ഇന്ത്യയുടെ ആഫ്രിക്കൻ സന്താനങ്ങൾ

                                                   കടപ്പാട്: Conde Nest Traveller

            പഴയ ഡെക്കാൻ സുൽത്താനത്തിന്റെ ഭൂവിടങ്ങളായ കർണാടകയിലെ യെല്ലാപൂരും, ഹൈദ്രബാദും, അങ്കോളയും, ജോയിടയും, സിർസിയും മറ്റും  താണ്ടുമ്പോൾ ചിലയിടങ്ങളിൽ  കറുത്ത പൊന്നിന്റെ ചേലുള്ള ഒരു ജന വിഭാഗത്തെ കാണാം. ഇന്ത്യൻ ജനവിഭാഗങ്ങളിൽ അലിഞ്ഞു ചേർന്ന ഇവർ ഗുജറാത്തിലും, മഹാരാഷ്ട്രയിലും, കർണാടകയിലും അയൽ രാഷ്ട്രമായ പാകിസ്ഥാനിലും പരന്നു കിടക്കുന്നു. സിദ്ദികൾ അല്ലെങ്കിൽ ഹബ്ഷികൾ എന്നറിയപ്പെടുന്ന ഇക്കൂട്ടർക്ക് 800ലേറെ വർഷങ്ങൾ പഴക്കമുള്ള  സമ്പന്നമായൊരു ഭൂതം കാലമുണ്ട്. കാരിരുമ്പിന്റെ കരുത്തും, കൽക്കരിയുടെ വർണ്ണമുള്ളയിവരുടെ പൂർവ്വികരിൽ ഏറിയ പങ്കും നന്നേ ചെറുപ്പത്തിൽ എത്യോപ്പയിൽ നിന്നും അടിമകളായി സുൽത്താൻ ഭരണകാലത്താണ്  ഇന്ത്യൻ തീരങ്ങളിൽ കാലു കുത്തുന്നത്. ലോകത്തിന്റെ പല ഇടങ്ങളിലും ഈ ആഫ്രിക്കൻ അടിമകളുടെ വിധി  ദുരിത പൂർണ്ണമായി തീർന്നപ്പോൾ ഇന്ത്യയിൽ ഇവരിൽ പലരുടെയും  തലവര നേരെ  മറിച്ചായിരുന്നു. തങ്ങളുടെ ഇന്ത്യൻ യജമാനരുടെ വിശ്വസ്ഥ സേവകരായി മാറിയ അവർക്കിവിടെ കാലം കാത്തു വച്ച നിയോഗം രാജ സദസ്സുകളിൽ   രാഷ്ട്രീയത്തിന്റെ ചതുരംഗ കരുക്കൾ നീക്കുവാനും, ഉദ്യോഗ പ്രഭുക്കളായി തീരുവാനുംആരെയും അസൂയലുക്കളാക്കി തീർക്കുന്ന രീതിയിൽ പടക്കളത്തിൽ ആയുധങ്ങൾ വീശുവാനും, അംഗരക്ഷകരായി തീരുവാനും മറ്റുമായിരുന്നു. തന്റെ വിശ്വസ്ഥനായ ആഫ്രിക്കൻ അടിമയെ കുറിച്ചൊരു  യജമാനൻ കുറിച്ചത് ഇങ്ങനെയാണ് "300 മക്കളെക്കാൾ ഭേദമാണ്  അനുസരണ ശീലമുള്ള ഒരു അടിമ കാരണമായയാൾ ചൂണ്ടി കാട്ടിയത്  മക്കൾ പിതാവിന്റെ സ്വത്തിനെ കുറിച്ചു ആഗ്രഹിക്കുമ്പോൾ ഒരടിമ പ്രാധാന്യം കല്പ്പിക്കുന്നത്‌  അവന്റെ യജമാനന്റെ  മഹത്വത്തിനാണെന്നാണ്".   

