ഇന്ത്യൻ രാജക്കളുടെ വെള്ളപട്ടാളം

            ഇന്നത്തെ ഇന്ത്യയുടെ വിവിധ ഭൂപ്രദേശങ്ങളിലെ തദ്ദേശീയരായ പല ജനവിഭാഗങ്ങളും വിദേശ ശക്തികളായ ഡച്ചുകാർക്കും, ഫ്രാൻസിനും, ബ്രിട്ടനും, പോർച്ചുഗലിനും മറ്റും വേണ്ടി അവരുടെ  അധിനിവേശ പോരാട്ടങ്ങളിൽ  കൂലിപട്ടാളങ്ങളായി സേവനമനുഷ്ഠിച്ച് പോന്നിരുന്ന കാര്യം പൊതുവിൽ നമുക്കറിയാവുന്നൊരു ചരിത്രമാണ്. അതെ സമയം ഇന്ത്യൻ രാജക്കളുടെ പ്രതാപകാലത്ത് സിഖ് സാമ്രാജ്യത്തിനും, വിജയനഗരത്തിനും, ബാഹ്മനി, ഡെക്കാൻ, മൈസൂർ സുൽത്താന്മാർക്കും, മുഗളർക്കും, മറാത്തർക്കും, രജപുത്രർക്കും മറ്റും വേണ്ടി  ഇതേ രീതിയിൽ വെള്ളക്കാർ അവരുടെ കീഴിൽ കൂലിപ്പടയായി  അണിനിരന്നിരുന്നു. മുഗൾ ഭരണ കാലത്ത് ഷാജഹാൻ തന്റെ വിദേശികളയാ സൈനികർക്ക് അധിവസിക്കാനായി ഫിരങ്കി പുര (വിദേശികളുടെ നഗരം ) എന്നൊരു പ്രദേശവും ഡൽഹിയിൽ അനുവദിച്ചു നൽകിയിരുന്നു. പ്രധാനമായും ഇന്ത്യൻ രാജാക്കൾ  ഈ വെള്ളപ്പടയയുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നത് അശ്വസേന, പീരങ്കിപ്പട, നാവിക സേന എന്നി മേഖലകളിലായിരുന്നു. ഇത്തരത്തിൽ ഇന്ത്യ ചരിത്രത്തിൽ പ്രശസ്ഥി പിടിച്ചു പറ്റിയ ചില  വെള്ളപ്പടയെ നമുക്ക് പരിചയപ്പെടാം. 


☫  ജീൻ ഫ്രാങ്കോയിസ് അല്ലാർഡ്  (1785 -1839)


ജീൻ ഫ്രാങ്കോയിസ് അല്ലാർഡ്

                                          

                    സിഖ് സാമ്രാജ്യ സ്ഥാപകനായ "രാജ രഞ്ജിത്ത് സിങ്ങിന്റെ" കീഴിൽ ദീർഘകാലം  സേവനമനുഷ്ഠിച്ചിരുന്ന ഫ്രഞ്ച് ജനറലായിരുന്നു ജീൻ ഫ്രാങ്കോയിസ് അല്ലാർഡ്. രാജ രഞ്ജിത്ത് സിങ്ങിന്റെ കീഴിലെ യൂറോപ്യൻ സൈനികരെ നയിച്ചിരുന്ന അല്ലാർഡ് ആയിരുന്നു സിഖ് കുതിരപ്പടയെ വാർത്തെടുത്തത്. നെപ്പോളിയൻ ബോണപ്പാർട്ടിനൊപ്പം വാട്ടർലൂവിലടക്കം പോരാടിയ അല്ലാർഡിന് നെപ്പോളിയൻ ഫ്രാൻസിലെ സൈനിക ബഹുമതിയായ "ലിജിയൻ ഓഫ് ഹോണർ" നൽകിയും രഞ്ജിത്ത് സിങ്ങ് സിഖ് സാമ്രാജ്യത്തിലെ സൈനിക ബഹുമതിയായ "ബ്രയിറ്റ് സ്റ്റാർ ഓഫ് ദി പഞ്ചാബ്" നൽകിയും ആദരിച്ചിരുന്നു.


