ഒരു സൈന്യത്തിന്റെ അവശിഷ്ടം

ഒരു സൈന്യത്തിന്റെ അവശിഷ്ടം കടപ്പാട്: Tate galleries 


      എലിസബത്ത് സതർഡൻ തോംസൺ അഥവാ  ലേഡി ബട്ട്‌ലർ (1846-1933) ചായ കൂട്ടുകൾ കൊണ്ട് ഒരു കാലത്തെ ബ്രിട്ടീഷ് യുദ്ധ ഗാഥകളെ മിഴിവൊട്ടും ചോരാതെ ക്യാൻവാസിൽ നിറം പിടിപ്പിച്ചവൾ. ലേഡി ബട്ട്‌ലറുടെ ചിത്രരചനകളിൽ പ്രശസ്തി പിടിച്ചു പറ്റിയവയാണ് സൗത്ത് ആഫ്രിക്കയുമായി നടന്ന ബ്രിട്ടന്റെ ഒന്നാം ബോവർ യുദ്ധത്തെ അടിസ്ഥാനപ്പെടുത്തിയുള്ള   "ഫ്ലോററ്റ് എറ്റോണയും", വാട്ടർ ലൂ യുദ്ധത്തെ അടിസ്ഥാനപ്പെടുത്തിയുള്ള "സ്കോട്ലാൻഡ് ഫോറെവറും", ക്രിമിയൻ യുദ്ധവുമായി ബന്ധപ്പെട്ട "ദി റോൾ കോളും", ആംഗ്ലോ സുളു യുദ്ധവുമായി ബന്ധപ്പെട്ട "ദി ഡിഫൻസ് ഓഫ് റൊക്കെർസ്‌ ഡ്രിഫ്റ്റും". അങ്ങനെ ജീവിതഗന്ധിയായ ഒട്ടനവധി യുദ്ധഗാഥകൾക്ക്  ലേഡി ബട്ട്ലർ നിറം പകർന്നിരുന്നു.