                       ഇന്ത്യാ  ചരിത്രത്തിൽ  എഴുതപ്പെട്ട ആദ്യ ആഫ്രിക്കൻ  അടിമയുടെ പേര് "ജലാലുദീൻ യാക്കുദെന്നാണ്" അടിമ വംശത്തിലെ ഇൽത്ത്മിഷിന്റെ പെൺ സന്താനം "റസിയയുടെ (1205-1240)" കീർത്തി നില നിൽക്കുന്നിടത്തോളം യാക്കുദിന്റെ പ്രശസ്തിയും നില നിൽക്കും. ആഫ്രിക്കൻ അടിമയിൽ നിന്നും ഒരു കുതിരക്കാരനുംയോദ്ധാവും, ആഫ്രിക്കൻ പ്രഭുവുമായി ഉയർന്ന യാക്കൂദിനോട് റസിയ വച്ച് പുലർത്തിയ മമതയുടെ  പേരിലാണ് റസിയയുടെ എതിർച്ചേരിയിലുള്ള തുർക്കി പ്രഭുവർഗം യാക്കൂദിനെ കൊല ചെയ്തതും റസിയയെ കൽതുറങ്കിലടച്ചതും കൽതുറങ്കിൽ നിന്നും മോചിതയായ റസിയക്കും അധികായുസുണ്ടായില്ല. "മുഹമ്മദ്‌ ഇബ്നു തുഗ്ലക്കിന്റെ" ഭരണ കാലത്താണ് (1325-1351) പ്രശസ്ഥ യാത്രികൻ "ഇബ്നു ബത്തൂത്ത" ഇന്ത്യയിൽ എത്തപ്പെട്ടത്‌ അക്കാലത്തെ ആലപൂരിലെ അമീർ (ഗവർണർ ) ആജാന ബാഹുവായ ഒരു നേരത്തെ ഭക്ഷണത്തിന് തന്നെ ഒരാടിനെയും ഒരു റാത്തൽ നെയ്യും അകത്താക്കുന്ന ഹബ്ഷിയായ "ബദറായിരുന്നു". ബദറിന്റെ പുത്രനും ആകര വടിവിലും മറ്റും പിതാവിനോട് കിടപിടിച്ചിരുന്നു. ബദർ എന്ന ഈ ഹബ്ഷിക്ക് ശത്രു സൈന്യത്തിന്റെ പിക്കാക്സിനുള്ള  അടിയെറ്റു സ്വർഗം പുൽകാനായിരുന്നു വിധി. 

          തുഗ്ലക്ക്മാരുടെ അവസാന സുൽത്താൻ  "നസീറുദ്ധീൻ മുഹമ്മദ്‌ ഷായുടെ"  (1394-1413) കാലത്ത്  ഒരു ഹബ്ഷിക്ക്‌ അപൂർവ്വ  സൗഭാഗ്യം കൈവന്നു ആ ഭാഗ്യവാന്റെ പേര്  "മാലിക്ക് സർവാർ" എന്നായിരുന്നു. ഇന്നത്തെ ഉത്തർപ്രദേശിലെ ജോൺപൂരിലെക്ക് "നസീറുദ്ധീൻ മുഹമ്മദ്‌ ഷാ" ഗവർണറായച്ച സർവാർ അവിടെ സുൽത്താനായിമാറി ഷർക്കി സുൽത്താൻമാരെന്ന (1394 -1479) പേരിൽ സർവാറിന്റെ വളർത്തു പുത്രനുൾപ്പെടെ  5 തലമുറ ജോൺപൂർ വാണു. ബംഗാളിലെ ഇല്ല്യാസ് ഷാഹി സുൽത്താൻ "റുക്കാനുദീൻ അബ്ദുൾ  മുജാഹിദ് ബാർബക് ഷാക്ക് " (1459-1474)  8000ത്തോളം ഹബ്ഷി സൈനികർ സ്വന്തമായുണ്ടായിരുന്നു അതിൽപ്പെട്ട "ശഹ്സാദ ബാർബക്കിനും" സർവാറിന് ലഭിച്ച അതെ ഭാഗ്യം തന്നെ വന്ന് ചേർന്നു റുക്കാനുദീൻറെ പിൻഗാമി "ജലാലുദീൻ ഫത്തഹ് ഷായുടെ" (1481-1487) തലയറുത്ത് ചുരുങ്ങിയ കാലം  മാത്രം നില നിന്നൊരു ഹബ്ഷി   സാമ്രാജ്യത്തിന്റെ (1487-1494) സ്ഥാപകനായി ശഹ്സാദ (1487) മാറി. അധികാരത്തിലേറി  ഏറെ വൈകാതെ "മാലിക് ഇന്തിലെന്ന" മറ്റൊരു ഹബ്ഷി ശഹ്സാദയുടെ കഥ കഴിച്ചു "സൈഫുദീൻ ഫിറൂസ് ഷാ (1487-1489) " എന്ന പേരിൽ  ഏകദേശം രണ്ട്  വർഷത്തോളം  ബംഗാൾ സുൽത്താനായി വാണു ഇദ്ദേഹത്തിന്റെ സൈന്യത്തിലും  5000ത്തോളം ഹബ്ഷികളുണ്ടായിരുന്നു.
                          
