടെ മേൽനോട്ടവും, സേനാ നായകത്വവും  സുൽത്താൻ  നേരിട്ടാണ്  നടത്തിയിരുന്നത്. മൈസൂരിൽ നിന്നും അയൽ ദേശത്ത് നിന്നും സൈനികരെ സുൽത്താൻ തന്റെ സൈന്യത്തിൽ നിയമിച്ചിരുന്നു ശ്രീരംഗപട്ടണം, ബാംഗ്ലൂർ, ബദനൂർ ഇവിടങ്ങളിലായിരുന്നു സുൽത്താൻ സൈനികരുടെ കുടുംബങ്ങളെ അദിവസപ്പിച്ചിരുന്നത്. യുദ്ധസമയത്ത് സൈന്യത്തെ ഉപേക്ഷിച്ചു പലയനം ചെയ്യുന്നവർക്ക്  തോക്ക്കൊണ്ടുള്ള മരണമായിരുന്നു സുൽത്താൻ സമ്മാനിച്ചിരുന്നത്. നാവിക സേനയെ മിർയാം കച്ചേരി എന്നും  അവയുടെ തലവനെ മിർയാം എന്നും അറിയപ്പെട്ടിരുന്നു കൂടാതെ മിർ ബാഹർ, മിർ സായ് ദഫ്ത്താർ എന്നിവർ മറ്റു നാവിക  ഉദ്യോഗസ്ഥരാണ്. സർക്കാർ നിയന്ത്രണത്തിലുണ്ടായിരുന്ന മലബാർ കാടുകളിൽ നിന്നായിരുന്നു തേക്ക് തടികൾ കപ്പലുകളുടെ നിർമ്മാണത്തിനെത്തിച്ചിരുന്നത്, തടിയുടെ ഗുണ നിലവാരം മിർയാം നടത്തേണ്ടതായിരുന്നു. വാണിജ്യ വിഭാഗത്തെ മലികുത്ത് തുജ്ജാറെന്നുമാണ്  അറിയപ്പെട്ടിരുന്നത്. 
 



സുല്‍ത്താന്‍റെ ഔദ്യോഗിക ഒപ്പ്. 
കടപ്പാട് ബ്രിട്ടീഷ് ലൈബ്രറി

           സുൽത്താന്റെ ഒപ്പു രേഖപ്പെടുത്തിയ ഫത്ഹുല്‍ മുജാഹിദിനിന്റെ പകർപ്പുകൾ സുൽത്താൻ തന്റെ സൈനികർക്കിടയിൽ വിതരണം ചെയ്തിരുന്നു. ഇന്ന് ഇന്ത്യയിലും വിദേശത്തുമായി ഫാത്തുൽ മുജാഹിദിന്റെ മൂലഗ്രന്ഥങ്ങൾ ലഭ്യമാണ് വിക്ടോറിയ മെമ്മോറിയൽ ലൈബ്രറി കൽക്കത്ത, ശ്രീരംഗപട്ടണത്തെ സുൽത്താന്റെ കൊട്ടാരമായിരുന്ന  ദാരിയ ദൗലത് ബാഗ് മ്യൂസിയം, ബ്രിട്ടീഷ് മ്യൂസിയം, അലിഗർ മുസ്ലിം യൂണിവേഴ്സിറ്റിയിലെ മൗലാനാ ആസാദ് ലൈബ്രറിയിൽ മൂല ഗ്രന്ഥവും ഉർദു തർജമയും ലഭ്യമാണ്. കൂടാതെ ലണ്ടനിലെ ഇന്ത്യ ഓഫീസ് റെക്കോർഡ്സിൽ സൂക്ഷിച്ചിരിക്കുന്ന 22 പകർപ്പുകളിൽ ഒരെണ്ണം പൂർത്തികരിക്കാപെടാത്തതാണ്. 1791ൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ചില ഭാഗങ്ങൾ മൊഴിമാറ്റം നടത്തിയിരുന്നു. ഫത്ഹുല്‍ മുജാഹിദിനിന്റെ ഉർദു പകർപ്പ് പാക്കിസ്ഥാൻ ഹിസ്റ്റൊറിയൽ സൊസൈറ്റിയുടെ നേതൃത്വത്തിലാണ്     പൂർത്തികരിച്ചത്  മുൻ ഇന്ത്യൻ പ്രസിഡന്റ് സാക്കിർ     ഹുസൈന്റെ സഹോദരൻ മഹമൂദ് ഹുസൈനാണ് ഉർദു തർജമ പൂർത്തികരിച്ചത്. 


1772 – 73 കാലത്തെ സുല്‍ത്താന്‍റെ ഒപ്പ്.
 കടപ്പാട്. ബ്രിട്ടീഷ് ലൈബ്രറി
1795 – 96 കാലത്തെ സുല്‍ത്താന്‍റെ ഒപ്പ്. 
കടപ്പാട് ബ്രിട്ടീഷ് ലൈബ്രറി




സുല്‍ത്താന്‍റെ ഒപ്പ്. കടപ്പാട്
 ബ്രിട്ടീഷ് ലൈബ്രറി























റഫറൻസ്

ഫത്ഹുല്‍ മുജാഹിദീൻ എ മിലിറ്ററി മാനുവൽ ഓഫ് ടിപ്പു സുൽത്താൻ : മിർ മഹമൂദ് ഹുസൈൻ എം എ

ഹിസ്റ്ററി ഓഫ് ടിപ്പു സുൽത്താൻ : മൊഹിബുൽ ഹസ്സൻ ഖാൻ 

Comments

Post a Comment