തലശ്ശേരിയിലെ കേയിമാര്



ഓടത്തില്‍ പള്ളി തലശ്ശേരി. കടപ്പാട് inspirock.com
         ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ പരിലാളനകളെറ്റു വളർന്ന മലബാറിൽ നിന്നുള്ള ഒരു കുടുംബം, കൊച്ചി രാജാവിനും , ബ്രിട്ടീഷ് ഉദ്യോഗസ്‌ഥ പ്രഭുക്കൾ പോലും തങ്ങളുടെ അധികാര ദണ്ഡ് ഇവർക്ക് നേരെ ഉയർത്താൻ സാധിക്കാതെ നിസ്സാഹയാരാകേണ്ടി വന്ന അവസ്ഥ, അറക്കൽ ആലി രാജാക്കൻമാർ വരെ ഇവരുടെ മടികുത്തിലെ നാണയങ്ങൾക്കായി പ്രതീക്ഷയോടെ  കാത്തു നിന്ന കാലം. ഇങ്ങനെയുമൊരു പ്രതാപ ശാലികളായ വർത്തക കുടുംബം ഒരു കാലത്ത്  കണ്ണൂരിൽ ഉണ്ടായിരുന്നു  തലശ്ശേരിയിലെ കേയിമാർ. അവരുടെ കൂട്ടത്തിലെ  പ്രതാപശാലിയായ ചൊവ്വക്കാരൻ മൂസയെന്നും, മൂസ്സ കാക്കയെന്നുമറിയപ്പെട്ട മൂസ്സ കെയിയുടെ കാലത്ത് കേയിമാരുടെ കപ്പലുകൾ കുരുമുളകും, സുഗന്ധ വ്യഞ്ജനങ്ങളും പേറി  ബോംബെ , സൗദി അറേബ്യ , കോറമണ്ഡൽ , മലാക്ക , യമൻ , ഭട്കൽ, സൂറത്ത് എന്നി തീരങ്ങളുടനീളം  ചുറ്റിയടിച്ചിരുന്നു.

              കേയിമാരുടെ വാണിജ്യ ചരിതം തുടങ്ങുന്നത്  അവരുടെ പിതാമഹൻ ആലുപ്പി കാക്കയിലൂടെയാണ്. ആലുപ്പിയും സഹോദരിമാരും  1750കളിൽ തങ്ങളുടെ ഭാഗ്യവും തേടി കണ്ണൂരിലെ ചൊവ്വയിൽ നിന്നും തലശ്ശേരിയിലെത്തപ്പെട്ടു അവിടെ ബ്രിട്ടിഷ്‌കാരുടെ പ്രശസ്തമായ തലശ്ശേരി ഫാക്ടറിക്ക്  സമീപത്തായി കടൽതീരത്ത് കോട്ടയം രാജാവിന്റെ കരുണയാൽ ഒരു കൊപ്ര സംഭരണ ശാലയും ഭൂസ്വത്തുക്കളും ആലുപ്പിക്ക്  സ്വന്തമായി . ആലുപ്പിയുടെ ഈ പ്രയാണം  ബ്രിട്ടിഷ്‌കാരുമായി കൂടുതൽ ഇടപഴകാനും അവരുടെ വിശ്വസ്ഥ തോഴനായി തീരുവാനും ആലുപ്പിയെ സഹായിച്ചു. കർഷകരിൽ നിന്നും നേരിട്ട് കുരുമുളക്, ചന്ദനം, ഏലം എന്നിവ തുച്ഛ വിലക്ക് ശേഖരിച്ചു ബ്രിട്ടീഷ്കാർക്ക്  മറിച്ചു വിറ്റും, അവരുടെ സൈനികരുടെ റേഷൻ കരാറുകൾ ഏറ്റെടുത്തും  (ആലുപ്പിയുടെ സഹോദരി പുത്രൻ മൂസയും പഴശ്ശി യുദ്ധകാലത്ത്  