          ലേഡി ബട്ട്‌ലറുടെ ചിത്രങ്ങളുടെ കൂട്ടത്തിൽ ബ്രിട്ടീഷ് സാമ്രാജ്യ വികസനത്തിന്റെ ഭാഗമായി നടന്ന യുദ്ധ പരമ്പരകളിൽ ദാരുണമായ സംഭവങ്ങളിലൊന്നിനെ   അടയാളപ്പെടുത്തിയ ചിത്രമാണ്  "റെംനന്റ്സ് ഓഫ് ആൻ ആർമി അഥവാ ഒരു സൈന്യത്തിന്റെ അവശിഷ്ടം". 1842 ജനുവരി 13ന് തന്റെ അവസാന ശ്വാസവും മുറുകെപ്പിടിച്ചു കാബൂളിൽ നിന്നും ജീവന്റെ അവസാന രക്ഷകേന്ദ്രമായ ജലലാബാദ് കോട്ട മതിലിലേക്ക് ആഗതനാവുന്ന മൃതപ്രാണരായ ബംഗാൾ ആർമിയിലെ സർജൻ  ഡോ: വില്ല്യം ബ്രൈഡനെയാണ് ഈ ചിത്രത്തിലൂടെ ലേഡി ബട്ട്ലർ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സൈന്യത്തിന്റെ അവശിഷ്ടമെന്നി ചിത്രത്തിനാധാരം റഷ്യയിലെ നിക്കോളാസ് ഒന്നാമന്റെ മദ്ധേഷ്യയിലെ സ്വാധീനം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കടക്കുമെന്ന് ആശങ്കയിൽ അതിനെ ചെറുക്കാനായി ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടം അഫ്‌ഗാനിലെ ബാരക്സായ് ഭരണകൂടത്തിലെ  അമീർ ദോസ്ത് മുഹമ്മദ് ഖാനെ നീക്കം ചെയ്ത് പകരം ഷാ ഷൂജ ദുറാനിയെ അവിടെ വാഴിക്കാനുള്ള ശ്രമഭലമായി 1839 -1842വരെയുള്ള 3വർഷക്കാലം അഫ്ഗാൻ ഭരണകൂടവും ബ്രിട്ടീഷ്കാരും നടത്തിയ ഒന്നാം ആംഗ്ലോ അഫ്ഗാൻ യുദ്ധവുമായി ബന്ധപ്പെട്ട കാബൂളിൽ നിന്നുള്ള ബ്രിട്ടീഷ് സേനയുടെ പിന്മാറ്റത്തെ കുറിച്ചുള്ളതാണ്. ഒന്നാം അഫ്ഗാൻ യുദ്ധത്തിലെ ആദ്യ വിജയങ്ങൾ ബ്രിട്ടന് അനുകൂലവും ബാമിയാൻ ചാരികാർ‍,ഖ്വലാത് ഇ ഗിത്സായ്, കന്ദഹാർ, ജലാലാബാദ്, ഗസ്നി, കാബൂൾ  ഇവിടമൊക്ക പിടിച്ചെടുത്ത് ഷാ ഷൂജ ദുറാനിയെ കാബൂളിന്റെ രാജാവായി വാഴിക്കുകയും ചെയ്തു. പക്ഷെ 1841കളോടെ അഫ്‌ഗാന്റെ രാഷ്ട്രീയ അന്തരീക്ഷം ആകെ കലങ്ങി മറിയുകയും അഫ്‌ഗാനികളിൽ ബ്രിട്ടീഷ് വിരുദ്ധത ഉടലെടുക്കുക്കയും ദോസ്ത് മുഹമ്മദ്‌ ഖാന്റെ പുത്രൻ വസീർ അക്ബർ ഖാന്റെ കടന്ന് വരവും, പഷ്ത്തൂണികളും, ഖിൽജികളും,  ഗസ്നികളുമുൾപ്പെടുന്ന മറ്റ് അഫ്ഗാൻ ഗോത്രങ്ങളും ബ്രിട്ടീഷ്കാർക്കെതീരെ അണിനിരന്നതും  ഈ ബ്രിട്ടീഷ് വിരുദ്ധതക്ക്‌ മൂർച്ച കൂട്ടുകയും ചെയ്തു. ഇതിനെ തുടർന്ന് അഫ്ഗാനികൾ ബ്രിട്ടീഷ്കാരെ ഒളിപ്പോരിലൂടെയും മറ്റും കായികമായി പലയിടത്തും നേരിടുകയും പ്രമുഖ ബ്രിട്ടീഷ് ഉദ്യോഗസ്ഥരായ അലക്സാണ്ടർ ബർണസ്, സഹോദരൻ ചാൾസ് ബർണസ്, വില്ല്യം ഹെ മക്നാട്ടെ എന്നിവരൊക്കെ അഫ്‌ഗാനികളുടെ വിരോധത്തിന് ഇരയാവുകയും ചെയ്തു. അഫ്‌ഗാനിലെ പിടിച്ചു നിൽപ്പ് അസാധ്യമെന്ന് കണ്ട ബ്രിട്ടീഷ്കാർ 1842 ജനുവരിയോട് അഫ്‌ഗാനികളുമായി സന്ധിയിൽ എത്തിച്ചെരുകയും ബ്രിട്ടീഷ്കാർ അവരുടെ പിന്മാറ്റത്തിന് ധാരണയിലെത്തുകയും ചെയ്തു. അതിൻ പ്രകാരം 16000ത്തോളം ബ്രിട്ടീഷ്കാരും ഇന്ത്യക്കാരുമായ സൈനികരുമായി 1842 ജനുവരി 6-ആം തിയതി കാബൂളിൽ നിന്നും ജലാലബാദിലേക്ക് തിരിച്ച മേജർ ജനറൽ വില്യം എൽഫിൻസ്റ്റോണും സംഘവും ചെന്ന് ചാടിയത് അഫ്‌ഗാനികൾ കരുതിവെച്ച മരണക്കെണിയിലായിരുന്നു. കാബൂളിലും, ഖൂർദ് കാബൂൾ നിരകളിലും, ഗണ്ടാമാർക്കിലും മറ്റും അക്ബർ ഖാന്റെ അറിവോടെ ഖിൽജികളും, പഷ്തൂണുകളും മറ്റ് അഫ്ഗാൻ ഗോത്രങ്ങളും അവരെ കൊന്ന് തള്ളി. കാബൂളിൽ നിന്നും ജലാലബാദിക്കുള്ള ഈ 16000ത്തോളം പേരുടെ ആ യാത്രയിൽ ആകെ അവശേഷിച്ചത് ലേഡി ബട്ട്ലറുടെ ഒരു സൈന്യത്തിന്റെ അവശിഷ്ടം എന്നി ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഡോ: വില്ല്യം ബ്രൈഡൻ മാത്രമായിരുന്നു. എണ്ണ ചായമുപയോഗിച്ച്  പൂര്‍ത്തിയാക്കിയ ചിത്രം 1879ലെ റോയൽ സമ്മർ എക്സിബിഷനിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചിത്രം പിന്നീട് സർ ഹെൻട്രി ടൈറ്റ് സ്വന്തമാക്കുകയും 1897ൽ ടൈറ്റ് ഗാലറിക്ക് കൈമാറുകയും ചെയ്തു. 

റഫറൻസ്

Return of a King - William Dalrymple

➦ 1857 ചരിത്രവും പഠനവും - ഡോ: കെ കെ എന്‍ കുറുപ്പ്

Comments