വാജിദ് അലി ഷായുടെ ഹബ്ഷി ഭാര്യ യാസ്മിനും ഷണ്ഡനും
കടപ്പാട്: റോയല്‍ കളക്ഷന്‍ ട്രസ്റ്റ്‌
ബഹ്മനി, ഡെക്കാൻ  സുൽത്താൻമാരുടെ   വാഴ്‍ചകാലത്താണ്  തെക്കേ ഇന്ത്യയിലേക്കുള്ള ഹബ്ഷികളുടെ കുത്തൊഴുക്കുണ്ടാകുന്നത്. തെക്കേ ഇന്ത്യൻ രാഷ്ട്രീയസൈനിക മേഖലകളിൽ ചേക്കേറാൻ ഇവർ അധികകാലമെടുത്തില്ല. അവരിലെ  സ്ത്രീകളെ സുൽത്താൻമാരും, പ്രഭുക്കക്കളും  വെപ്പാട്ടികളായും, ഭാര്യമാരായും ഏറ്റെടുത്തു. അഹ്മദ നഗറിലെ നൈസാം ഷാഹികളിൽ "ഏഴാം സുൽത്താൻ ബുർഹാൻ നൈസാം ഷാ രണ്ടാമന്റെ (1591-1595)" പുത്രൻ "ഇബ്രാഹിമിന് (1595)" രാജ പദവിയിൽ നിന്ന് പടി ഇറങ്ങേണ്ടി വന്നത് തന്റെ സിരകളിൽ ഓടുന്ന രക്തത്തിലൊരു പങ്ക്  ഹബ്ഷി മാതാവിന്റെതായതിനാലാണ്. അവദിലെ "വാജിദ് അലി ഷായുടെ (1847-1856)" പട്ടമഹിഷിമാരിൽ  ഹബ്ഷിയായ "യാസ്മിനും"  ഷണ്ഡനായി മറ്റൊരുവനുമുണ്ടായിരുന്നു . മൃതപ്രാണരായ ബാഹ്മനികൾക്ക് അവസാന ശാസവും പകർന്നു നൽകിയ വയോവൃദ്ധനായ മന്ത്രി "മഹമൂദ് ഗവാനെ (1463- 1481)" തൂക്ക്കയറിലെക്ക് തള്ളിയിട്ടവരുടെ കൂട്ടത്തിലും "മിഫ്താഹ്" എന്നൊരു ഹബ്ഷിയുണ്ടായിരുന്നു. പുറംമ്പോലെ അകവും കറുത്തിരുണ്ട ഇവനായിരുന്നു ഒറീസ്സയിലെ "പുരുഷോത്തം രാജാവിനെന്ന (1466-1497)" പേരിലെഴുതിയ കള്ള കത്തിൽ ഗവാന്റെ രാജകിയ മുദ്ര ചാർത്തിയത്. ഉപജാപങ്ങളിൽ വശംവദനായി "ബാഹ്മനി ഷാ മുഹമ്മദ്‌ രണ്ടാമൻ  (1463-1482)" ഗവാന്റെ  മരണ ചാർത്തിൽ മുദ്ര പതിക്കുമ്പോളറിഞ്ഞില്ല ബാഹ്മനി സുൽത്താനത്തിന്റെ ഏക  പ്രത്യാശയുടെ വാതിലാണ് താൻ കൊട്ടി അടച്ചതെന്ന്.

