ഹിസാബെ അഫ്വാജ് - രാജ രഞ്ജിത്ത് സിങ്ങിന്റെ സൈനിക സ്ഥിതി വിവരണ കണക്കുകൾ



ഹിസാബെ അഫ്വാജിലെ ഒരു താള്‍ കടപ്പാട്:
ഹുദാ ബക്ഷ് ഓറിയന്റൽ ലൈബ്രറി ഒഫിഷ്യല്‍ വെബ്സൈറ്റ്

       ഇന്ത്യ ലൈബ്രറിയുടെ കീഴിൽ പ്രവർത്തിക്കുന്ന  ഗ്രന്ഥശാലകളിൽ ഒന്നാണ് പാറ്റ്നയിലെ ഹുദാ ബക്ഷ് ഓറിയന്റൽ ലൈബ്രറി ഇന്ത്യക്കാർക്ക്  ഈ ഗ്രന്ഥശാലയെ കുറിച്ച് വലിയ അറിവൊന്നുമില്ലെങ്കിലും മദ്ധ്യകാല ചരിത്ര സംബന്ധിയായി അപൂർവങ്ങളിൽ അപൂർവ്വങ്ങളായ 
21000യിരം യഥാർത്ഥ  കയ്യെഴുത്ത്പ്രതികളുടെ (Manuscripts) വലിയൊരു ശേഖരം തന്നെ ഇവിടെയുണ്ട്. 1891ൽ ഹുദാ ബക്ഷ് എന്ന അഭിഭാഷകൻ തുടങ്ങിവച്ച ഈ ഗ്രന്ഥശാലയിലാണ് തുർക്കിയിലെ ഇസ്താംബുൾ ലൈബ്രറി കഴിഞ്ഞാൽ ലോകത്തിലേറ്റവും കൂടുതൽ കയ്യെഴുത്ത് പ്രതികൾ സൂക്ഷിച്ചിരിക്കുന്നത്. ഈ ഗ്രന്ഥശാലയുടെ ശേഖരത്തിൽ സ്വർണ്ണം കൊണ്ട് അലങ്കാര വർണ്ണങ്ങൾ ചാർത്തിയ ഒരു അപൂർവ്വ കയ്യെഴുത്ത്പ്രതിയുണ്ട്. പഞ്ചാബിയിലും പേർഷ്യനിലുമായി രചിച്ച  ഹിസാബെ അഫ്വാജ്  അഥവാ സൈനിക സ്ഥിതി വിവരണ കണക്കുകൾ എന്നൊക്കെ മലയാളികരിച്ചാൽ അർത്ഥം വരുന്ന ഈ  ഗ്രന്ഥത്തിലൂടെ സിഖ് സാമ്രാജ്യ സ്ഥാപകനായ രാജ രഞ്ജിത്ത് സിങ്ങ് തന്റെ സൈനികർ  ഏതൊക്കെ രീതിയിൽ പ്രവർത്തിക്കണമെന്നുള്ള നിർദ്ദേശങ്ങളാണ് നൽകുന്നത്. രാജ രഞ്ജിത്ത് സിങ്ങിന്  വേണ്ടി  അജ്ഞാതനായ ഗ്രന്ഥകാരൻ 477 പേജുകളിലായിയാണ് ഹിസാബെ അഫ്വാജ് രചിച്ചിരിക്കുന്നത്.അജ്ഞാതനായ ഗ്രന്ഥകാരൻ ഹിസാബെ അഫ്വാജ് എഴുതി  പൂർത്തിയാക്കിയ വർഷത്തെ കുറിച്ച് യാതൊരു സൂചനകളും നൽകുന്നുമില്ല.   


