ഇന്ത്യൻ പടനായകന്റെ പേരിൽ ഒരു അമേരിക്കൻ പടക്കപ്പൽ


കടപ്പാട്: ഡെക്കാന്‍ ഹെറാള്‍ഡ്
            18ആം നൂറ്റാണ്ടിൽ ഇന്നത്തെ ഇന്ത്യയിൽ നിന്നുള്ള ഒരു പോരാളിയുടെ പേര്  കടലും കടന്ന് കാതങ്ങൾ സഞ്ചരിച്ചിരുന്നു. വർത്തമാന കാലത്തിലും പ്രശസ്തരായ അയാളുടെ സമകാലിനാരായ അമേരിക്കൻ സ്വാതന്ത്ര്യ പോരാളികളും, സ്ഥാപക നേതാക്കളുമായ ജോർജ്ജ് വാഷിംഗ്ടണും, ജോൺ ആഡംസും, ബെഞ്ചമിൻ ഫ്രാങ്കിളിനും, ബെഞ്ചമിൻ ഹാരിസണുമുൾപ്പെടെയുള്ളവർ ഇയാളുടെയും കൂട്ടരുടെയും ബ്രിട്ടീഷ്കാർക്കെതിരെയുള്ള  പ്രധിരോധ പ്രവർത്തനങ്ങളെ അത്യാകാംശയോടെ നോക്കി കണ്ടു. 1780 സെപ്റ്റംബർ 10ന് അയാളും മകനും കാഞ്ചിപുരത്തിലെ പൊള്ളിലൂരിൽ സ്വയം നിർമ്മിത റോക്കറ്റുകളുടെ മുൻ‌തൂക്കത്തോടെ ബ്രിട്ടീഷ്കാർക്കെതിരെ നേടിയ വിജയം മാസങ്ങൾക്കിപ്പുറം അമേരിക്കയിലെത്തിയ അവസരം തന്നെയായിരുന്നു അവരുടെ സർവസൈന്യാധിപൻ ജോർജ്ജ് വാഷിങ്ടൺ ബ്രിട്ടീഷ്കാരെ യോർക്ക് ടൗണിൽ മുട്ട് കുത്തിച്ചത് (1781 ഒക്ടോബർ). അതിന്റെ ഭാഗമായി ന്യൂജേഴ്‌സിയുടെ തലസ്ഥാനമായ ട്രെന്റണിൽ നടന്ന വർണ്ണ ശബളമായ ആഘോഷത്തിൽ ആ ഇന്ത്യക്കാരന്റെ  വിജയവും ആഘോഷിക്കപ്പെട്ടു. വലിയൊരു ജനപങ്കാളിത്തത്തോടെ പ്രെസ്ബൈറ്റീരിയൻ ചർച്ചിൽ  നടന്ന വിരുന്നിൽ  മുഴങ്ങി കേട്ട  ആചാരവെടികളിലൊന്നു ഇന്ത്യയിൽ ബ്രിട്ടീഷ് ശക്തികളുടെ അടിവേരിളക്കിയ അയാളുടെ വീരോചിത വിജയത്തിന്റേത് കൂടിയായിരുന്നു.

                       1720കളിൽ കർണാടകയിലെ ബുദികോട്ടയിൽ ഒരു സേനനായകന്റെ മകനായിയാണ് ആ പോരാളിയുടെ ജനനം. അനാഥന് തുല്യമായി ബാല്യം ചിലവഴിച്ച അയാൾ  സൈനികനായി തുടങ്ങി അസാധാരണ യുദ്ധ പാടവും കൊണ്ടും, ബുദ്ധി ശക്തി കൊണ്ടും ആ കാലത്തെ ഇന്ത്യയിലെ തന്നെ പ്രബലമായൊരു സാമ്രാജ്യത്തിനുടമായായിമാറി.ഹൈദർ അലി ഖാൻ എന്നറിയപ്പെട്ട അയാൾ തന്റെ മൈസൂർ  സാമ്രാജ്യത്തിലിരുന്ന് മറാത്തരെയും, ഹൈദ്രബാദ് നൈസാമിനെയും, ആർക്കോട്ട് നവാബിനെയും, ബ്രിട്ടീഷ്കാരെയും, ഫ്രാൻസ്കാരെയും, ഡച്ച്കാരെയും തന്റെ ഇംഗിതത്തിനുസരിച്ചു തുള്ളിച്ചു. ഉന്നത കുലജാതർക്ക് മാത്രം മുഗളർ നൽകിയിരുന്ന നവാബ് സ്ഥാനം ആർക്കോട്ട് നവാബിനെയും, ബ്രിട്ടീഷ്കാരെയും തകർത്ത് ഹൈദർ പിടിച്ചു വാങ്ങി സ്വയം എടുത്തണിഞ്ഞു . ബ്രിട്ടീഷ്കാരെ ഇന്ത്യയിൽ നിന്നും ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തിന് വേണ്ടി  മാറാത്തരും, ഹൈദറും, ഹൈദ്രബാദ്  നൈസാമും ചേർന്ന് രൂപികരിച്ച മൂപ്പിരി  സഖ്യത്തിൽ മറ്റുള്ളവർ പിറകോട്ടു പോയപ്പോളും അയാൾ മാത്രം  അതിൽ ഉറച്ചു നിന്നു. 1767ൽ ബ്രിട്ടീഷ്കാർ തുടങ്ങി വച്ച  ഒന്നാം ആംഗ്ലോ മൈസൂർ യുദ്ധം മുതൽ 1782ൽ  ഹൈദറുടെ മരണം വരെ  ബ്രിട്ടീഷ്കാർക്കയാൾ ഒരു  ഭീഷണിയായി തുടർന്നു. 1769ൽ ഒന്നാം ആംഗ്ലോ മൈസൂർ യുദ്ധത്തിന്റെ പര്യവസാനത്തിൽ ഹൈദർ മുന്നോട്ട് വച്ച പല മാനം കെടുത്തുന്ന വ്യവസ്ഥകളും ബ്രിട്ടീഷ്കാർക്ക് അംഗീകരിക്കേണ്ടി വന്നു  ഈസ്ററ് ഇന്ത്യ കമ്പനി തന്നെ കടക്കെണിയിലേക്ക് വഴുതി വീണു. ശേഷം ഹൈദറുടെ മകനും ഒട്ടും മോശമല്ലാത്ത രീതിയിൽ തന്നെ  ബ്രിട്ടീഷ്കാർക്ക് തലവേദനയായി മാറി.
             