☫ പൗലോ അവിറ്റബൈൽ (1791-1850)


പൗലോ അവിറ്റബൈൽ

                    "നെപ്പോളിയൻ ബോണപ്പാർട്ടിനും, പേർഷ്യൻ ഷാ ഫാത്ത് അലി ഷായുടെ" കീഴിലും പ്രവർത്തിച്ചിരുന്ന  ഇറ്റാലിയൻ സൈനികനായിരുന്നു പൗലോ അവിറ്റബൈൽ. 1827ൽ രാജ രഞ്ജിത്ത് സിങ്ങിനൊപ്പം ചേർന്ന അവിറ്റബൈൽ ഇന്നത്തെ പാകിസ്ഥാനിലെ വസിറബാദ്, പെഷവാർ എന്നി പ്രവിശ്യകളുടെ ഭരണ ചുമതല നിർവഹിച്ചിരുന്നു. സിഖ് സാമ്രാജ്യത്തിലെ  മികച്ചൊരു പീരങ്കി വിദഗ്ധനും, തോക്ക് നിർമ്മാതാവുകൂടിയായിരുന്ന അവിറ്റബൈല്ലിനെ "ആസ്പിഷസ് സ്റ്റാർ ഓഫ് ദി പഞ്ചാബെന്ന" ബഹുമതി നൽകി സിഖ് സാമ്രാജ്യം ആദരിച്ചിരുന്നു. രാജ രഞ്ജിത്ത് സിങ്ങിന്റെ കാല ശേഷം അദ്ദേഹത്തിന്റെ പുത്രൻ "മഹാരാജ ഷേർസിംഗിന്റെ (1843)" കാലം വരെ അവിറ്റബൈൽ സിഖ് സാമ്രാജ്യത്തിൽ തുടർന്നു.


☫ ക്ലൗഡ് അഗസ്റ്റെ കോർട്ട് (1793-1880)


         സിഖ് സാമ്രാജ്യത്തിലെ ഫ്രാൻസിൽ നിന്നുള്ള ജനറലുമാരിൽ ഒരാളായിരുന്നു അഗസ്റ്റെ കോർട്ട്. "രാജ രഞ്ജിത്ത് സിങ്ങിനും, മഹാരാജ ഷേർസിംഗിനും കീഴിലും പ്രവർത്തിച്ച അഗസ്റ്റെ കോർട്ട് 1827കളിലായിരുന്നു സിഖ് സാമ്രാജ്യത്തിൽ തന്റെ സൈനിക സേവനം തുടങ്ങുന്നത്. മികച്ച ഒരു എഞ്ചിനിയറായിരുന്ന അഗസ്റ്റെ കോർട്ടായിരുന്നു പാരമ്പര്യ ശൈലിയിൽ നിന്നും സിഖ് പീരങ്കിപ്പടയെ യൂറോപ്യൻ ശൈലിയിലേക്ക് പരിവർത്തനം ചെയ്യിപ്പിച്ചതും ആയുധ നിർമ്മാണ ശാലകൾ നിയന്ത്രിച്ചിരുന്നതും അവിടെ മികച്ച ഗുണ നിലാവാരത്തിലുള്ള തോക്കുകളും, പീരങ്കികളും അദ്ദേഹം സിഖ്കാർക്കായി നിർമ്മിച്ച് നൽകുകയും ചെയ്തിരുന്നു.  സിഖ്  സാമ്രാജ്യ വിപുലികരണത്തിന്റെ ഭാഗമായി   1834ൽ പെഷവാറിലും, 1837 ജംറൂദിലും അഫ്‌ഗാനിലെ ദോസ്ത് മുഹമ്മദിനെതിരെ നയിച്ച യുദ്ധങ്ങളിലും പങ്കെടുത്ത അഗസ്റ്റെ കോർട്ടിന് 25000ത്തോളം രൂപ മാസ ശമ്പളമായും, ജാഗീറും സിഖ് സാമ്രാജ്യം അനുവദിച്ചു നൽകിയിരുന്നു. 1843ൽ മഹാരാജ ഷേർസിംഗിന്റെ മരണത്തെ തുടർന്ന് എന്നെന്നേക്കുമായി സിഖ് സാമ്രാജ്യത്തോട് വിടപറഞ്ഞു.