ഇഹ്ലാസ് ഖാന്‍ കടപ്പാട്: സാൻ ഡിയേഗോ മ്യുസിയം കളക്ഷന്‍സ്
ബീജാപ്പൂരിലെ "യുസഫ് ആദിൽ ഷായുടെ" മരണശേഷം  (1490-1510) "ബാല പുത്രൻ  ഇസ്മായിലിന് (1511-1534)" വേണ്ടി രാജ്യ ഭരണം നടത്തിയതുമൊരു ഹബ്ഷിയായിരുന്നു "കമാൽ ഖാൻ" പിന്നീടയാൾ പാരമ്പര്യ  സുന്നി വിശ്വാസത്തെ പിൻ തുണച്ചതിനുംബിദാറിലെ "ബരീദ്‌ ഷായുമായി" ഇസ്മായിലിനെതിരായി  ഗൂഢാലോചന നടത്തിയതിനും അന്തപുരത്തിലെ സ്ത്രീജനങ്ങളൊരുക്കിയ കെണിയിൽ വീണൊരു കത്തി പിടിയിലൊതുങ്ങി പകരം വീട്ടാനുറച്ച  ആദിൽ ഷാഹികളുടെ കൊട്ടാരം കയ്യേറിയ ഹബ്ഷിയുടെ പുത്രൻ  "ഇസ്മായിൽ ഖാനും" പിതാവിനെ പുറകെ പോകേണ്ടി വന്നു.  ഇന്ത്യ ചരിത്രത്തിലെ ശൂരയായ സ്ത്രീ കഥാപാത്രം "ചാന്ദ് ബീബിയുടെ (1550-1599)" ഭർത്താവ് ബീജാപ്പൂരിലെ "അലി ആദിൽ ഷായുടെ (1558-1579)" മരണാർത്ഥം സിംഹസനത്തിലേറിയ ഒമ്പത് വയസ്സ്കാരൻ  "ഇബ്രാഹിം ആദിൽ ഷാ രണ്ടാമന്റെ (1580-1627)" കാലത്തെ രാജപ്രധിനിതി (റീജന്റ്) മത്സരങ്ങളുടെ ഭാഗമായി സത്താറ കോട്ടയുടെ ഇരുമ്പഴിക്കുള്ളിലായ ചാന്ദ് ബീബിയുടെ രക്ഷക്കായ് പടനയിച്ചെത്തിയ  "ഇഖ്ലാസ് ഖാനും,  ദിൽവർ ഖാനുംഹമീദ് ഖാനും" ഹബ്ഷികളായിരുന്നു. ഇതിൽ "മാലിക്ക് റൈഹാൻ എന്ന ഇഖ്ലാസ് ഖാൻ"  ഇബ്രാഹിം രണ്ടാമന്റെ പിൻഗാമി "മുഹമ്മദിന്റെ (1627-1656)" കാലത്ത് ഭരണത്തിന്റെ സകല മുക്കിലും മൂലയിലും കടന്നെത്തി. ദിലാവർ ഖാൻ ഇബ്രാഹിം രണ്ടാമനെ നിയന്ത്രിക്കുന്ന റീജന്റായിമാറി റീജന്റ് പിടിയിൽ നിന്നും മോചിതനായി സ്വയം ഭരണമേറ്റെടുത്ത  ഇബ്രാഹിം ഇയാളെ വർഷങ്ങൾക്ക് ശേഷം അന്ധനാക്കി സത്താറ കോട്ടയിലെക്ക് പറഞ്ഞയച്ചു. മുഗൾ ചക്രവർത്തി "അക്ബറിന്റെ" കാലത്തെ അഹമ്മദാനഗർ പടയോട്ടങ്ങളിൽ ചാന്ദ് ബീബിക്ക് തുണയായി നിന്നതും "സുഹൈൽ ഖാൻ" എന്നൊരു ഹബ്ഷി യോദ്ധാവായിരുന്നു. ഹൈദരാബാദ് നൈസാമുകളുടെ ( 1724-1948സേവനത്തിലും ഒരു പറ്റം ഹബ്ഷികളുണ്ടായിരുന്നു. "ചൗഷ്"  എന്നറിയപ്പെട്ട  ഇക്കൂട്ടർ കുതിരപ്പടയാളികളുംഅംഗരക്ഷകരുമായി സ്വതന്ത്രനന്തരം വരെ ഇവർ നില നിന്നു. നൈസാമുകളുടെ സേവകാരിലെ അവസാന കണ്ണി  "ഫിറോസ് ബിൻസ് അബ്‌ദുള്ളയാണ്". ഈ ഹബ്ഷികളുടെ പിൻഗാമികൾ "ആറാം നൈസാം മെഹബൂബ് അലി ഖാൻ  (1869-1911)"പ്രതേകം അനുവദിച്ച്‌ നൽകിയ ഹൈദരാബാദിലെ " എസി ഗാർഡിൽ ( ആഫ്രിക്കൻ കാവലറി ഗാർഡ്സ്)" വസിക്കുന്നു.
                