                ശക്തരായ ബ്രിട്ടീഷ്കാരുമായി ഹൈദർ ഉരസലുകൾ തുടങ്ങിയ നാൾ മുതൽ തന്നെ അയാളുടെ കഥകൾ യൂറോപ്പിൽ പരന്നു തുടങ്ങിയിരുന്നു. ഹൈദറുടെ  വീരകഥകൾ കേട്ടറിഞ്ഞ ഒരു ബ്രിട്ടീഷ് പ്രഭു ആരാധന മൂത്ത് 1765കളിൽ തന്റെ മത്സര കുതിരക്ക് ഹൈദറുടെ പേര് ചാർത്തി കൊടുത്തു. അങ്ങകലെ അമേരിക്കൻ ഐക്യ നാടുകളിൽ 4ഓളം മത്സര കുതിരകൾ ഹൈദർ അലിയെന്ന പേരിൽ മത്സര വേദികളിലോടി. 1782ൽ രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധത്തിന്റെ പാതിയിൽ ക്യാൻസർ ബാധിതനായി ചിറ്റൂരിൽ വച്ച് മരണമടഞ്ഞ ഹൈദർ അലിക്ക് അമേരിക്ക ഉപചാരമറിയിച്ചത് അവരുടെ പട കപ്പലിന് ആ മൈസൂർ പോരാളിയുടെ പേര്  നൽകിയാണ്. പോർട്ട് ലാൻഡിൽ നിർമ്മിക്കപ്പെട്ട ഹൈദറിന് 367 ടൺ ഭാരവും, 20ഓളം പീരങ്കികളും, 100ലേറെ നാവികരെയും, വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നു. മൈസൂരിലെ ഹൈദർ അലിയെ പോലെ തന്നെ ഹൈദറെന്ന പട കപ്പലും ബ്രിട്ടീഷ്കാരെ വിറപ്പിച്ചവനായിരുന്നു.അമേരിക്കൻ സ്വതന്ത്ര സമരത്തിന്റെ ഭാഗമായി 1782 ഏപ്രിൽ 8ന് ഡെലവെയർ ബേയിൽ കോണ്ടിനെന്റൽ നേവി ഉദ്യോഗസ്ഥനായ 26 വയസ്സുകാരൻ ജോഷ്വാ ബർണിയുടെ നേതൃത്തിൽ  ഹൈദർ അലി ബ്രിട്ടീഷ്കാർക്കെതിരെ വലിയൊരു വിജയം തന്നെ നേടിയെടുത്തു. 125നാവികരും10 ആറ് പൗണ്ടർ പീരങ്കികളും, 6 ഒമ്പത് പൗണ്ടർ പീരങ്കികളുമായി ഹൈദർ അലി എച്ച് എം എസ്  ജനറൽ മോങ്ക് എന്ന ബ്രിട്ടീഷ് പടക്കപ്പലിനെ തകർത്തു 53 ബ്രിട്ടീഷ്സൈനികരെയും വധിച്ചു വിജയം നേടിയെടുത്തു.


റഫറൻസ്

➦ ഹൈദർ അലിയുടെ ബ്രിട്ടീഷ് ബന്ധങ്ങൾ - ബി ഷെയ്ക്ക് അലി

➦ അമേരിക്കൻ ആർക്കൈവ്‌സ്

➦ United States Navy Chronicles: Charles Washington Goldsborough


➦ Diary of the American Revolution,  Volume 2: Frank Moore

Comments