☫ ജീൻ ബാപ്റ്റിസ്റ്റ് വെഞ്ചുറ ( 1794 -1858)


ജീൻ ബാപ്റ്റിസ്റ്റ് വെഞ്ചുറ


          നെപ്പോളിയനും, പേർഷ്യൻ ഷാ ഫാത്ത് അലി ഷായുടെയും അടുക്കൽ നിന്നും സൈനിക പരീശീലനം നേടിയ ഇറ്റാലിയൻ സൈനികനായിരുന്ന വെഞ്ചുറ. 1822ൽ രാജ രഞ്ജിത്ത് സിംഗിന്റെ സൈനിക സേവനത്തിൽ കയറിയ വെഞ്ചുറക്ക് വാട്ടർ ലൂവിലടക്കം പോരാടിയ ചരിത്രമുണ്ടായിരുന്നു. സിഖ് സാമ്രാജ്യത്തിലെ യൂറോപ്യൻ ശൈലിയിലുള്ള എക്കാലത്തെയും  ശക്തമായ സൈനിക വിഭാഗമായിരുന്ന "ഫൗജ് ഈ ഖാസിന്റെ " പിന്നിൽ വെഞ്ചുറയായിരുന്നു. ഫ്രഞ്ച് ശൈലി പിന്തുടർന്നിരുന്ന  "ഫൗജ് ഈ ഖാസ്" കാലാൾപ്പട, കുതിരപ്പട, പീരങ്കിപ്പട എന്നി 3വിഭാഗങ്ങൾ അടങ്ങിയതായിരുന്നു. 1823ൽ രാജ രഞ്ജിത്ത് സിങ്ങ് അഫ്‌ഗാനെതിരെ നടത്തിയ നൗഷാര യുദ്ധത്തിലും തുടർന്നുണ്ടായ പെഷവാർ കീഴടക്കലിലും, ലാഹോർ വിപുലികരണത്തിലും  സജീവ സാന്നിധ്യമായിരുന്നു വെഞ്ചുറ. രാജ രഞ്ജിത്ത് സിങ്ങ് ജനറൽ പദവി നൽകിയ വെഞ്ചുറ പെഷവാറിലെ ഖാസിയായും (Governor)  പിന്നീട്  ഉയർത്തപ്പെട്ടു. മഹാ രാജ ഷേർസിംഗിന്റെ മരണത്തെ തുടർന്ന് വെഞ്ചുറയും പഞ്ചാബ് വിട്ടു.


☫  അലക്സണ്ടർ ഗാർഡനർ  (1785–1877)



                      അഫ്ഗാനിലെ ഹബീബുള്ളക്കും, രാജ രഞ്ജിത്ത് സിങ്ങിനും കീഴിൽ പ്രവർത്തിച്ച അമേരിക്കൻ വംശജനായിരുന്നു ഗാർഡനർ. രാജ രഞ്ജിത്ത് സിങ്ങ് കേണൽ പദവി നൽകിയ ഗാർഡനർ  "ഫൗജ് ഈ ഖാസിൽ " പീരങ്കി വിഭാഗത്തിലെ ഒരങ്കമായിരുന്നു. ഒന്നാം ആംഗ്ലോ സിഖ് യുദ്ധത്തിലുൾപ്പടെ പങ്കെടുത്ത ഗാർഡനറുടെ ഓർമ്മ കുറിപ്പുകളുടെ ശേഖരം  "സോൾഡിയർ  ആൻഡ് ട്രാവലർ : മെമ്മറിസ് ഓഫ് അലക്സണ്ടർ ഗാർഡനറെന്ന" പേരിൽ പിന്നീട് പ്രസിദ്ധികരിക്കപ്പെട്ടു.


☫ ജോസിയ ഹാർലൻ (1799-1871)