ബ്രിട്ടീഷ്കാർക്ക് വേണ്ടി റേഷൻ കരാറുകൾ ഏറ്റെടുത്തിരുന്നതായി പഴയ വീട്ടിൽ ചന്തു ക്രിസ്റ്റഫർ പീലിക്ക് 1797 ജനുവരി 9ന്  എഴുതിയ കത്തിൽ കാണാം)  ചുരുങ്ങിയ കാലത്തിനുള്ളിൽ ആലുപ്പി  സാമ്പത്തിക അഭിവൃദ്ധി നേടുകയും മലബാറിലെ തന്നെ വമ്പൻ കച്ചവടക്കാരുടെ ശ്രേണിയിലേക്ക് ഉയരുകയും ചെയ്തു. ആലുപ്പിയുടെ ഈ വളർച്ചയിൽ അസൂയ പൂണ്ട  തലശ്ശേരിയിലെ മറ്റൊരു പ്രബല കുടുംബവും പാരമ്പര്യ കച്ചവടക്കാരുമായ വാണിയമ്പലത്തുകാർ  അന്യദേശക്കാരനായ ആലുപ്പിക്ക് എതിരായി തീർന്നു. ഇവരുടെ ഈ വൈര്യം  വാണിയമ്പലത്തുകാർ തന്നെ പണികഴിപ്പിച്ച ചാലിൽ പള്ളിയിൽ ആലുപ്പിക്കും കുടുംബത്തിനും പ്രവേശനം നിഷേധനവും, മത ചടങ്ങുകളിൽ വിലക്കെർപ്പെടുത്തിന്നിടത്തോളം എത്തിത്തിച്ചെർന്നു. ആലുപ്പി ഈ അപമാനത്തിന് പകരം വീട്ടിയത് സ്വന്തമായി ഒരു പള്ളി പണി തീർത്ത് (താഴത്തെ പള്ളി) അവിടൊരു ഖാസിയെയും നിയമിച്ചാണ്. ആലുപ്പി വൈര്യങ്ങളെല്ലാം മറന്നു വാണിയമ്പലത്തുകാരുമായി പിൻകാലത്ത്  വിവാഹ ബന്ധത്തിലൂടെ കൈ കോർക്കാൻ ശ്രമിച്ചെങ്കിലും ഇവിടെയും ആലുപ്പിക്ക് തല കുനിക്കേണ്ടി വന്നു. കുപിതനായ ആലുപ്പി മേലിൽ വാണിയമ്പലത്ത്കാരുമായി യാതൊരു വിധ വിവാഹ ബന്ധങ്ങളും പാടില്ല എന്ന തന്റെ പിൻഗാമികൾക്ക്  താക്കീത്  നൽകുകയും സാമ്പത്തികമായി ഏറെ പിന്നോക്കം നിന്നിരുന്ന അച്ഛാരത്ത് കുടുംബവുമായി വൈവാഹിക ബന്ധങ്ങളിലെർപ്പെട്ട്  അവരെ ആലുപ്പി മുഖ്യധാരയിലെക്കുയർത്തി കൊണ്ട് വരികയും ചെയ്തു. ആലുപ്പിയുടെ പിൻതല മുറയിൽപ്പെട്ട മക്കി കാരണവരുടെ വാക്ക് ദിഖരിച്ചു പിൻകാലത്ത് വാണിയമ്പലംകാരുമായി സംബന്ധത്തിലെർപ്പെട്ട് കുടുംബത്തിലെ  വിപ്ലവകാരിയായി മാറി. ആലുപ്പി നിർമ്മിച്ച താഴയിൽ പള്ളിയിൽ തന്നെയാണ് ആലുപ്പിയും, ഭാര്യയും, രണ്ട് സഹോദരിമാരും (ഒരാൾ കയ്യുമ്മ ) അന്ത്യ വിശ്രമം കൊള്ളുന്നത് (എ പി ഉമ്മർകുട്ടി മലയാളത്തിലെ കേയിമാർ).     



