വെല്ലൂർ കലാപം - ചരിത്രം മറന്ന ആദ്യ ശിപായി ലഹള


വെല്ലൂർ കലാപത്തിന്റെ സ്മരണാർത്ഥം 2006ൽ ഇന്ത്യ ഗവർമെന്റ്പുറത്തിറക്കിയ തപാൽ സ്റ്റാമ്പ്‌. കടപ്പാട്: https://www.istampgallery.com/

          ഇന്ത്യയിലെ  ബ്രിട്ടീഷ് ഭരണത്തികൂടത്തിനെതിരെ നടന്ന ആദ്യ  സൈനിക കലാപമായി ഇന്ത്യ  ചരിത്രത്തിൽ നാം എന്നും ഓർമ്മിക്കുന്നത്
1857ലെ ശിപായി ലഹളയാണ്.1857  മീററ്റിലെ സൈനിക ക്യാമ്പിൽ പൊട്ടി തെറിച്ച കലാപത്തിന്റെ തീ അതിന്റെ വ്യാപ്‌തി കൊണ്ടും,  ജനങ്ങളുടെ കൂട്ടായ്മ  കൊണ്ടും ഇന്ത്യയുടെ വിവിധ ദിക്കുകളിൽ  മുഴങ്ങി കേട്ടു. ആ കലാപ  തീ കെടുത്താൻ ബ്രിട്ടീഷ്കാർക്ക് ഒന്നര വർഷത്തിലെറെ പണിപ്പെട്ടനേകം യുറോപ്യൻമാരുടെ ജീവനും ഇന്ത്യയിൽ ബലി കഴിപ്പിക്കേണ്ടി വന്നു. അതിനും ഏകദേശം അര നൂറ്റാണ്ട് മുൻപ് 1806ൽ തെക്കേ ഇന്ത്യയിൽ ബ്രിട്ടീഷ് നിയന്ത്രണത്തിലുണ്ടായിരുന്ന വെല്ലൂർ കോട്ടയിലും (തമിഴ്നാട്) ഒരു ദിനം ബ്രിട്ടീഷ് അധികാര വർഗം ഇതേ അവസ്ഥ തരണം ചെയ്യേണ്ടി വന്നു.

          1806 ജൂലൈ 10നായിരുന്നു ബ്രിട്ടീഷ് ഇന്ത്യയെ പിടിച്ചു കുലുക്കിയ ആ സംഭവം വെല്ലൂർ കോട്ടയിൽ  അരങ്ങേറിയത്. ഒരു കൂട്ടം ഇന്ത്യൻ സൈനികർ അവരുടെ ബ്രിട്ടീഷ് സൈനിക മേധാവികളെ കൊന്നൊടുക്കിയ ആ സംഭവം. സംഭവ സ്ഥലത്ത് നിന്ന് എങ്ങനെയൊ രക്ഷപെട്ടോടിയ "മേജർ കൂപ്പ്സിന്റെ" അറിയിപ്പിനെ തുടർന്ന് ആർക്കോട്ടിൽ നിന്നും വെല്ലൂരിലെക്ക്  കുതിച്ച  "റോബർട്ട് റോളോ ഗില്ലസ്പിയും" സംഘവും അവിടെ എത്തിച്ചെരുന്നതിന് മുൻപ് തന്നെ കോട്ടയുടെ മേധാവി ജോൺ ഫാൻകോർട്ട്, മേജർ ആംസ്ട്രോങ്,  കേണൽ മീ കേരാസ് എന്നിവരുൾപ്പെടെ പതിനഞ്ചോളം ഉദ്യോഗസ്ഥരും, 100കണക്കിന് ബ്രിട്ടീഷ് സൈനികരും  ഇന്ത്യൻ സൈനികരുടെ പ്രതികാരത്തിനിരയായിരുന്നു.