ജോസിയ ഹാർലൻ


        രാജ രഞ്ജിത്ത് സിങ്ങിനും, അഫ്‌ഗാനിലെ ദോസ്ത് അഹമ്മദ് ഖാനും കീഴിൽ സൈനിക സേവനം നടത്തിയ അമേരിക്കൻ സൈനികനായിരുന്നു ജോസിയ ഹാർലൻ. 1838 കാലയളവിൽ അഫ്ഗാനിലെ  ഘോർ പ്രവിശ്യയിലെ  ഭരണധികാരി "മുഹമ്മദ്‌ റഫി ബെഗ് ഹസാരയെ" പരാജയപ്പെടുത്തിയ ഹാർലൻ ഘോറിലെ രാജകുമാരനെന്ന പേര് സ്വീകരിച്ചു കുറച്ചു നാൾ ആ പ്രവിശ്യയിൽ ഭരണം നടത്തുകയും ചെയ്തിരുന്നു. കൂടാതെ സിഖ് സാമ്രാജ്യത്തിലെ ഗുജറാത്ത്‌ (പാക്കിസ്ഥാൻ) പ്രാവിശ്യയുടെ ഖാസിയായും (ഗവർണർ ) സേവനമനുഷ്ടിച്ചിരുന്നു. 1871ൽ കാശ്മീരിൽ വച്ച് ഹാർലൻ മരണമടയുകയും ചെയ്തു.


☫ വാൾട്ടർ റെയിൻ‌ഹാർട്ട് സോംബ്രെ (1725-1788)


            ഫ്രഞ്ച് സൈനിക പരിശീലനം നേടിയ ജർമൻ സൈനികനായിരുന്നു സോംബ്രെ. ബംഗാൾ നവാബ് മിർ ഖാസിം, ഭാരത് പൂരിലെ മഹാരാജ ജവഹർ സിംഗിന്റെ ജനറൽ, മുഗൾ ചക്രവർത്തി ഷാ ആലം 2മന്റെ ആഗ്രയിലെ ഗവർണർ എന്നി പദവികൾ സോംബ്രെ വഹിച്ചിരുന്നു. കൂടാതെ ഉത്തർ പ്രദേശിലെ സർദ്ദാനയിലും ഭരണം നടത്തിയിരുന്ന സോംബ്രെക്ക്  ജാട്ട്കൾ ഉൾപ്പെടുന്ന ഒരു വലിയ വിഭാഗം സൈനിക സ്വന്തമുണ്ടായിരുന്നു. 1778ൽ സോംബ്രെ മരണമടയുകയും ആഗ്ര ചർച്ചിൽ ഇദ്ദേഹത്തെ സംസ്കരിക്കുകയും ചെയ്തു.  ശേഷം അദ്ദേഹത്തിന്റെ ഭാര്യ "ബീഗം സമ്രു " സർദ്ദാന വാണു.


☫ ജോർജ് തോമസ് - ജഹാരി ജംഗ്  (1756-1802)


ജോർജ് തോമസ് - ജഹാരി ജംഗ്


                     ഐർലണ്ടിൽ നിന്നും ബ്രിട്ടീഷ് നാവിക സേനയോടൊപ്പം മദ്രാസിലെത്തിയൊരു  നാവികനായിരുന്നു ജോർജ് തോമസ്. പിൻകാലത്ത് ബ്രിട്ടീഷ്  സേവനമുപേഷിച്ച  തോമസ് സർദ്ദാനയിലെ ബീഗം സമ്രുവിന്റെ ജനറലായും,  ഗ്വാളിയാറിലെ മറാത്ത ഭരണാധിപൻ മഹദാഹാജി സിന്ധ്യയുടെ ജനറൽ അപ്പാ ഖണ്ഡറാവുവിന്റെ വിശ്വസ്ഥ സൈനികനായും മാറി. ജോർജ്ജിന് ഹരിയാനയിലെ ജഹാസ്ഗറിൽ മറാത്തർ ജാഗീറും അനുവദിച്ചു നൽകിയിരുന്നു ജഹാസ്ഗറിനെ പിന്നീട് അദ്ദേഹം ജോർജ്ജ്ഗർ എന്ന് നാമധേയം ചെയ്യുകയും ചെയ്തു . 1797ൽ അപ്പാ ഖണ്ഡറാവുവിന്റെ മരണശേഷം ജോർജ്ജ് ഹരിയാനയിലെ റോഹ്തക്, ഹിസാർ എന്നി പ്രവിശ്യകൾ കൈവശപ്പെടുത്തി ഹൻസിയെ കേന്ദ്രമാക്കി 1801വരെ സ്വന്തന്ത്ര ഭരണാധികാരികാരിയായി ഭരണം നടത്തുകയും 1801ൽ ദൗലത്ത് റാവു സിന്ധ്യയുടെ സൈനികർ ജോർജ്ജിൽ നിന്നും ഹിസാർ മോചിപ്പിക്കുകയുമുണ്ടായി. ജോർജ്ജ്‌ തന്റെ ഭരണ കാലയളവിൽ അസിഗർ കോട്ട നവീകരിക്കുകയും, ഹിസാറിലെ  ജഹാജ് കോത്തി എന്നൊരു വസതി നിർമ്മിക്കുകയും ചെയ്തിരുന്നു ഈ വസതിയാണ് ഇന്നത്തെ ജഹാജ് കോത്തി മ്യൂസിയം. 1802ൽ മുർഷിദബാദിലെ ബർഹാം പൂരിൽ വച്ച് മരണമടഞ്ഞ ജോർജ്ജിനെ "ബൽബൂണ റെസിഡൻഷ്യൽ സെമിട്രിയിൽ" സംസ്കരിക്കുകയും ചെയ്തു. 

