ബാബറിന്റെ രാജകല്പന

ഫർമാൻ കടപ്പാട്: ബ്രിട്ടീഷ് ലൈബ്രറി
            ഒന്നാം മുഗൾ ചക്രവർത്തി  ബാബറിന്റെതായി  (സഹീറുദ്ധീൻ മുഹമ്മദ് ബാബർ) ഇന്ന് നിലനിൽക്കുന്ന ചുരുക്കം ചില രേഖകളിലൊന്നാണ് ചിത്രത്തിലുള്ള ഫർമാൻ അഥവാ രാജകൽപ്പന. ബ്രിട്ടീഷ് ലൈബ്രറി കളക്ഷനിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന പേർഷ്യനിലുള്ള ബാബറിന്റെ ഫർമാൻ മുഗൾ രാജവംശവുമായി ബന്ധപ്പെട്ട ആദ്യ കാല രേഖകളിലൊന്ന് കൂടിയാണന്ന് പറയാം. 1526  പാനിപ്പത്തിൽ ഇബ്രാഹിം ലോധിയെ നിഷ്കാസിതനാക്കി ഡൽഹിയിൽ ആസനസ്ഥനായ ബാബർ തന്റെ സിംഹാസനം ഡൽഹിയിലുറപ്പിച്ചത് റാണാ സംഗക്കെതിരെ കണ്വയിൽ (1527 മാർച്ച്‌ 16) നേടിയ വിജയത്തിലൂടെയാണ്. കണ്വയിൽ ബാബർ നേടിയ വിജയത്തിന്  5 മാസങ്ങൾക്കിപ്പുറം 1527 ഓഗസ്റ്റ് 13നാണ് ബാബർസഹീറുദ്ധീൻ മുഹമ്മദ് ബാബർ ഗാസിയെന്ന  പേരിൽ ഫാർനാമ പുറപ്പെടുവിക്കുന്നത്. കണ്വ യുദ്ധത്തിന് ശേഷമാണ് ബാബർ ഗാസി (غازي) അഥവാ വിശുദ്ധ പോരാളിയെന്ന സ്ഥാനപ്പേരും തന്റെ പേരിനൊപ്പം കൂട്ടി ചേർക്കുന്നത്.
           
     ഫർമാനിലൂടെ ബാബർ ഉത്തരവിടുന്നത് ഖാസി (قاضي ജഡ്ജി ) ജലാലുദ്ധീന് 5000 ചെമ്പ് നാണയം (തൻകാ എ സിയാഹ്) നികുതി വരുമാനമുള്ള പഞ്ചാബിലെ ബതാല പർഗാനയിൽപ്പെട്ട (ഉപജില്ല ) പഞ്ചൽ ഗുൽ പിണ്ടൂരിയെന്ന ഗ്രാമം പാരമ്പര്യ സ്വത്തായി (സുയുർഗാൽ) കരമൊഴുവാക്കി നൽകുവാനാണ്. കൂടാതെ ഫർമാനിൽ  ബാബർ ഖാസി ജലാലുദീന്  ഭൂമി കൈവശം വക്കുവാനുള്ള അവകാശത്തിനായി വർഷവർഷം അപേക്ഷ സമർപ്പിക്കെണ്ടതില്ലന്നും നിഷ്കർഷിച്ചിരിക്കുന്നു. 
ബാബറിന്റെ രാജകീയ മുദ്ര കടപ്പാട്: ബ്രിട്ടീഷ് ലൈബ്രറി
         


 ഷെയ്ഖ് സയന്റെ മുദ്ര കടപ്പാട്: ബ്രിട്ടീഷ് ലൈബ്രറി
  ഫർമാനിൽ ബാബറിന്റെ വംശ പരമ്പരയെ സൂചിപ്പിക്കുന്ന രാജകീയ മുദ്രയും, ഫർമാന്റെ പിൻ വശത്തായി  വാഫായ് എന്ന തൂലിക നാമത്തിലറിയപ്പെട്ട പ്രശസ്ത കവിയും മുഗൾ രാജസഭയിലെ  പ്രമുഖനുമായ ഷെയ്ഖ്  സയൻ അലാവുദീൻ  ഫർമാന്  അങ്ങികാരം നൽകി കൊണ്ടു   മുദ്ര വച്ചിരിക്കുന്നതും കാണാം. ബാബറിന്റെ കവിതയായ ഫിഖ്‌ഹി ബാബുരിയുടെ (ബാബറിന്റെ നിയമം ) വിവരണം മുബീനെന്ന പേരിൽ തയാറാക്കിയതും ഇതേ സയൻ തന്നെയാണ് . ബാബറിന്റെ രാജകീയ മുദ്രയിൽ ബാബർ തന്റെയും  പിതാമഹാൻമാരുടെയും നാമങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. വൃത്ത ആക്രതിയിലുള്ള മുദ്രയുടെ നടുഭാഗത്തായി ബാബറിന്റെ നാമവും പാർശ്യ ഭാഗത്തിലായി  ഉമർ ഷെയ്ഖ്, സുൽത്താൻ അബു സൈദ്, സുൽത്താൻ മുഹമ്മദ്‌, മിറാൻ ഷാ, അമീർ തിമൂർ എന്നി ബാബറുടെ പൂര്‍വ്വികരുടെ നാമവും ആലേഖനം ചെയ്തതായി കാണാം.  

 റഫറന്‍സ്
ബാബര്‍: കെപി ബാലചന്ദ്രന്‍
➦ബാബര്‍ വ്യക്തി ജീവിതം: വി രാധാകൃഷ്ണന്‍
ബ്രിട്ടീഷ് ലൈബ്രറി     

Comments