              മരുമക്കത്തായം പിന്തുടർന്നിരുന്ന കേയിമാരിൽ അനന്തിരവർക്കായിരുന്നു കേയി സ്ഥാനം അഥവാ കുടുംബത്തിൻറെ  കാരണവർ സ്ഥാനം വന്ന് ചേർന്നിരുന്നത്. ആലുപ്പിയുടെ കാലശേഷം കുടുംബത്തിന്റെയും, വ്യാപാരങ്ങളുടെയും സാരഥിത്വമെറ്റെടുത്തത് സഹോദരി പുത്രനും, മകളുടെ ഭർത്താവുമായ  യൂറോപ്പിലും, സ്വദേശത്തും പേര് കേട്ട പ്രതാപ ശാലിയായ  മൂസ്സ കേയിയായിരുന്നു (ചെവ്വാക്കാരൻ മൂസ). മൂസ്സയോടൊപ്പം നിഴലായി ഏതൊരു പ്രതിസന്ധിയിലും സഹോദരൻ ബപ്പനും കൂടെയുണ്ടായിരുന്നു. കുടുംബ ചരിത്ര പ്രകാരം മൂസ്സയെ ഉദിച്ചുയർന്ന സൂര്യനെന്നും ബപ്പനെ ഉദിക്കുന്ന താരമെന്നുമാണ് വിശേഷിപ്പിക്കപ്പെട്ടത്.  മൂസ്സയുടെ ആദ്യ കാലം കളെഷത്തിന്റെതായിരുന്നു ആലപ്പുഴയിലെ മൂസ്സയുടെ തടി കച്ചവടം തകർച്ചയിലെക്ക് കൂപ്പ് കുത്തിയപ്പോൾ മൂസ്സയെ കൈപിടിച്ചുയർത്താൻ തിരുവതാംകൂർ രാജാവ് ദൈവ ദൂതനെപ്പോലെ  പ്രത്യക്ഷപ്പെട്ടു. രാജാവിന്റെ കരുണയാൽ മൂസക്ക്  നഷ്ടപെട്ടതെല്ലാം നേടിയെടുക്കാനായി  . മൂസ്സയുടെ കാലത്താണ് മലബാറിലെ അധീശ്വത ശക്തികളായി കേയിമാർ മാറുന്നത്. മൂസയുടെ ചരക്ക് കപ്പലുകൾ ഒരു കാലത്ത് ബോംബെ, സൗദി അറേബ്യ, കോറമണ്ഡൽ, മലാക്ക, യമൻ, ഭട്കൽ,  സൂറത്ത്, മസ്സൂലി പട്ടണം എന്നി തീരങ്ങളിൽ ശക്തമായ സാന്നിധ്യം  അറിയിച്ചിരുന്നു.

കേയിമാരുടെ പഴയ പാണ്ടികശാല
ബ്രിട്ടിഷ്‌കാര്‍ക്കിടയിൽ  വിശ്വസ്ഥതയാർജിച്ച  മൂസക്ക് അവർക്കിടയിലുണ്ടായിരുന്ന അമിത സ്വാധീനം മൂലം കൊച്ചി  രാജാവിനും, സാമൂതിരിക്കും, മലബാറിലെ ബ്രിട്ടീഷ്  വ്യാപാരിയായിരുന്ന മർഡോക്ക് ബ്രൗണിനും, ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കും വരെ  മൂസയുടെ  മുന്നിൽ മട്ട് മടക്കേണ്ടതായി വന്നുവെന്നുള്ളതാണ് ചരിത്രം.  ബ്രിട്ടീഷ്കാർ മൂസ്സക്കനുകൂലമായി എക്കാലത്തും നിലകൊണ്ടത്  അവർക്കാവിശ്യമായ സുഗന്ധ വ്യഞ്ജനങ്ങളിലേറിയ പങ്കും മൂസ്സയിലൂടയോ  മൂസ്സക്ക് വേണ്ടപ്പെട്ടവരിലൂടെയോ മാത്രമേ  കമ്പനിക്ക് ലഭ്യമായിരുന്നു എന്നുള്ളതിനാലും ബ്രിട്ടീഷ്കാരുടെ കാലനായി മലബാറിൽ അവതരിച്ച ടിപ്പു സുൽത്താന്റെ   ഭരണത്തിനെതിരെ ആളും അർത്ഥവും നൽകി സഹായം