             വെല്ലൂർ കോട്ടയിലെ  ഇന്ത്യൻ സൈനികരെ  ഇത്തരത്തിൽ ഒരു നടപടിയിലേക്ക്  കൊണ്ടെത്തിച്ച  സാഹചര്യം മദ്രാസ് പ്രവിശ്യയുടെ സൈനിക തലവൻ "സർ ജോൺ ക്രാഡോക്ക്" 1806ൽ ഇന്ത്യൻ സൈനികർക്കിടയിൽ നടപ്പിലാക്കിയ പുതു സൈനിക  ചട്ടങ്ങളായിരുന്നു." അതിൻ പ്രകാരം സൈനികർ കർണ്ണഭരണങ്ങളും, മത ചിഹ്നങ്ങളും  ഉപയോഗിക്കരുതെന്നും, താടി വളർത്തരുതെന്നും, തുകൽ തലപ്പാവ് (ഇന്ത്യൻ ക്രൈസ്തവരും,  യുറോപ്യരും ഉപയോഗിച്ച തരത്തിലുള്ള) സൈനികർ കർശനമായി ധരിക്കണമെന്നും ഉത്തരവ് ഇറക്കി". ഇത് ഹിന്ദു, മുസ്ലിം സൈനികരെ മത പരിവർത്തനം നടത്തുവാനുള്ള ഗൂഢ  ശ്രമമാണെന്ന് അവർ കരുതി. ഈ നിയമങ്ങൾക്കെതിരെ പ്രധിഷേധമുയർത്തിയ  സൈനികരെ ബ്രിട്ടീഷ്കാർ മദ്രാസിലെ സെൻറ് ജോർജ് കോട്ടയിലെത്തിച്ച് സൈനിക നടപടികൾക്ക് വിധേയമാക്കുകയും ഹിന്ദു, മുസ്ലിം വിഭാഗത്തിൽപ്പെട്ട 2 ഹവിൽദാർമാരെ 900 ചാട്ടയടിക്ക് വിധേയരാക്കി ഉദ്യോഗത്തിൽ നിന്ന് പുറത്താക്കുകയും, മറ്റുള്ളവരെ മർദ്ധിച്ച് അവശരാക്കി നിർബന്ധപൂർവ്വം മാപ്പ് അപേക്ഷിപ്പിക്കുകയും ചെയ്തു. ഈ നടപടികൾ ഇന്ത്യൻ സൈനികർക്കിടയിൽ  ബ്രിട്ടീഷ്കാരോടുള്ള വിരോധം മൂർച്ഛിക്കുവാനുള്ള കാരണമായി തീർന്നു.

              ഇതിനെ തുടർന്ന്  വെല്ലൂരിലെ 69ആം റെജിമെന്റിലെ ഇന്ത്യൻ സൈനികർ തങ്ങളുടെ സഹപ്രവർത്തകർക്കേറ്റ അപമാനത്തിനും, പീഡനത്തിനും പകരം വീട്ടാനുറച്ചു. അന്ന് ഗ്രാമങ്ങളിൽ പടർന്നു പിടിച്ച കിംവദന്തികൾ കലാപത്തിന്  ആക്കം കൂട്ടുകയും ചെയ്തു.അതിൽ ഒന്ന് ബർമീസ് രാജവംശവും, നേപ്പാളും, മാറാത്തരും, പഞ്ചാബികളും ചേർന്ന് ബ്രിട്ടനെതിരെ നീങ്ങുന്നുവെന്ന് പ്രചരിച്ചതും,  മറ്റൊന്ന് ടിപ്പു സുൽത്താന്റെ മക്കളും ഫ്രാൻസ്കാരും ചേർന്ന് ബ്രിട്ടീഷ് അധികാരം മറിച്ചിടാൻ ശ്രമം നടക്കുന്നുവെന്ന് പാവകൂത്ത്കാർ  ഗ്രാമങ്ങൾ തോറും പ്രജരിപ്പിച്ചതുമായിരുന്നു.1799 മുതൽ വെല്ലൂർ കോട്ടയിൽ ബ്രിട്ടീഷ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ടിപ്പു സുൽത്താന്റെ കുടുംബമടക്കം 3000ത്തോളം മൈസൂരിയൻമാരുടെ സാമിപ്യവും അപ്പോൾ അവിടെ ഉണ്ടായിരുന്നു.