☫ പിയറി കുള്ളിയർ പെറോൺ (1753, 55 - 1834)


പിയറി കുള്ളിയർ പെറോൺ 

               1780 കാലത്ത്  മലബാർ തീരെത്തെത്തിയ ഫ്രഞ്ച് നാവികനാണ് പിയറി കുള്ളിയർ പെറോൺ. 1790കാലത്ത് ഗ്വാളിയാറിലെ മറാത്ത ഭരണാധിപൻ മഹദാജി സിന്ധ്യയുടെ സൈന്യത്തിൽ പ്രവേശിക്കുകയും സർവ്വസൈന്യാധിപനായി മാറുകയും ചെയ്തു. 1795ൽ പേഷ്വാ മാധവ റാവു 2മനും മറാത്തരും  ഹൈദരാബാദ് നൈസാമിനെതിരെ നടത്തിയ  ഖർദ യുദ്ധത്തിലും, ദൗലത്ത് റാവു സിന്ധ്യ രജപുത്ര സഖ്യ കക്ഷികളായ ജയ്‌പൂരിനും, മർവാറിനെതിരെയും നടത്തിയ 1800ലെ മലാപ്പുര യുദ്ധത്തിലും,  1801ൽ ദൗലത്ത് റാവു സിന്ധ്യയും യശ്വന്ത് റാവു ഹോൾക്കറും തമ്മിൽ നടന്ന ഉജ്ജെയിൻ യുദ്ധത്തിലും കുള്ളിയർ പങ്കെടുത്തിരുന്നു. 1803ലെ രണ്ടാം ആംഗ്ലോ മറാത്ത യുദ്ധത്തിൽ അലിഗറിൽ കുള്ളിയർ ജനറൽ ലേക്കിന്റെ മുന്നിൽ പൂർണ്ണ പരാജയമടയുകയും ചെയ്തു.  1834ൽ ഫ്രാൻസിൽ വച്ചദ്ദേഹം മരണമടയുകയും ചെയ്തു.


☫ ആന്റണി പോൾമാൻ


              ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ഹാനോവേറിയൻ സൈനിക വിഭാഗത്തിന്റെ കൂടെ മദ്രാസിൽ എത്തിയ സൈനികനായിരുന്നു ആന്റണി പോൾമാൻ. 1792, 1793കാലത്ത് ഗ്വാളിയാറിലെ ദൗലത്ത് റാവു സിന്ധ്യയുടെ കൂടെ കൂടിയ പോൾമാൻ രജപുത്ര സഖ്യകക്ഷികളായ  ജയ്‌പൂരിനും, മർവാറിനെതിരെ  ദൗലത്ത് റാവു നടത്തിയ 1800ലെ മലാപ്പുര യുദ്ധത്തിലെ പ്രധാന  സൈന്യാധിപൻമാരിൽ ഒരാളായിരുന്നു. 1803ലെ രണ്ടാം ആംഗ്ലോ മറാത്ത യുദ്ധത്തിൽ ആർതർ വെല്ലസ്ലിയും  പോൾമാനും അസ്സയിൽ വച്ച് പോരടിച്ചെങ്കിലും പരാജമടഞ്ഞു. രണ്ടാം ആംഗ്ലോ മറാത്ത യുദ്ധത്തിലെ പരാജത്തെ തുടർന്ന് 1804ൽ പോൾമാൻ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ സൈനിക സേവനത്തിൽ തിരികെ പ്രവേശിക്കുകയും ചെയ്തു.


