ആരായിരുന്നു ഇന്ത്യയിലെ മൾട്ടി ബാരൽ ഗണ്ണിന്റെ ഉപജ്ഞാതാവ്? എന്തായിരുന്നു അയാളുടെ യാർഗുവും പീരങ്കിയും?

 

മുഗൾ മൾട്ടി ബാരൽ ഗൺ

            ഇന്ത്യയിൽ ആദ്യമായി മൾട്ടി ബാരൽ ഗണ്ണുകൾ നിർമ്മിക്കപ്പെട്ടത് അക്ബർ ചക്രവർത്തിയുടെ (1556-1605) മുഗൾ ഇന്ത്യയിലായിരുന്നു. പേർഷ്യയിലെ (ഇറാൻ) ഷിറാസ് നിവാസിയായ "ഫത്തഹുള്ള ഷിറാസി" ആയിരുന്നു ഈ മൾട്ടി ബാരൽ ഗണ്ണുകൾക്ക് പിന്നിൽ. തത്വശാസ്‌ത്രം, സാഹിത്യം,  ഗണിതശാസ്ത്രം, ജ്യോതിഷം, ജ്യോതിശാസ്ത്രം, ദൈവശാസ്ത്രം, യന്ത്രവിദഗദ്ധന്‍ എന്നി മേഖലകളിൽ ബഹുമുഖ പ്രതിഭയായ  ഫത്തഹുള്ള ആദ്യമായി ഇന്ത്യയിൽ എത്തുന്നത് ബീജപ്പൂരിലെ അലി ആദിൽ ഷായുടെ (1558–1579 ) ഭരണകാലത്തായിരുന്നു. അലി ആദിൽ ഷായുടെയും, അനന്തിരവൻ ഇബ്രാഹിം അലി ആദിൽ ഷാ 2മന്റെയും രാജ സദസ്സിൽ അംഗമായിരുന്ന ഫത്തഹുള്ളയെ അക്ബർ തന്റെ 27ആം ഭരണ വർഷമായ 1583ലായിരുന്നു മുഗൾ രാജധാനിയിലേക്ക് ക്ഷണിക്കുന്നത്. ഫത്തഹുള്ളയുടെ കഴിവുകളിൽ മതിപ്പുളവായ അക്ബർ മുഗൾ സാമ്രാജ്യത്തിലെ ഉന്നത സ്ഥാനമാനങ്ങളായ അസദു ദൗള (രാജാവിന്റെ കരം), അമീനുൽ മുൽക്ക് (രാജ്യത്തിന്റെ രക്ഷധികാരി), സദറു സുദൂർ (നേതാക്കളുടെ നേതാവ്) എന്നി സ്ഥാനങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. അബുൽ ഫസൽ രചിച്ച അക്ബറുടെ ജീവചരിത്രമായഅക്ബർ നാമ, ബദയൂണിയുടെ താരിഖി ബദയൂണി എന്നി സമകാലീന ഗ്രന്ഥങ്ങളിലും ഫത്തഹുള്ള ഷിറാസിയെ പരമാർശിച്ചു കാണാം. ഫത്തഹുള്ള  മൾട്ടി ബാരൽ ഗണ്ണുകൾകൾക്ക് പുറമെ മുഗളർക്കായി യഥേഷ്ടം ഏത് യുദ്ധ കളത്തിലും എത്തിക്കാവുന്ന രീതിയിലുള്ള പീരങ്കികളും, പീരങ്കി കുഴലുകൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന യാർഗു എന്ന ഉപകരണവും  നിർമ്മിച്ചു നൽകുകയും ചെയ്തിരുന്നു. 


 

     ഫത്തഹുള്ളയുടെ മൾട്ടി ബാരൽ  ബാരൽ ഗണ്ണുകൾ അക്കാലത്ത് നിലവിൽ ഉണ്ടായിരുന്ന ആയുധങ്ങളിൽ ഏറ്റവും വിനാശകാരിയായ ഒന്നായിരുന്നു. ശത്രു പക്ഷത്തെ കുതിരപ്പടകളും, പീരങ്കി സേനയും ഇവക്ക് മുൻപിൽ മുട്ട് മടക്കേണ്ടി വന്നു. ഈ തോക്കുകൾ മുഖേന അതിവേഗത്തിൽ ശത്രുക്കളുടെ കോട്ടകൾ തകർക്കപ്പെടുകയും, വലിയൊരളവിൽ  ആൾ നാശവും മുഗളർ വിതച്ചിരുന്നു. ഫത്തഹുള്ളയുടെ  തോക്കുകളുടെ  കുഴലുകൾ ചെറു പീരങ്കിയോട് സമാനമുള്ളവയായിരുന്നു. ഈ കുഴലുകൾ ഒരു ഇരുമ്പ് കവചത്തിൽ നിര നിരയായി ഉരുക്കി ചേർത്തവയും, ഇവയുടെ ഉണ്ടകൾ പീരങ്കി ഉണ്ടകളോട് സമാനമുള്ള കൊച്ച് ഉണ്ടാകളായിരുന്നു. ഈ തോക്കുകൾ  പ്രവർത്തിപ്പിക്കുന്നതിനായി ഒരൊറ്റ തിരി (match cord) മാത്രമേ വേണ്ടിയിരുന്നുള്ളു താനും. കൂടാതെ ഇരുവശങ്ങളിലും ചക്രങ്ങളും ഘടിപ്പിക്കുകയും, ആനകളുടെ സഹായത്തോടെ ഈ ചക്രങ്ങൾ ചലിപ്പിച്ച് തോക്കുകൾ യുദ്ധ മുഖങ്ങളിൽ എത്തിക്കുകയും ചെയ്തിരുന്നു.

