തിരുവിതാംകൂർ മുഗൾ നവാബിന് കപ്പം കൊടുക്കുന്നു


മുഹമ്മദ് അലിഖാന്‍ വലിജയും  മാര്‍ത്താണ്ഡവര്‍മ്മയും

  

                "ശ്രീ പത്മനാഭദാസ വഞ്ചി പാല വർമ കുലശേഖര പെരുമാൾ കിരിടപതി 

                 മന്നെ സുൽത്താൻ മഹാരാജാ രാജാ രാമരാജ ബഹദൂർ, ഷംഷെർ ജംഗ്"


              തിരുവിതാംകൂർ രാജാക്കൻമാരുടെ ഈ രാജകീയ നാമം നമുക്കെല്ലാം കേട്ട് പരിചിതമാണ് അതിൽ സുൽത്താൻ (ഭരണാധികാരി ), ബഹദൂർ (ധീരൻ ), ഷംഷെർ ജംഗ് (രണഭൂമിയിലെ വാൾ ) എന്നി ഇസ്ലാമിക ഭരണധികാര തുറകളിൽ നൽകപ്പെട്ടിരുന്ന ബിരുദങ്ങൾ ഇവരുടെ പേരിന്റെ കൂടി കയറി കൂടിയതിന് പിന്നിൽ ഒരു ചരിത്രം ഉണ്ട്. ആ ചരിത്രം തുടങ്ങുന്നത് ഡെക്കാനിന്റെ ഭാഗധേയങ്ങളെ മാറ്റി മറിച്ച മുഗൾ ചക്രവർത്തി ആലംഗീർ ഔറംഗസീബിലുടെയാണ്. തന്റെ പിതാമഹൻമാർ ബാക്കി വച്ച ഡെക്കാൻ എന്ന സ്വപ്നം അവസാന ഡെക്കാൻ സുൽത്താനായ ഗോൾഗണ്ടയിലെ അബുൽ ഹസ്സൻ ഖുതുബ് ഷായെയും വീഴ്ത്തി ഔറംഗസീബ് 1687ൽ സാക്ഷാത്കരിച്ചു. മുഗൾ അധീനതയിലായ ഡെക്കാന്റെ ഭരണ ചുമതല ഔറംഗസീബ് ഹൈദരാബാദ് നൈസാമുകൾക്ക് കൈമാറുകയും ഈ ഡക്കാൻ കീഴടക്കൽ മാറാത്തരും മുഗളരും തമ്മിലുള്ള നിരന്തര ഏറ്റുമുട്ടലുകളിലേക്ക് നയിക്കപ്പെടുകയും  ചെയ്തു. ഈ ഏറ്റു മുട്ടലുകളുടെ തുടർച്ചയായി 1690ൽ ശിവാജിയുടെ പുത്രനും മൂന്നാം ഛത്രപതിയുമായ രാജാറാമിനെ ജിൻജ്ജിയിൽ പരാജയപ്പെടുത്തിയ ഔറംഗസീബിന്റെ സൈന്യാധിപൻ സുൾഫിക്കർ ഖാനെ ഔറംഗസിബ് 1692ൽ ഇന്നത്തെ കർണാടകയുടെയും തമിഴ്നാടിന്റെയും ചില ഭാഗങ്ങളുടെ അധികാരം കൈമാറി കർണ്ണാട്ടിക് നവാബെന്ന (ആർക്കോട്ട് നവാബ്) പേരിൽ അവരോധിച്ചു. ഇവരിൽ 4ആം നവാബ് ദോസ്ത് അലി ഖാന്റെ സൈന്യാധിപനും അനന്തിരവനുമായ ചന്ദ സാഹിബ് മധുരൈ കീഴടക്കിയതോടെ 17ആം നൂറ്റാണ്ടിലുടനീളം അതിർത്തി തർക്കങ്ങളുടെ പേരിൽ വേണാടും മധുരൈ നായ്ക്കരും തമ്മിൽ തോവാളയുൾപ്പെടുന്ന നാഞ്ചിനാട്ടിലും, പശ്ചിമ ഘട്ടത്തിന് കിഴക്കുള്ള വേണാട്ടിലും നടത്തിയ  യുദ്ധ പരമ്പരകളുടെ പിന്തുടർച്ചവകാശം ആർക്കോട്ട് നവാബുമാരെറ്റെടുത്തു. ഇതിന്റെ മുന്നോടിയായി ചന്ദ സാഹിബ്  1740 ഫെബ്രുവരിയിൽ തിരുനൽ വേലി ആക്രമിക്കുകയും ആരുവാമൊഴി ചുരം വഴി നാഞ്ചി നാട്ടിൽ കടക്കുകയും തോവാള, നാഗർ കോവിൽ, ശുജീന്ദ്രം, വ്യാവസായിക കേന്ദ്രമായ കോട്ടാർ എന്നി പ്രദേശങ്ങൾ കയ്യടക്കുകയുമുണ്ടായി. അതെ സമയം വർമ്മ  തന്റെ സാമ്രാജ്യ വികസനത്തിന്റെ ഭാഗമായി ദേശിനങ്ങാടിനെ ആക്രമിച്ചതിനെ തുടർന്ന് ദേശിനങ്ങാട്  കായംകുളം, കൊച്ചി, ഡച്ച് എന്നിവരോട് ചേർന്ന്  മാർത്താണ്ഡനുമായി യുദ്ധത്തിലായിരുന്നു. ഈ അസന്നിത ഘട്ടത്തിൽ തന്റെ സാമ്രാജ്യത്തിന്റെ തെക്ക് ഭാഗം ചന്ദ കയ്യേറിതറിഞ്ഞ മാർത്താണ്ഡൻ രാമയ്യൻ ദളവയെ അയച്ച് എങ്ങനെയെങ്കിലും ചന്ദയെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തുകയും  വമ്പൻ സമ്മാനങ്ങൾ നൽകി ചന്ദ സാഹിബിനെ ദളവ മടക്കി അയക്കുകയും ചെയ്തു. ചന്ദ തിരുവിതാംകൂറിൽ മറ്റൊരാക്രമണത്തിന് മുതിരാതെ പെടുന്നനെ മടങ്ങാനുണ്ടായ  കാരണം മറാത്തരുടെ കർണാട്ടിലേക്കുള്ള കടന്ന് കയറ്റമായിരുന്നു.