☫ ജോൺ ഹെസ്സിങ്ങ് (1739-1803)

   

     ഗ്വാളിയാറിലെ സിന്ധ്യമാരുടെ സൈന്യാധിപൻമാരിൽ ഒരാളായിരുന്നു നെതർലാന്റിൽ നിന്നുള്ള ജോൺ ഹെസ്സിങ്ങ്. 1795ൽ പേഷ്വാ മാധവ റാവു 2മനും മറാത്തരും  ഹൈദരാബാദ് നൈസാമിനെതിരെ നടത്തിയ  ഖർദ യുദ്ധത്തിലും, 1801ൽ ദൗലത്ത് റാവു സിന്ധ്യയും യശ്വന്ത് റാവു ഹോൾക്കറും തമ്മിൽ നടന്ന ഉജ്ജെയിൻ യുദ്ധത്തിലും പങ്കെടുത്തിരുന്നു. 1803ൽ രണ്ടാം ആംഗ്ലോ മറാത്ത യുദ്ധത്തിൽ മരണമടഞ്ഞ ജോൺ ഹെസ്സിങ്ങിനെ അദ്ദേഹത്തിന്റെ ഭാര്യ ആഗ്രയിലെ   "റെഡ് താജ് മഹലിൽ "  സംസ്കരിക്കുകയും ചെയ്തു.


☫ ബെനോയ്റ്റ് ഡി ബോയ്ഗ്നെ (1751-1831)


ബെനോയ്റ്റ് ഡി ബോയ്ഗ്നെ


       ഗ്വാളിയാറിലെ മറാത്ത ഭരണാധിപൻ മഹദാജി സിന്ധ്യയുടെ സൈന്യത്തിലുണ്ടായിരുന്ന ഡച്ചി ഓഫ് സവോയിൽ നിന്നുള്ള ജനറലായിരുന്നു ബെനോയ്റ്റ് ഡി ബോയ്ഗ്നെ. സിന്ധ്യയുടെ സൈന്യത്തെ യൂറോപ്യൻ ശൈലിയിലേക്ക് പരിവർത്തനം ചെയ്യിപ്പിച്ച ബോയ്ഗ്നെ 1ലക്ഷത്തോളം സൈനികരെ തന്റെ കീഴിൽ നില നിർത്തിയിരുന്നു. 1790ൽ സിന്ധ്യമാരും, ഹോൾക്കാർമാരും രജപുത്രൻമാരായ  മർവാറിനെതിരെ നടത്തിയ മെർത്ത യുദ്ധത്തിലും, 1790ൽ രാജസ്ഥാനിലെ പത്താനിൽ വച്ച് സിന്ധ്യമാർ രജപുത്രരായ ജയ്പ്പൂർ, മർവാർ,  ഇസ്മായിൽ ബെഗ് സഖ്യ   കക്ഷികളോട്  നടത്തിയ യുദ്ധത്തിലും, 1787ൽ ലാൽസൊട്ടിൽ  രജപുത്രരായ ജയ്പ്പൂർ, മർവാർ മുഗൾ സഖ്യ കക്ഷികളുമായി നടത്തിയ യുദ്ധത്തിലും ബോയ്ഗ്നെ പ്രധാന പങ്ക് വഹിച്ചിരുന്നു.  മറാത്തർ ജാഗീർ ഉൾപ്പടെ അനുവദിച്ചു നൽകിയ ബോയ്ഗ്നെ മഹദാജി സിന്ധ്യയുടെമരണത്തെ തുടർന്ന് മറാത്ത സേവനം അവസാനിപ്പിക്കുകയും ചെയ്തു.

☫ ജോൺ ഹോംസ്


         സിഖ് സാമ്രാജ്യത്തിലെ  ആംഗ്ലോ ഇന്ത്യൻ കേണലായിരുന്നു ജോൺ ഹോംസ്. ഹോംസ് ഒന്നാം ആംഗ്ലോ സിഖ് യുദ്ധത്തിലും (1845-1846),  1834ൽ പെഷവാറിലും, 1837 ജംറൂദിലും അഫ്‌ഗാനിലെ ദോസ്ത് മുഹമ്മദിനെതിരെ സിഖ്കാർ നയിച്ച യുദ്ധങ്ങളിലും പോരാടിയിരുന്നു. 1835 - 1836 കാലത്തിൽ പാക്കിസ്ഥാനിലെ ഗുജറാത്ത്‌ റവന്യു ഉദ്യോഗസ്ഥനായും ഇദ്ദേഹം സിഖ് സാമ്രാജ്യത്തിന് വേണ്ടി സേവനം ചെയ്തു.