നൽകിയതിനാലുമാണ്. സുൽത്താന്റെ എതിർ ചേരിയിൽ മൂസ്സ എത്തി ചേർന്നത് സുൽത്താന്റെ നിയമ നിർമ്മാണങ്ങളോടുള്ള വിയോജിപ്പ്  മൂലമായിരുന്നു. മൂസ്സയെപ്പോലുള്ള കച്ചവടക്കാർ തുച്ഛവിലക്ക് കൃഷിക്കാരിൽ നിന്ന് സുഗന്ധ വ്യഞ്ജനങ്ങൾ ശേഖരിച്ചു വലിയ ലാഭം മുൻകാലങ്ങളിൽ നേടിയിരുന്നു പക്ഷെ  സുൽത്താൻ ഭരണത്തിൽ സർക്കാർ തന്നെ കൂടിയ വിലക്ക് നേരിട്ട് കൃഷിക്കാരിൽ നിന്ന്  ചരക്കുകൾ വാങ്ങുക വഴി വ്യാപാരത്തിൽ മൂസക്കും മറ്റും  തിരിച്ചടികൾ നേരിട്ടത് സുൽത്താനെതിരെ തിരിയാൻ  പ്രേരിപ്പിച്ചു ( ടിപ്പുവിന്റെ നടപടികൾ മൂലം കോൺവാലീസ് ഹെന്റി ടുണ്ടാസിന് 1788 നവംബർ 4ന് എഴുതിയ കത്തിൽ തലശ്ശേരിയിൽ വേണ്ടത്ര വാണിജ്യം ഇല്ലാത്തതിനാലും മലബാറിൽ നിന്നും ഒന്നും നേടാൻ ഇല്ലാത്തതും കൊണ്ടും തലശ്ശേരി ഫാക്ടറി അടച്ചു പൂട്ടാൻ ശുപാർശ ചെയ്തതായി കാണാം കൂടാതെ കോർട്ട് ഓഫ് ഡയറക്ടർസിന് കോൺവാലീസ് എഴുതിയ കത്തിലും മലബാറിൽ യാതൊന്നും നേടാനില്ലന്ന് വ്യക്താക്കുന്നുണ്ട് 1789 നവംബർ 1). മൂസ്സയുടെ കമ്പനിയിലുള്ള  സ്വാധീനം മൂലം മൂസ്സയുടെ  ബോട്ടുകൾക്ക് കൊച്ചി രാജാവ്  ഈടാക്കിയ നികുതി പോലും  രാജാവിന് പിൻവലിക്കേണ്ടതായി  വന്നു.  സാമൂതിരിക്ക് സ്വന്തം രാജ്യത്തിലെ കല്ലായിലും, ബേപ്പൂരിലും ഉണ്ടായിരുന്ന തടി വ്യാപാരത്തിൽ മൂസയെ ചെറുക്കുക അസാധ്യമായിരുന്നു. ബ്രിട്ടീഷ് വ്യാപരിയായിരുന്ന മർഡോക്ക് ബ്രൗണും മൂസയും തമ്മിലുള്ള 30750രൂപയുടെ   വ്യാപാര കലഹം ബോംബെ  കോടതിയിൽ എത്തിയപ്പോൾ (1790-1793) തലശ്ശേരി ഫാക്ടറി മുഖ്യൻ റോബർട്ട് ടൈലറുടെ വിധി മൂസാക്കനുകൂലമായിരുന്നു. പഴശ്ശി രാജയുടെ വധത്തിലൂടെ പ്രശസ്തനായ തോമസ്‌  ഹാർവി ബാബർക്കും, ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ആയ വെല്ലസ്ലിക്കും മൂസക്കെതിരെ പ്രവർത്തിക്കുന്നതിൽ അക്കാലത്തു പരിമിതികൾ ഉണ്ടായിരുന്നു.  പഴശ്ശി സമര കാലത്ത് കലാപാകാരികൾക്ക് മൂസയുടെ ആളുകൾ കുരുമുളകിന് പകരമായി ഭക്ഷ്യ വസ്തുക്കളും, ആയുധങ്ങളും  എത്തിച്ചു നൽകിയ സംഭവങ്ങൾ അരങ്ങേറിയിരുന്നു.  