                  1743ൽ ഹൈദ്രബാദ് നൈസാം അസഫ് ജാ 1മൻ മുഗളർക്ക് വേണ്ടി കർണ്ണാട്ടിക്കിൽ നിന്നും മറത്തരെ പുറന്തള്ളി ആർക്കോട്ട് നവാബായി അൻവറുദ്ധീൻ ഖാനെ നിയമിക്കുകയും അയാൾ 1749ൽ രണ്ടാം കർണാട്ടിക്കിൽ യുദ്ധത്തിൽ ആമ്പൂരിൽ വച്ച്  കൊല്ലപ്പെടുകയും  മകൻ  മുഹമ്മദ്‌ വലിജ തൃഷ്‌ണാപ്പിള്ളിയിലേക്ക് പലായനം ചെയ്യുകയും  ചെയ്തതോടെ കർണാട്ടിക് നവാബ് സ്ഥാനം ചന്ദ സാഹിബിന് വന്ന് ചേർന്നു. അതോടെ കർണ്ണാട്ടിക് തെക്കൻ പ്രദേശങ്ങൾ നോക്കി നടത്തനായി നിയോഗിതനായ മുഡെമിയ (മുഹമ്മദ്‌ മൈനക്) വേണാടിന്റെ പ്രദേശങ്ങളായ കളക്കാടും, വള്ളിയൂരും പിടിച്ചടക്കുകയും ചെയ്തു. പക്ഷെ മാർത്താണ്ഡ വർമ്മയെ രാജ്യം നഷ്ടപ്പെടാതെ  ഇത്തവണയും ഭാഗ്യം തുണച്ചു. യജമാനൻ  ചന്ദ സാഹിബ് ഉടനെ കൊല്ലപ്പെട്ടതും എതിരാളി മുഹമ്മദ്‌ വലിജ നവാബ് സ്ഥാനത്ത് എത്തിയതും മുഡെമിയയെ മാർത്താണ്ഡനുമായി ഒരു രഞ്ജിപ്പിലെത്താൻ നിർബന്ധിതനാക്കി. അങ്ങനെ 1752  രാമയ്യൻ വഴി കളക്കാട് മുതൽ കന്യാകുമാരി വരെ നീണ്ട് കിടക്കുന്ന ഒരു പ്രദേശം മുഡെമിയയിൽ നിന്നും വിലക്കെടുത്ത് 2000 സൈനികരെയും മാർത്താണ്ഡൻ അവിടെ കാവലിന് നിർത്തി. പുതു നവാബായി വന്ന മുഹമ്മദ്‌ വലിജ മുഡെമിയയെ പിടി കൂടാനും തിരുന്നൽ വേലിയുൾപ്പെടെയുള്ള തന്റെ പ്രദേശങ്ങൾ തിരികെ പിടിക്കാനുമായി മഹ്ഫൂസ് ഖാനെയും, ബ്രിട്ടീഷ് കേണൽ ഹീറനെയും 1755ൽ ഈ പ്രദേശങ്ങളിലേക്ക് അയച്ചു. വാർത്തയറിഞ്ഞ മുഡെമിയ നെൽകാട്ടം ചെവ്വലിലെ പുലിത്തെവരുടെ അടുക്കൽ അഭയം പ്രാപിക്കുകയും, മാർത്താണ്ഡൻ ബ്രിട്ടീഷ് സഹായം തേടുകയും കേണൽ ഹീറനോട് മദ്രസ്  പ്രസിഡന്‍സി തിരുവതാംകൂറിൽ നാശനഷ്ടങ്ങൾ വരുത്തരുതെന്ന നിർദ്ദേശവും നൽകി. ഇതിനിടയിൽ മഹ്ഫൂസ് ഖാൻ തോവാളയും, കളക്കാടും പിടിച്ചെടുക്കുകയും തിരുവതാംകൂർ സൈന്യം ഈ പ്രദേശങ്ങളിൽ നിന്ന് ഓടി പോവുകയും ചെയ്തു. മഹ്ഫൂസ് ഖാനെ അനുഗമിച്ചിരുന്ന ബ്രിട്ടീഷ് സൈന്യം തൃഷ്ണാപ്പിള്ളിയിലേക്ക് മടങ്ങിയതോടെ ഒളിവിൽ നിന്നും പുറത്ത് വന്ന മുഡെമിയ പുലി തേവരുടെ കല്ലൻമാരുടെയും, മാർത്താണ്ഡന്റെ സൈന്യത്തിന്റെ സഹായത്തോടും കൂടി മഹ്ഫൂസ് ഖാനെ തുരത്തിയോടിച്ചു അനേകം പേരെ തടവിൽ പിടിക്കുകയും ചെയ്തു.  പക്ഷെ 1756ൽ തിരുന്നൽ വേലിയിൽ വച്ച് മഹ്ഫൂസ് ഖാൻ മുഡെമിയയെ വധിച്ചു തിരുവതാംകൂർ സൈന്യത്തെ തുരത്തുകയും ചെയ്തു.  മഹ്ഫൂസ് ഖാന്  പക്ഷെ അധിക നാൾ  ആ വിജയം പിടിച്ചു നിർത്താൻ ആയില്ല തിരുവതാംകൂർ സൈന്യത്തിന്റെയും, മറ്റു സമീന്താർമാടെയും നിരന്തര കൊള്ള കാരണം സൈനികർക്ക് ശമ്പളം പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തിചേർന്നു. കൂടാതെ അയാൾക്ക്‌ പകരം  "യൂസഫ് ഖാനെന്ന മരുത നായകം" ആ സ്ഥാനം ഏറ്റെടുത്തതും അയാളെ നവാബിൽ നിന്ന് അകറ്റി സ്വയം ഒരു എതിരാളിയായി മാറിയ  അയാൾ മാർത്താണ്ഡ വർമ്മക്ക് 1757ൽ കളക്കാടും, മാർത്താണ്ഡൻ അവകാശപ്പെട്ട മറ്റ് ജില്ലകളും വിട്ട് കൊടുത്തു. പക്ഷെ ഗംഗയ്‌ കൊണ്ടൻ എന്ന സ്ഥലത്ത് വച്ച് (1757 ഡിസംബർ) മഹ്ഫൂസ് ഖാൻ മരുത നായകത്താൽ തോൽപ്പിക്കപ്പെടുകയും കളക്കാട് മുതൽ തർക്ക പ്രദേശങ്ങൾ ഒന്നൊഴിയാതെ മാർത്താണ്ഡനിൽ നിന്നും യുസഫ് ഖാൻ മോചിപ്പിക്കുകയും ചെയ്തു. പക്ഷെ മരുത നായകവും, ആർക്കോട്ട് നവാബും തമ്മിൽ പൊട്ടി പുറപ്പെട്ട കലഹം ഇത്തവണയും തിരുവിതാംകൂറിനെ തുണച്ചു 1764വരെ  കലഹത്തിൽ ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന ഇവരിൽ നിന്നും യാതൊരു എതിർപ്പും കൂടാതെ സകല പ്രദേശങ്ങളും തിരുവിതാംകൂറിന് നേടാനായി. 1764ൽ മരുതനായകത്തെ തൂക്കിലേറ്റി സകല കലാപവും അടിച്ചമർത്തിയ ആർക്കോട്ട് നവാബ് വലിജ സകല ശ്രദ്ധയും തിരുവതാംകൂറിനെതിരെ തിരിച്ചു. 