ടിപ്പു  സുൽത്താന്റെ പതാക
1806 ജൂലൈ 9നാണ് കലാപത്തിന്റെ മുഖ്യ സൂത്രദാരികളിലൊരാളായ "ജമൈദാർ ഷെയ്ഖ് കാസിമും" കൂട്ടരും സംഘം ചേർന്നത്. അന്നേ ദിവസം തന്നെ അവർ തിരെഞ്ഞെടുത്തത് അന്ന് രാത്രിയിൽ വെല്ലൂർ കോട്ടയിൽ നടക്കുന്ന "ടിപ്പു സുൽത്താന്റെ മകളും ടിപ്പുവിന്റെ കിരീടാവകാശിയുമായ മൊഹിയുദ്ധീന്റെ സഹോദരി  നൂറു നിസ ബീഗത്തിന്റെവിവാഹ ചടങ്ങിലയിരിക്കും കോട്ടയിലുള്ളവരുടെ ശ്രദ്ധ മുഴുവനും എന്നവർക്ക് ബോധ്യമുണ്ടായിരുന്നു. അർദ്ധരാത്രിക്ക് ശേഷം ആ സൈനികർ തയാറെടുത്തു ജൂലൈ 10ന് അതിരാവിലെ വെടി  കോപ്പുകൾ പിടിച്ചെടുത്തു ഇംഗ്ലീഷ് സൈനികരെയും, ഉദ്യോഗസ്ഥരെയും അവർ  കൊന്നൊടുക്കി ടിപ്പുവിന്റെ പുത്രൻ "ഫത്തഹ് ഹൈദറിനെ" അവർ അവരുടെ രാജാവായി പ്രഖ്യാപിച്ചു, ചുകന്ന പശ്ചാത്തലത്തിൽ നരിയുടെ പച്ച വരകളുടെ മധ്യത്തിൽ സൂര്യനുളള ടിപ്പു  സുൽത്താന്റെ പതാക ഇവർ കോട്ടയിലുർത്തി. ടിപ്പുവിന്റെ പുത്രൻമാരായ മൊഹിയുദ്ധീനും, മുയ്സിദ്ധീനും ആ സൈനികർക്ക് ആശിർവാദമേകി അടക്കയും വെറ്റിലയും നൽകി, കുമാരന്മാരുടെ സേവകർ പട്ടാളക്കാരോട് ചേർന്ന് ദീൻ, ദീൻ എന്ന വിജയാരവം മുഴക്കി ഇംഗ്ലീഷ്കാരെ കൊന്നൊടുക്കാൻ അലറി വിളിച്ചു അവരോടൊപ്പം ചേർന്നു, 1799ൽ ശ്രീരംഗപട്ടണം കോട്ടയിൽ ടിപ്പുവിനൊപ്പം മരിച്ചു വീണ "സയ്യിദ് ഗഫൂറിന്റെ" മകന് മുയ്സിദ്ധീൻ ഒരു വാള് നൽകി കോട്ട  കീഴടക്കാൻ ആജ്ഞ നൽകി അതിൻ പ്രകാരം സയ്യിദ് ഗഫൂറിന്റെ മകൻ 6പൗണ്ടർ പീരങ്കി കലാപത്തിൽ പ്രവർത്തിപ്പിച്ചു. കലാപഭൂമിയിൽ നിന്നും രക്ഷപെട്ട മേജർ കൂപ്പ്സിന്റെ അറിയിപ്പിനെ തുടർന്ന് ആർക്കോട്ട് നിന്നും വലിയൊരു കുതിരപ്പടയുടെ അകമ്പടിയോടെ വെല്ലൂരിൽ എത്തിയ "കേണൽ  റോബർട്ട് റോളോ ഗില്ലസ്പിയും" സംഘവും ഗല്ലോപ്പോർ തോക്കുകൾ ഉപയോഗിച്ച് കലാപമടിച്ചമർത്തുകയും, കലാപത്തിൽ 200ഓളം ഇംഗ്ലീഷ്കാരും, 800ഓളം ഇന്ത്യൻ സൈനികരും ജീവൻ വെടിയുകയും ചെയ്തു.