☫ മൈക്കൽ ജോചിം മേരി റെയ്മണ്ട് (1755-1798)


         ഹൈദരാബാദിലെ നൈസാം അലിഖാന്റെ വിശ്വസ്ഥ ഫ്രഞ്ച് ജനറലായിരുന്നു മൈക്കൽ ജോചിം മേരി റെയ്മണ്ട്. വിഖ്യാത ഫ്രഞ്ച് ജനറൽ  ബുസ്സിയുടെ കീഴിലെ  സൈനിക സേവനമുപേക്ഷിച്ചു 1786ലാണ് റെയ്മണ്ട് നൈസാമിന്റെ സൈന്യത്തിൽ പ്രവേശിക്കുന്നത്.  റെയ്മണ്ടിന്റെ മേൽനോട്ടത്തിലായിരുന്നു  പീരങ്കികളും, തോക്കുകളും, അവയുടെ ഉണ്ടകളും മറ്റ് വെടികോപ്പുകളും ഹൈദരാബാദിൽ നിർമ്മിച്ചിരുന്നത്. ഒട്ടനവധി ആയുധ ഫാക്ടറികൾ നൈസാമിനായി  റെയ്മണ്ട് നിർമ്മിച്ച് നൽകിയിരുന്നു. ഫത്തേഹ് മൈദാനിലെ (ഇന്നത്തെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം) "ടോപ് ക സഞ്ചാ" 1786ൽ  റെയ്മണ്ട് നിർമ്മിച്ച പീരങ്കി ഉണ്ട നിർമ്മാണ ഫാക്ടറിയായിരുന്നു. 1798ൽ മരണമടഞ്ഞ റെയ്മണ്ടിനെ നൈസാം നിർമ്മിച്ച ഹൈദ്രബാദിലെ റെയ്മണ്ട്സ് ടൂമ്പിലാണ് സംസ്കരിച്ചിരിക്കുന്നത്.


☫  ലഫ് : കേണൽ ഹൂഗൽ 


       1761 മുതൽ 1772വരെ മൈസൂരിലെ ഹൈദർ അലിയുടെ കീഴിൽ പ്രവർത്തിച്ച ഫ്രാൻസിൽ നിന്നുള്ള സൈനികനായിരുന്നു ലഫ് : കേണൽ ഹൂഗൽ. ഹൈദറിന്റെ വിശ്വസ്ഥനായി മാറിയ  ഹൂഗലാണ്  മൈസൂർ സൈന്യത്തിൽ ആധുനികവൽക്കരിച്ചത്. 1772ൽ കോളറ മൂലം മരണമടഞ്ഞ ഹൂഗലിനെ ഹൈദർ സംസ്കരിച്ചത് ശ്രീരംഗപ്പട്ടണത്തെ കൊട്ടാരത്തിന് സമീപമായിരുന്നു.  


☫ ലഫ് : കേണൽ റസ്സൽ


1772 മുതൽ 1768വരെയുള്ള കാലയളവിൽ മൈസ്സൂരിലെ ഹൈദർ അലിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഫ്രാൻസിൽ നിന്നുള്ള സൈനികനായിരുന്നു ലഫ് : കേണൽ റസ്സൽ. ടിപ്പു സുൽത്താനെ ഒരു സൈനികനായി വളർത്തിയെടുത്തതിൽ ഇദ്ദേഹം പങ്ക് വഹിച്ചിരുന്നു. പിൻകാലത്ത് റസ്സലിന്റെ ആത്മകഥ 1781ൽ മെമ്വാർസ് ഓഫ് റസ്സൽ എന്ന പേരിൽ പ്രസിദ്ധികരിക്കപ്പെട്ടു.