              തിരുവിതാംകൂറിനെതിരെ ആർക്കോട്ട് നവാബ് നേരിട്ട് വലിയൊരു വിഭാഗം ബ്രിട്ടീഷ് സൈനികരുടെ അകമ്പടിയോടെ പാളയംകോട്ടയിൽ വന്നെത്തി. പാളയംകോട്ട ഒരു ആക്രമണത്തിന് മുതിരാതെ തന്നെ നവാബിന് കീഴടങ്ങി. ധർമ്മ രാജയോട് ആരുവാ മൊഴി ചുരത്തിന് കിഴക്കുള്ള സകല  ദേശവും ഒഴിയാൻ നവാബ് കൽപ്പിക്കുകയും  ശക്തനായ നവാബിനെതിരെ ഒരു യുദ്ധത്തിന് മുതിരാതെ രാജ നവാബ് ആവശ്യപ്പെട്ട ജില്ലകളല്ലാം വിട്ട് കൊടുക്കുകയും തോവാളയിൽ നിന്നും സൈന്യത്തെ പിൻവലിക്കുകയും ചെയ്തു.  ഈ പ്രശ്നങ്ങൾ ഒത്ത് തീർപ്പാക്കാൻ മദ്രാസ്, ബോംബെ കൗൺസിലുകൾക്ക് രാജ എഴുതുകയും അഞ്ചു തെങ് ഫാക്ടറി അതിന് ചുക്കാൻ പിടിക്കണം എന്നറിയിക്കുകയും മേജർ കോളിനെ മദ്രാസ് കൗൺസിൽ ഇടനിലക്കാരൻ ആയി നിയമിക്കുകയും ചെയ്തു. മാർത്താണ്ഡ വർമ്മ നേരത്തെ തന്നെ കളക്കാട്, നംഗനാച്ചിയാർ, വിജയപ്പെട്ടി, ധാര പുരം, പറയക്കുടി, വള്ളിയൂർ, ത്രിക്കണം കുടി, വിജയ നാരായണം എന്നി പ്രദേശങ്ങൾ പൂർവ്വികമായി തങ്ങൾക്ക്‌ അവകാശപ്പെട്ടതാണെന്നും  അവ വിട്ട് തരണമെന്നും (കമ്പനി നടത്തിയ കൂടുതൽ അന്വേഷണത്തിൽ  കമ്പനിയുടെ നികുതി പിരിവുകാരൻ തിത്തരിപ്പ മുതലിയാർ രാജാവോ പൂർവ്വികരോ ഒരു കാലത്തും ഈ സ്ഥലങ്ങൾ മുൻകാലത്ത് കൈവശം വച്ചിരുന്നില്ല എന്ന് കമ്പനിയെ ബോധിപ്പിക്കുകയും  ചെയ്തു) കമ്പനിയോട്  വാദിച്ചിരുന്നു. ധർമ്മ രാജയും ഈ വാദമുഖം മുന്നോട്ട് വച്ചു അങ്ങനെയെങ്കിൽ കമ്പനിക്ക്‌ 2000 കണ്ടി കുരുമുളക് മുടങ്ങാതെ വർഷ വർഷം വന്ന് ചേരുമെന്നും കൂടാതെ ഒരു കൊടിമരം സ്ഥാപിക്കാനുള്ള അനുവാദം നൽകണമെന്നും,  നവാബിന് 60000 ഫണവും ഒരു ആനയെയും വർഷത്തിൽ സമ്മാനിക്കുമെന്നും കൂടാതെ 40000 ഫണം പതിവായി നൽകാമെന്നും മദ്രാസ് കൗൺസിലിനെ അറിയിക്കുകയും ചെയ്തു.