മൊഹിയുദ്ധീന്‍
             കലാപനന്തരം അനവധി കലാപാകാരികളെ ശിക്ഷ നടപടിയുടെ ഭാഗമായി  തൂക്കിലേറ്റിയും, വെടിയുതിർത്തും കൊലപ്പെടുത്തി, ചിലരെ ഉദ്യോഗത്തിൽ നിന്നും പുറത്താക്കുകയും, നാടുകടത്തുകയും ചെയ്തു. ടിപ്പു സുൽത്താന്റെ പുത്രൻമാരുടെ മേൽ കലാപത്തിന്റെ സകല കുറ്റവും ആരോപിക്കപ്പെട്ടു. 1806 ആഗസ്റ്റ് 20ന്  ടിപ്പുവിന്റെ സഹോദരൻ കരിമടങ്ങുന്ന സുൽത്താൻ കുടുംബത്തെ കൊൽക്കത്തിയിലേക്ക് കപ്പൽ മാർഗം കയറ്റി നാട് കടത്തി, സെപ്റ്റംബർ 12ന് ഇവർ  കൊൽക്കത്തയിലെത്തി ചേർന്നു. അന്നേ ദിവസം സുൽത്താന്റെ 3മത്തെ പുത്രൻ അബ്ദുൾ ഖാലിഖ് മരണപെട്ടു. മൊഹിയുദ്ധീനും മുയ്സുദ്ധീനും പൂർണമായും തടവിലായി. മൊഹിയുദ്ധീ1807ൽ തടവിൽ കിടന്ന് അന്ത്യ ശാസം വലിച്ചു അതെ വർഷം തന്നെ മുയ്സുദ്ധീൻ ആത്മഹത്യ ചെയ്തു. കലാപത്തെ തുടർന്ന് മദ്രാസ് ഗവർണർ വില്ല്യം ബെൻടിക് പ്രഭുവിനെയും, സൈനിക മേധാവി ജോൺ ക്രാഡോക്കിനെയും തൽസ്ഥാനത്ത് നീക്കം ചെയ്യുകയും വസ്ത്രധാരണവുമായി ബന്ധപ്പെട്ട നിയമം റദ്ദാക്കുകയും ചെയ്തു. കലാപത്തിൽ കോട്ടയിലുയർത്തിയ മൈസൂർ പതാക  കേണൽ  റോബർട്ട് റോളോ ഗില്ലസ്പി "വിൻഡ്സൊർ കൊട്ടാരത്തിന്" കൈമാറി. വെല്ലൂർ കലാപത്തിന്റെ സ്മരണാർത്ഥം 2006ൽ ഇന്ത്യ ഗവർമെന്റ് തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കുകയും ചെയ്തു.

 മുയ്സുദ്ധീന്‍
ഫത്തഹ് ഹൈദര്‍

റഫറൻസ്

നവാബ് ടിപ്പു സുൽത്താൻ ഒരു ചരിത്ര പഠനം - ഡോ : കെ കെ എൻ കുറുപ്പ്

Despair, Revolution and Exile: Tipu Sultans’ Family in Vellore - Nidhin George Olikkara

Tiger of Mysore: The life and death of Tipu Sultan - Denys Mostyn Forrest

Comments