☫ സാഞ്ചോ പിരസ്  -  ഫിരങ്കി ഖാൻ

         
       ഡെക്കാനിലെ അഹ്മദാ നഗർ സുൽത്താൻ ബുർഹാൻ നിസാം ഷായുടെ (1509-1553) കുതിരപ്പടയിലെ ഒരു ക്യാപ്ടനായിരുന്നു  പോർച്ചുഗീസ് വംശജനായ സാഞ്ചോ പിരസ്.  1530കാലത്ത് ഒരു കൊലപാതകുറ്റത്തിന് പോർച്ചുഗൽ നോട്ടപുള്ളിയായ സാഞ്ചോ പിരസ് അഹ്മദാ നഗറിലെത്തപ്പെടുകയും ബുർഹാന്റെ വിശ്വസ്ഥ സേവകനായി മാറുകയും ചെയ്തു.  സാഞ്ചോ പിരസ് പിൻകാലത്ത് ഇസ്ലാം മതം സ്വീകരിക്കുകയും ഫിരങ്കി ഖാൻ അഥവാ വിദേശിയായ  ഖാൻ എന്നറിയപ്പെടുകയും ചെയ്തു. ബുർഹാന് വേണ്ടി ഫിരങ്കി ഖാൻ ഒരു യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്തു.

☫ യുസ്താക്കിയൂസ് ബെനെഡിക്ടസ്  ഡിലെനോയ് (1715-1777)


                തിരുവിതാംകൂർ രാജാക്കന്മാരായ   മാർത്താണ്ഡവർമ്മയുടെയും, ധർമ്മരാജയുടെയും സൈന്യാധിപനായിരുന്നു ഡച്ച് നാവിക ഉദ്യോഗസ്ഥനായ യുസ്താക്കിയൂസ് ബെനെഡിക്ടസ്  ഡിലെനോയ്. 1739ൽ മാർത്താണ്ഡവർമ്മ ദെശിനംഗാടിനെ ആക്രമിച്ചതിനെ തുടർന്ന് തുടർന്ന് കായംകുളം, കൊച്ചി, ഡച്ച്, ദെശിനംഗാട് സഖ്യകക്ഷികളുമായി മാർത്താണ്ഡവർമ്മക്ക് യുദ്ധം ചെയ്യേണ്ടി വരികയും ഇതിനെ തുടർന്ന് 1741ൽ കുളച്ചലിൽ  വച്ചുണ്ടായ യുദ്ധത്തിൽ യുദ്ധതടവുകാരനായി പിടിക്കപ്പെട്ട നാവികനായിരുന്നു ഡിലെനോയ്. തിരുവിതാംകൂർ സൈന്യത്തെ ആധുനിക രീതിലേക്ക് പരിവർത്തനം ചെയ്യിപ്പിച്ചത് ഡിലനോയിയായിരുന്നു. കൊല്ലം, കൊട്ടാരക്കര, പന്തളം, കായംകുളം, വടക്കൻകൂർ, തെക്കൻകൂർ മുതലായ രാജ്യങ്ങൾ മാർത്താണ്ഡ വർമ്മക്ക് പിടിച്ചടക്കാൻ ഡിലനോയിയുടെ യുദ്ധ തന്ത്രങ്ങൾ തുണച്ചിരുന്നു. തിരുവിതാംകൂറിന് വേണ്ടി  നെടുംകോട്ട, വട്ടകോട്ട എന്നിങ്ങനെ ചെറുതും വലുതുമായ കോട്ടകൾ ഡിലെനോയ് നിർമ്മിച്ച് നൽകിയിരുന്നു. 1777ൽ ഉദയഗിരി കോട്ടയിൽ വച്ചായിരുന്നു ഡിലനോയിയുടെ അന്ത്യം അവിടെ തന്നെ അദ്ദേഹത്തെ സംസ്കരിക്കുകയും ചെയ്തു.


റഫറൻസ്

➦ റിബൽ സുൽത്താൻസ് : മനു എസ് പിള്ളൈ

➦ ലാസ്റ്റ് മുഗൾ : വില്ല്യം ഡാൽറിമ്പിൾ

➦ വൈറ്റ് മുഗൾസ് : വില്ല്യം ഡാൽറിമ്പിൾ

➦ നവാബ് ടിപ്പു സുൽത്താൻ ഒരു പഠനം : ഡോ കെ കെ എൻ കുറുപ്പ്

➦ മാർത്താണ്ഡ വർമ്മ ആധുനിക തിരുവിതാംകൂറിന്റെ ഉദയം : ഡോ എ പി ഇബ്രാഹിം കുഞ്ഞ്

➦ European Mercenaries in India : JP Gupta

Comments