ഇത് സംബന്ധിച്ച് ഹാർവി ബാബർ കളക്ടർ വാർഡന് കത്തെഴുതുകയും രാജ്യദ്രോഹിയായി പരിഗണിക്കണമെന്ന നിർദ്ദേശവും മുന്നോട്ട് വക്കുകയും ചെയ്തു  പക്ഷെ വാർഡൻ അത് തള്ളുകയും മൂസ്സയും മറ്റു കച്ചവടക്കാരും നേരത്തെ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടവർ ആയതിനാൽ അവരെ രാജ്യ ദ്രോഹികളായി പരിഗണിക്കുക അസാധ്യമാണെന്ന് അഭിപ്രായപ്പെട്ടു (വാർഡൻ റ്റു ബാബർ, 29 ഫെബ്രുവരി 1804). ബാബർ നവംബർ 14ന് വാർഡന്  എഴുതിയ മറ്റൊരു കത്തിൽ  ചൊവ്വക്കാരൻ മക്കിയും (മൂസ്സയുടെ അനന്തിരവൻ വലിയ മക്കി ആവാം)  മൂസ്സയും ചിറക്കൽ നിന്ന് വാങ്ങിയ 400കണ്ടി കുരുമുളകിൽ 200 കണ്ടിയും കലാപകാരികളിൽ നിന്നും കരസ്ഥമാക്കിയതാണെന്നും, നിലവിലുള്ള നിയമ പ്രകാരം വധശിക്ഷ വിധിക്കണം എന്നും എഴുതുന്നുണ്ട്. ഗവർണർ ജനറൽ കേണൽ വെല്ലസ്ലി മൂസ അരിയും, ഭക്ഷണവും കലാപകാരികൾക്ക് എത്തിച്ചു കൊടുക്കുന്നുണ്ടെന്നും അത്തരക്കാരെ കഴുവിൽ ഏറ്റുന്നതാണ് പൊതു നയം എന്ന് മൂസ്സയെ അറിയിക്കാൻ  സർ തോറിയസിന് എഴുതകപോലുമുണ്ടായി ( ഡ്യൂക് ഓഫ് വെല്ലിംഗ്ടൺ ഡിസ്പാച്ചസ് 18 -9 -1800). പക്ഷെ മൂസ്സ ഈ അധികാരി വർഗത്തെ ഗൗനിക്കാതെ തന്റെ പ്രവർത്തികളുമായി മുന്നോട്ട് പോയി.

                  മൂസ്സ അക്കാലത്തെ ഇന്ത്യയിലെ അധിധനികനായ വ്യാപാരികളിൽ ഒരാളായിയിരുന്നു എന്ന്  ബ്രിട്ടീഷ് രേഖകളിൽ നിന്ന് മനസ്സിലാവുന്നതാണ്. മൂസയുടെ കപ്പലിലൊന്നിലെ ചരക്കുകളുടെ മൂല്യം തന്നെ  ഏകദേശം അക്കാലത്തെ  350000ത്തോളം വന്നിരുന്നതായി സെക്കോർത്തയിൽ വച്ചു ഒരു ഫ്രഞ്ച് ഇടപാട്കാരൻ പിടിച്ചെടുത്ത കപ്പലുമായി ബന്ധപ്പെട്ട കമ്പനി റെക്കോർഡ്കളിൽ കാണാം (മലബാർ ഇൻ ഏഷ്യൻ ട്രെയ്ഡ് - അഷിൻ ദാസ് ഗുപ്‌ത ). രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധവുമായി   ബന്ധപെട്ടു  ലക്ഷ്വദീപ് സമൂഹങ്ങൾ അറക്കൽ ബീവി ബ്രിട്ടീഷ്കാർക്ക് സന്ധി വ്യവസ്ഥയിൽ   കൈമാറ്റം ചെയ്തപ്പോൾ  അത് അറക്കൽ ബീവിക്ക്  തിരികെ നേടിയത്  മൂസ്സയുടെ മൂസ്സയുടെ പണംകൊണ്ടാണ്ണ് . കൂടാതെ അറക്കൽ ബീവിയുടെ കമ്പനിയുമായുള്ള 10000 രൂപയുടെ മറ്റൊരു ബാധ്യതയും മൂസ്സയെറ്റെടുത്തതായി  1795 ഡിസംബർ 4ന്  മൂസ്സയും  ഗവർണറുടെ സെക്രട്ടറി ആർ റിക്കാർഡ്സുമായി ഒപ്പിട്ട ഒരു രേഖയിൽ കാണാവുന്നതാണ്.