ജഹാൻഗീർ അമ്പറിന്റെ തലയറുത്ത്
അമ്പ് തൊടുക്കുന്ന ചിത്രം
കടപ്പാട്: Pinterest
അഹമ്മദാനഗറിലെ നൈസാം ഷാഹികളെ (1490- 1636) ഒരു കോട്ട മതിൽ പോലെ മുഗൾ ആക്രമണങ്ങളിൽ നിന്നും കാത്തു സംരക്ഷിച്ച വെള്ളാരങ്കണ്ണനായ ഒരു ഹബ്ഷിയെ മുഗൾ ചക്രവർത്തി "അക്ബറും മകൻ ജഹാൻഗീറും" അത്രമേൽ വെറുത്തിരുന്നു.  ഇവനെ അക്ബർ ദിക്കാരിയെന്നും ദുഷ്ട മനസ്സുള്ളവൻ എന്നും വിളിച്ചു മകൻ  ജഹാൻഗീർ ഒരു പടി കൂടി കടന്ന് കറുമ്പനെന്ന് അധിക്ഷേപിച്ച് അയാളുടെ തലയറുത്ത് അതിൽ താൻ അമ്പ് തൊടുക്കുന്ന ചിത്രം മുഗൾ രാജധാനിയിൽ പ്രദർശിപ്പിച്ച്‌ നിരാശയകറ്റി. അഹമ്മദ നഗറിന്റെ രക്ഷകനായ ഈ വെള്ളാരങ്കണ്ണൻ "മാലിക്ക് അമ്പറായിരുന്നു". അച്ഛനുംമുത്തച്ഛനും കഠിന ശത്രുവായി കണ്ട അമ്പറിന്റെ സഹായ ഹസ്തങ്ങൾക്ക് മുഗൾ പിൻഗാമി "ഷാജഹാൻ" തന്റെ പിന്തുടർച്ചവകാശ സമരങ്ങളിൽ കൈ നീട്ടിയെന്നതും ചരിത്രത്തിലെ മറ്റൊരു വിരോധാഭാസം. ഇന്ത്യ ചരിത്രത്തിലെ മറ്റൊരദ്ധ്യായമായ "മറാത്തർ" അമ്പറിന്റെ ഗറില്ല യുദ്ധ  യുദ്ധ മുറകൾ പൊടിതട്ടിയെടുത്താണ് അവരുടെ സാമ്രാജ്യം കണ്ണെത്താ ദൂരത്തോളം വികസിപ്പിച്ചത്. മറാത്ത പേഷ്വാകളുടെ ആശിർവാദത്തോടെ നില നിന്ന ഗുജാറാത്തിലെ  "സച്ചിൻ" വാണതും, "ശിവാജിയുടെ" മുന്നിൽ പോലും  കുലുങ്ങാതെ നിന്ന "ജഞ്ചിറ"  വാണതും ഹബ്ഷികാളായിരുന്നു ഇവരുടെ സാമ്രാജ്യം സ്വതന്ത്രന്തരം വരെ ഇന്ത്യയിൽ നിലനിന്നു. ജഞ്ചിറയിൽ നിന്നുമാണ്  മുഗൾ ചക്രവർത്തി "ഔറംഗസിബ്‌"  തന്റെ പ്രിയങ്കരനായ നാവിക മേധാവി "ഫടക് ഹബീഷ് ഖാനെ" കരസ്ഥമാക്കിയത് അദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്ന ഒരു  പ്രദേശവും ഇന്ന് ഡൽഹിയിലുണ്ട്. "ഖിർക്കി" എന്നൊരു കാലത്ത് അറിയപ്പെട്ടിരുന്ന ഇന്നത്തെ "ഔറംഗബാദിന്റെ" ശില്പിയും മേൽപറഞ്ഞ  വെള്ളാരങ്കണ്ണനായ അമ്പറാണ് അമ്പറിന്റെ മരണ ശേഷം മകൻ "ഫത്തഹ് ഖാൻ"  ഖിർക്കിയെ "ഫത്തേപ്പൂരെന്ന്" നാമകരണം ചെയ്യുകയും ഔറംഗസിബിന്റെ ഡെക്കാൻ അധിനിവേത്തോടെ ഫത്തേപ്പൂർ ഔറംഗബാദായി മാറുകയും ചെയ്തു. ലോകത്തിലെ തന്നെ സങ്കീർണ്ണമായ ചിത്രപ്പണികൾ കൊണ്ട് പ്രശസ്തമായ അഹമ്മദാബാദിലെ "സിദ്ധി സായിദ് മസ്ജിദിന്റെ " നിർമ്മാണത്തിന്  പിറകിലും ഒരു ഹബ്ഷിയുടെ കരങ്ങളുണ്ട്  "സിദ്ധി സായിദ്". ഗുജറാത്തിലെ "മൂസ്സഫരീദുകകളുടെ" അവസാന "സുൽത്താൻ മുസ്സഫർ ഷാ 3മന്റെ" സൈന്യാധിപൻ  "ബിലാൽ ജഹർ ഖാന്റെ"  സേവകനായിരുന്നു ഈ ഹബ്ഷി. രാഷ്ട്രീയ രംഗത്തിന് പുറമെ  സൂഫി ആത്മിയ ധാരയിലൂടെ പ്രശസ്ഥരായ ഹബ്ഷി ദിവ്യൻമാരായിരുന്നു ഗുജറാത്തിലെ രത്തൻ പൂരിലെ "ബാവ ഗോറും", സഹോദരി "മായി മിർസയും"  ഇന്നും ഇവരുടെ കല്ലറയിൽ ആഗ്രഹ സഫലീകരണത്തിനായി ജനങ്ങൾ ഒഴുകിയെത്തുന്നു.ഇന്ത്യയിൽ പോർച്ചുഗീസുകാരുടെ കാലത്തും അവരുടെ തൊഴിലാളികളായി  ഗോവയിൽ  ആഫ്രിക്കൻ അടിമകളെ എത്തിച്ചേരുന്നു 1770കാലത്ത്  ഗോവയിൽ   അടിമ കച്ചവടം നടത്തിയിരുന്ന ഒരു  കുടുംബമാണ്  മഹാമയികൾ ഇവരിൽ നിന്നും ഫ്രഞ്ച്കാരും മറ്റു  അടിമകളെ സ്വന്തമാക്കിയിരുന്നു. സ്വാതന്ത്യനന്തരം  ഗോവയിൽ നിന്നും മറ്റും ആഫ്രിക്കൻ  അടിമകൾ കർണാടകയിലും മറ്റു പ്രാദേശങ്ങളിലും അഭയം തേടിയിരുന്നു