 

 

      ഫത്തഹുള്ള പീരങ്കികളിലും അദ്ദേഹത്തിന്റെ നൂതനമായ ആശയങ്ങൾ നടപ്പിൽ വരുത്തിയിരുന്നു.  അദ്ദേഹത്തിന്റെ  പീരങ്കികൾ യഥേഷ്ടം എവിടെയും കൊണ്ട് പോകാൻ സാധിക്കുന്ന രീതിയിലാരുന്നു രൂപകല്പന ചെയ്തിരുന്നത്. ഈ പീരങ്കികൾ വിവിധ ഭാഗങ്ങളായി വിഭജിച്ച രീതിയിലായിരുന്നു നിർമ്മിക്കപ്പെട്ടിരുന്നത്.  ഈ വിഭജിക്കപ്പെട്ട ഭാഗങ്ങളെ  പിന്നീട്  ആവിശ്യ ഘട്ടങ്ങളിൽ ആണികളുടെ സഹായത്തോടെ  ഒരുമിച്ച്‌ ചേർക്കുകയുയും ചെയ്തിരുന്നു. വിവിധ ഭാഗങ്ങളായി ഈ പീരങ്കികൾ  രൂപകൽപ്പന ചെയ്തിരുന്നത് കൊണ്ട് തന്നെ സൈനികർക്ക്  യുദ്ധ കളത്തിൽ വളരെ വേഗത്തിൽ തന്നെ പീരങ്കികൾ എത്തിക്കാൻ സാധിച്ചിരുന്നു.  മലമ്പ്രദേശങ്ങളിലെ യുദ്ധങ്ങളിലും, ദ്രിതഗതിയിലുള്ള സൈനിക നീക്കങ്ങളിലും ഈ പീരങ്കികൾ  വളരെ ഉപകാരപ്രദമായിരുന്നു.


യാർഗു

          മനുഷ്യ അധ്വാനത്തെ ലഖുകരിച്ച ഫത്തഹുള്ളയുടെ  ഒരു ആശയം ആയിരുന്നു യാർഗു. പഴയകാല പീരങ്കികൾ യുദ്ധമുഖത്ത് പ്രവർത്തിക്കുമ്പോൾ അവക്കുള്ളിലെ വെടിമരുന്നും മറ്റും തുടരെ തുടരെ വൃത്തിയാക്കേണ്ട ആവശ്യകത വളരെയേറെയായിരുന്നു അല്ലാത്തപക്ഷം  പീരങ്കികൾ പ്രവർത്തിക്കാതെ വരികയോ, സ്ഫോടനത്തിലൂടെ സ്വയം അപകടം ക്ഷണിച്ച്‌ വരുത്തുകയോ ചെയ്യുമായിരുന്നു. ഇവ  വൃത്തിയാക്കുന്നതിന് തന്നെ വളരെയധികം  സൈനികരുടെ ആവിശ്യകതയും ഉണ്ടായിരുന്നു. ഇതിനൊരു പരിഹാരം കണ്ട് പിടിച്ചത് ഫത്തഹുള്ളയുടെ ഒരേ സമയം 16ഓളം പീരങ്കികൾ വൃത്തിയാക്കാൻ സാധിച്ചിരുന്ന  യാർഗുയെന്ന ഉപകരണമായിരുന്നു. അഷ്ഠഭുജാകൃതിയിലുള്ള ഒരു ഭീമൻ യന്ത്രമായിരുന്നു യാർഗു. 8 കാലുകളുള്ള  യാർഗുവിനെ കാളയുടെ സഹായത്തോടെയായിരുന്നു   പ്രവർത്തിപ്പിച്ചിരുന്നത്. കാളകൾ യാർഗുവിന്റെ  താഴ് വശത്തായി നടുവിൽ സ്ഥാപിച്ചിരിക്കുന്ന അച്ചാണിയെ (Axle) ചലിപ്പിച്ച് തുടങ്ങുമ്പോൾ മുകൾ വശത്തുള്ള വലിയ ഒരു മരചക്രം പ്രവർത്തിച്ച്‌ തുടങ്ങുകയും ഇത് വഴി പീരങ്കിയെ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന മുകൾ വശത്ത് തന്നെയുള്ള ഇരുമ്പ് ദണ്ഡ് കറങ്ങി തുടങ്ങുകയും ചെയ്യും. ഈ ഇരുമ്പ് ദണ്ഡ് വഴിയായിരുന്നു പീരങ്കികളുടെ ഉൾവശം വൃത്തിയാക്കിയിരുന്നത്.

റഫറൻസ്

➦ Akbar and Technology : Irfan Habib

➦ Fathahulla Shirazi – Cannon, Multi Barrel Gun: AK Bag

➦ Drawings Credit: A K Bag

Comments