കണ്ണാടി പാണ്ടികശാല
 കേയിമാരുടെ പ്രതാപകാലത്ത് ബോംബെ (മലബാർ ഹിൽ ഇവരുടെ അധീനതയിൽ ആയിരുന്നു ), സൂറത്ത്, തലശ്ശേരി മുതലായ സ്ഥലങ്ങളിൽ  അനേകം കൊട്ടാര സമാനമായ  കെട്ടിടങ്ങളും, പാണ്ടികശാലകളും, പള്ളികളും  ഇവരുടെതായുണ്ടായിരുന്നു. മൂസ്സക്ക പണിതീർത്ത തലശ്ശേരിയിലെ ഓടത്തിൽ പള്ളി, കണ്ണാടി പാണ്ടികശാല, ചന്ദന പാണ്ടികശാല, സംസം പള്ളി, നാരങ്ങപുറം പള്ളി, മുഗദാർ പള്ളിവലിയപുരയിൽ മായൻ കുട്ടി എളിയ പണി തീർത്ത  മുസ്ലിങ്ങളുടെ പുണ്യഭൂമിയായ മക്കയിലുണ്ടായിരുന്ന വിശ്രമ കേന്ദ്രമായ  കേയി റൂബാത്ത്‌ എന്നിവ അവയിൽ ചിലതാണ്.  1807ൽ മൂസ്സയുടെ അന്ത്യം വരെ കേയിമാർ മലബാറിലെ കടൽ  വ്യാപാരത്തിന്റെ അവസാന വാക്കായി തുടരുകയും, ശേഷം വന്ന തല മുറകൾ വ്യാപാര രംഗത്തെ പുതു മാറ്റത്തെ അതിജീവിക്കാനാകാതെ അവരുടെ സമ്പാദ്യം ഭൂമിയിൽ നിക്ഷേപിച്ചു വ്യാപാര രംഗത്തുനിന്നും അകലം പാലിക്കുന്ന കാഴ്ചയാണ് പിൻകാലത്ത് കാണാൻ സാധിച്ചത്.  മൂസ്സക്ക് ശേഷം യഥാക്രമം കാരണവർ സ്ഥാനത്ത് എത്തിയ  വലിയമക്കി കാക്കയുടെയുംവലിയ കുഞ്ഞിപക്കി കാക്കയുടെയും കാലശേഷമാണ് ഈ പതനം പൂർണ്ണമായാതെന്ന് പറയാം. തലശ്ശേരിയിൽ മൂസ്സക്ക തന്നെ നിർമ്മിച്ച ഓടത്തിൽ പള്ളിയിലാണ് അദ്ദേഹവും, ഭാര്യയും അന്ത്യ വിശ്രമം കൊള്ളുന്നത്.