            ഈ പഴയകാല ഹഷ്ബികളുടെ പുതുതലമുറ ഇന്ന്  ഇന്ത്യയിലുംപാക്കിസ്ഥാനിലുമായി അധിവസിക്കുന്നു. അതിൽ പാക്കിസ്ഥാനിൽ ഏകദേശം 80000വും ഇന്ത്യയിൽ 70000ത്തോളം പേരാണ് അധിവസിക്കുന്നത്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതങ്ങൾ സ്വീകരിച്ചിരിക്കുന്ന ഇവരിൽ  ഒരു വിഭാഗം ക്രിസ്ത്യൻ മിഷണറി പ്രവർത്തനങ്ങളുടെ  ഭലമായി  ഇന്ത്യയിൽ നിന്നും മൗറീഷ്യസ് ,സെയ്‌ഷെൽസ്, കെനിയ എന്നി ആഫ്രിക്കൻ  രാജ്യളിലേക്ക് ചേക്കേറിയിരിക്കുന്നു. ഇവരുടെ സാമ്പത്തിക പിന്നോക്കവസ്ഥയും മറ്റും പരിഗണിച്ച്‌ ഇന്ത്യൻ സർക്കാർ ഇവർക്ക് പല മേഖലകളിൽ സംവരണവും ഏർപ്പെടുത്തിയിരിക്കുന്നു.


സച്ചിനിലെ നവാബ് മുഹമ്മദ് ഹൈദര്‍ ഖാന്‍ (1909 -1970)
കടപ്പാട്: കെന്നെത്ത് & റോബിന്‍സ് കളക്ഷന്‍സ്
മാലിക്ക് അമ്പര്‍ 
കടപ്പാട്: വി & എ കളക്ഷന്‍സ്

















റഫറന്‍സ്
വിക്കിപീഡിയ
റിബല്‍ സുല്‍ത്താന്‍ - മനു എസ് പിള്ള
ഇബ്നു ബത്തൂത്ത കണ്ട ഇന്ത്യ – വേലായുധന്‍ പണിക്കശ്ശേരി
ഹിസ്റ്ററി ഓഫ് മിഡിവിയല്‍ ഡെക്കാന്‍ വോള്യം 1 – പ്രൊഫ: എച്ച് കെ ഷെര്‍വാണി
ദി ആഫ്രിക്കന്‍ ഡയസ്പോറ ഇന്‍ ദി ഓഷ്യന്‍ വേള്‍ഡ്

മധ്യകാല ഇന്ത്യ – സതീഷ്‌ ചന്ദ്ര

Comments