         രാജയുടെ ഈ നിർദേശം നവാബ് പൂർണ്ണമായും എതിർക്കുകയും ഒരിക്കലും ചുരത്തിന് കിഴക്കോട്ട് ഉള്ള ദേശങ്ങൾ  തിരുവതാംകൂറിന് സ്വന്തമായിരുന്നില്ല എന്നും 50000 രൂപ സ്ഥിരമായി തിരുവതാംകൂർ കപ്പം നൽകണം എന്നും നവാബ്  ആവശ്യപ്പെട്ടു. കമ്പനി ഉദ്യോഗസ്ഥരും നവാബിനെ അനുകൂലിച്ചതിനാൽ നവാബിൽ നിന്ന് സനദ് (Deed) സ്വീകരിച്ചു സാമന്തൻ ആവാൻ രാജ  സമ്മതം അറിയിക്കുകയും കളക്കാടിലെയും , മറ്റ് ജില്ലകളിലെയും അവകാശങ്ങൾ രാജ  ഉപേക്ഷിക്കുകയും ചെയ്തു. സനദ് പ്രകാരം  "മറവരുടെ സമീന്താറായ (മറവരുടെ ഭൂവുടമ)  തിരുവതാംകൂർ രാജാവ് നവാബ് വലീജയുടെ സർക്കാരിനോടുള്ള വിധേയത്വത്തിനും , എക്കാലവും നില നിൽക്കുന്ന പരസ്പര മൈത്രിക്കും വേണ്ടി  ചെൻകോട്ടയുടെയും, കന്യാകുമാരിയുടെയും  സകല അവകാശങ്ങളും വിട്ടൊഴിയുന്നതായും, നവാബിന്റെ ശത്രുക്കളെ ഒരിക്കലും പിന്തുണക്കില്ലന്നും, 3700 മധുരൈ ചക്രവും കൂടാതെ നികുതി ഇനത്തിൽ 40000 ട്രാവൻകൂർ ചക്രവും, ആനയും  വർഷ വർഷം കപ്പമായി നൽകുമെന്നും" രാജ രേഖ മൂലം വാക്ക് നൽകുന്നു.