      
            തലശ്ശേരിയിൽ ആലുപ്പി കാക്ക സ്ഥാപിച്ച  ഓർക്കാട്ടെരി തറവാടിലിരുന്നാണ് അനന്തിരവനായ മൂസ്സകാക്കയും, ബപ്പനും ഭരണം നടത്തിയിരുന്നത് ആക്കാലത്ത് വലിയ ഓർക്കാട്ടെരിയെന്നാണ് തറവാട് അറിയപ്പെട്ടത് . മൂസ്സയുടെ കാലശേഷം  തറവാട് പല ശാഖകളായി വിഭജിക്കപ്പെട്ടു. അതിൽ മൂസ്സക്ക് ശേഷം കാരണവരായ അനന്തിരവൻ  വലിയ മക്കി കാക്ക ( മൂസ്സയുടെ സഹോദരി കാക്കച്ചി ഉമ്മയുടെ മകൻ)സ്ഥാപിച്ച വലിയ പുരയാണ് ആദ്യതറവാട് , ശേഷം വലിയ കുഞ്ഞിപക്കി കാക്ക  (മൂസ്സയുടെ മറ്റൊരു  സഹോദരി ബീകുട്ടി ഉമ്മയുടെ മകൻ ) കേളോത്തും, ബാവച്ചി (മറ്റൊരു സഹോദരിയുടെ മകൻ) പുതിയ പുരയും സ്ഥാപിച്ചു. 1839കൾക്ക് ശേഷം  ഈ തറവാട്കൾ വീണ്ടും വിഭജിക്കപ്പെട്ടു ചെറിയ ഒർക്കാട്ടെരി,  പറക്കാട്ട്,  ഒർക്കാട്ടെരി താഴത്ത്,  ഒർക്കാട്ടെരി കുഞ്ഞിപ്പുരയിൽ, പുതിയ മാളിക (വലിയ മക്കിയുടെ മകള്‍ കലന്തിയുമ്മയുടെ താവഴി), വാലൊത്ത് എന്നിങ്ങനെ അനേകം ശാഖകളായി വിഭജിക്കപ്പെട്ടെങ്കിലും കേളോത്ത് തറവാടാണ് പ്രതാപത്തിൽ മുൻപന്തിയിൽ. ഈ തറവാടുകളിൽ  ബോധപൂർവ്വം അവഗണിക്കപ്പെട്ട കുടുംബമാണെന്ന് തോന്നുന്നു ആലുപ്പിയുടെ മറ്റൊരു സഹോദരിയിൽ നിന്ന് ജന്മമെടുത്ത പഴയ പറമ്പത്ത്  (പയ്യാറമ്പത്ത്)  തറവാട്  (സംശയിക്കപ്പെടാനുള്ള കാരണം കേയിമാരുടെ  ചരിത്രം ഗഹനമായി രേഖപെടുത്തിയ കേയി കുടുംബത്തിലെ  എ പി ഉമ്മർ കുട്ടിയുടെ മലയാളത്തിലെ കേയിമാരിൽ യാതൊരു സൂചനകളും ഇവരെ പറ്റി നൽകുന്നില്ല). പഴയ പറമ്പത്ത്  നിന്ന് ഉടലെടുത്ത തായ്വഴികളാണ്  പഴുക്കാത്തും (പഴുക്കാത്ത് ആലുപ്പി കേയി 1933 അറിയപ്പെടുന്നൊരു കുരുമുളക് വ്യാപാരിയായിരുന്നു) , പഴയമാളികയും. കേയിമാർ പൊതുവിൽ ചുരുക്കം ചില കുടുംബങ്ങളുമായെ വിവാഹ ബന്ധം പുലർത്തിയിരുന്നൊള്ളു ഇത്തരത്തിൽ ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾ മൂലം സ്വത്തുക്കൾ പുറത്തെക്കൊഴുകിയിരുന്നില്ല ആ കുടുംബങ്ങൾ അച്ഛാരത്ത് പറക്കാട്ട്, അച്ഛാരത്ത് പറക്കാട്ട് മഹൽ, അച്ഛാരത്ത് പറക്കാട്ട്  മുട്ടെരിയിൽ, അച്ഛാരത്ത് ചെറിയ മാളികയിൽ, അച്ഛാരത്ത് പറക്കാട്ട് മാളികപുരയിൽ, പൊൻമാണിച്ചിന്റെ വിട,  ബാറയിൽ, പുതിയ വളപ്പ്,  അറക്കൽ രാജവംശം (വലിയ പുരയിൽ ഉസ്സൻ കുട്ടി ഇളയ, മായിൻ കുട്ടി ഇളയ എന്നിവര്‍ അറക്കല്‍ രാജവംശവുമായി വിവാഹബന്ധത്തിലെര്‍പ്പെട്ടിരുന്നു) എന്നിവയായിരുന്നു.

            സൽക്കാര പ്രിയരായിരുന്ന കേയിമാരുടെ തീൻമേശയിൽ സ്ഥാനം പിടിച്ച  പ്രധാന വിഭവങ്ങങ്ങളിലൊന്നായിരുന്നു അറേബ്യൻ വിഭവമായ അൽസ ( ഗോതമ്പ്, നെയ്, ഇറച്ചി എന്നിവ ചേർത്ത് പാകം ചെയ്യുന്ന ഒരു വിഭവം ). അൽസയെ കേരളത്തിന് പരിജയപ്പെടുത്തിയതും കേയിമാരായിരുന്നു. അൽസയെ കൂടാതെ ഒറോട്ടി, ചട്ടി പത്തിരി, നെയ് പത്തിരി, ഇറച്ചിപത്തിരി, മീൻ പത്തിരി, ബിരിയാണി, അടുക്കു പത്തിരി, മുട്ട മാല, തരി പോള, മുട്ട പോള, കോഴിയട, റംസാൻ കാല വിഭവമായ ജീരക കഞ്ഞി, തരി കഞ്ഞി എന്നിവയുമായിരുന്നു മറ്റു വിഭവങ്ങൾ.  മുൻ എറണാകുളം ജില്ല കളക്ടർ മുഹമ്മദ്‌ ഹനീഷ്, മദ്രാസ് ഗവർമെന്റിൽ മുൻസിഫ് ആയി സേവനമനുഷ്ഠിച്ച സി ഒ ആലുപ്പി കേയി, ജില്ല ജഡ്ജിയായിരുന്ന സിപി അബ്‌ദുള്ള കേയി, ബ്രിട്ടീഷ്കാര്‍  ഹോണറ്റി ബിരുദം നൽകി ആദരിച്ച പി വി കുഞ്ഞിമൂസ, ബ്രിട്ടീഷ്കാരിൽ നിന്നും ഖാൻ ബഹദൂർ പട്ടം നേടിയ പുതിയ മാളികയിൽ മമ്മദ് കേയി,  മുൻ സൗദി അംബാസിഡറും, മദ്രാസ് സർവ്വീസിൽ  ഡി ജി പിയായും സേവനമനുഷ്ഠിച്ച ടി ടി പി അബ്‌ദുള്ള,  മലബാർ ഡിസ്ട്രിക് ബോർഡ് മെമ്പറായ ടി എം മൊയ്തു, മുസ്ലിം ലീഗ് നേതാവും സാമൂഹ്യ പ്രവർത്തകനുമായ മമ്മു കേയി, കേരള പബ്ലിക് സർവീസ് കമ്മീഷൻ മെമ്പറായി സേവനമനുഷ്ഠിച്ച സി ഒ ടി കുഞ്ഞി പക്കി എന്നിവർ അവരുടെതായ മേഖലകളിൽ കഴിവ് തെളിയിച്ച കേയി പിൻഗാമികളാണ്. 

 റഫറന്‍സ്
തലശ്ശേരിയിലെ കേയിമാര്‍ -  ഇ ഇസ്മയില്‍, ഡോ: കെ കെ എന്‍ കുറുപ്പ്
നവാബ് ടിപ്പു സുല്‍ത്താന്‍ ഒരു ചരിത്ര പഠനം - ഡോ: കെ കെ എന്‍ കുറുപ്പ്
പഴശ്ശി സമര രേഖകള്‍ -   ഡോ: കെ കെ എന്‍ കുറുപ്പ്
പഴശ്ശി രേഖകള്‍ - ഡോ: സ്കറിയ സക്കറിയ, ഡോ: ജോസഫ് സ്കറിയ

Comments