        ആർക്കോട്ട് നവാബ്മാർ തിരുവതാംകൂർ രാജവംശത്തിന് വെറുമൊരു ജന്മിയുടെ സ്ഥാനം മാത്രമേ നൽകിയിരുന്നുള്ളു, കന്യാകുമാരിയിലും, ചെങ്കോട്ടയിലും ചില അധികാരങ്ങൾ തിരുവതാംകൂറിന് ഉണ്ടായിരുന്നെങ്കിലും അത് ഒരു കുടിയാന്റെ അവകാശം മാത്രമായിരുന്നു താനും. ബാലരാമ വര്‍മ്മയും, സ്വാതി തിരുനാൾ രാമ വർമ്മയും മേല്ല്പറഞ്ഞ രാജകീയ നാമം അവരുടെ പേരിനോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു. ഏതായാലും ധർമ്മ രാജ  മുതൽ സ്വാതി തിരുനാൾ രാമ വർമ്മ വരെയുള്ള രാജാക്കൻമാർ 1830 വരെ ഔദ്യോധികമായി ആർക്കോട്ട് നവാബിന് കപ്പം കൊടുത്തിരുന്നു. അവരില്‍ ആർക്കോട്ട് നവാബ് ഗുലാം മുഹമ്മദ്‌ ഗൗസ് ഖാന്റെ കാലത്ത് ബ്രിട്ടീഷ്കാർ അവരിൽ നിന്ന് പല അവകാശങ്ങളും എടുത്ത് മാറ്റിയിരുന്നു അങ്ങനെ ആ കപ്പം ബ്രിട്ടീഷ്കാരിലേക്ക് വന്ന് ചേർന്നു. അവകാശികളൊന്നും ശേഷിക്കാതെ 1855ൽ ഗൗസ് ഖാൻ  മരണമടഞ്ഞതിനാൽ ദത്തവകാശനിരോധന നിയമം മൂലം ആർക്കോട്ട് ബ്രിട്ടീഷ്കാർ ഏറ്റെടുക്കുകയും ചെയ്തു.

റഫറൻസ്

ദന്ത സിംഹാസനം - മനു എസ് പിള്ള

മാർത്താണ്ഡ വർമ്മ ആധുനിക തിരുവിതാംകൂറിന്റെ ഉദയം - ഡോ : എ പി ഇബ്രാഹിം കുഞ്ഞ്

Travancore & the Carnatic in the 18th Century - Dr: A P Ibrahim Kunju 

➦ ചിത്രങ്ങള്‍ - National Galleries & kerala-psc.com


Comments