        ഹിസാബെ അഫ്വാജ് പ്രധാനമായും മൂന്ന് അധ്യായങ്ങളായിയാണ് തരം തിരിച്ചിരിക്കുന്നത് കുതിരപ്പട, പീരങ്കിപ്പട,കാലാൾപ്പടയെന്നിങ്ങനെയാണ്. ഈ മൂന്ന് വിഭാഗം പടയാളികളുമായിരുന്നു രാജ രഞ്ജിത്ത് സിങ്ങിന്റെ സൈന്യത്തിന്റ നെടുംതൂണ്‍. ഈ മൂന്ന് വിഭാഗം സൈനികരേയും ഭാഗികമായി യൂറോപ്യൻ രീതിയിലാണ് രാജ രഞ്ജിത്ത് സിങ് സജ്ജീകരിച്ചിരുന്നത്. ഈ അധ്യായങ്ങളിൽ സിക്ക് സൈനികരുടെ നിയമനം, അവരുടെ തസ്തികയനുസരിച്ചുള്ള വേതനം, സംഘാടനം,  പടക്കോപ്പുകൾ എന്നിവയെ കുറിച്ചും വിവരിക്കുന്നു. കൂടാതെ  അതാത് വിഭാഗം സേനാനായകർ സൈനികരുടെ വിവരങ്ങൾ  രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും രഞ്ജിത്ത് നിർദ്ദേശിച്ചിരുന്നു. ആയുധങ്ങളുടെയും (പീരങ്കികൾ, തോക്കുകൾ മുതലായവ) ആയുധപ്പുരയുടെയും പൂർണ്ണ വിവരങ്ങളും ഈ രീതിയിൽ എഴുതി സൂക്ഷിച്ചിരുന്നു.

        ഹിസാബെ അഫ്വാജ് പ്രകാരം ഓരോ സൈനികവ്യൂഹത്തിലും ജനറൽമാർ, കേണലുകൾ കമാണ്ടർമാർ , മേജർ, സുബേദാർ, ക്യാപ്റ്റൻജമേദാർ, ഹവിൽദാർ, നായിക്, സെർജെന്റ് എന്നിങ്ങനെ ഒരു കൂട്ടം പ്രധാന സൈനിക ഉദ്യോഗസ്ഥർ ഉണ്ടാകും. ഇവരെ അനുഗമിച്ച് കണക്കപിള്ള, ഗുമസ്തൻ, ധ്വജവാഹകർ , പാചകക്കാരൻ, ജലം എത്തിക്കുന്നവർ, ഒട്ടകത്തെ നയിക്കുന്നവർ, വാദ്യമേളക്കാർദൂതർ, തമ്പടിക്കുന്നവർ, കിടങ്ങുകൾ നിർമ്മിക്കുന്നവർ, ഖനി തൊഴിലാളികൾ, കൊല്ലന്മാർ, ആശാരിമാർ എന്നിവരുമുണ്ടാകും. കാലാൾപ്പടയുടെ കമാണ്ടറുടെ മാസ ശമ്പളം 340 രൂപയായും, കണക്കപിള്ള, ഗുമസ്തൻ മുതലയാവരുടെ ശമ്പളം 7 മുതൽ 9 രൂപ വരെയുമായിയാണ് നിജപ്പെടുത്തിയിരിക്കുന്നത്. യുദ്ധത്തിൽ മരിച്ചവരുടെ അവകാശികൾക്കും, അംഗഭംഗം വന്ന പടയാളികൾക്കും 2 മുതൽ 5 രൂപ വരെ പെൻഷനും രഞ്ജിത്ത് സിങ്ങ് നൽകി പോന്നിരുന്നു. 

            കുതിരപ്പടപീരങ്കിപ്പട, കാലാൾപ്പട എന്നി സുപ്രധാന സൈനിക വിഭാഗത്തെ രഞ്ജിത്ത് സിങ്ങ് കമ്പനികളായും തിരിച്ചിരുന്നു. ഇവരുടെ ദൈനംദിന ചിലവ്കളുടെ ഉത്തരവാദിത്തം കമാന്റിങ് ഓഫീസർമാർക്ക് ആയിരുന്നു. പട്ടാള നിയമനത്തിൽ ജാതിയോകുലമോമതമോ, ദേശമോ രഞ്ജിത്ത് സിങ്ങ് പരിഗണിച്ചിരുന്നില്ല. സിക്ക്കാർ, ഹിന്ദുക്കൾ, മുസ്ലിംങ്ങൾ, ഖൂർഘകൾ , അഫഗാനികൾ, പഞ്ചാബി മുസ്ലിംങ്ങൾ, രാജപുത്രന്മാർ, യൂറോപ്യൻമാർ എന്നിവരിൽ നിന്നുള്ള വലിയൊരു സൈനിക നിര തന്നെ രഞ്ജിത്ത് സിങ്ങിനുണ്ടായിരുന്നു. പീരങ്കിപ്പടയെ പ്രധാനമായും മുസ്ലിം മതവിഭാഗക്കാരായിരുന്നു നയിച്ചിരുന്നത്. രാജ രഞ്ജിത്ത് സിങ്ങിന്റെ പ്രധാന യൂറോപ്യൻ സൈനിക ഉദ്യോഗസ്ഥരായിരുന്നു ഫ്രഞ്ച് ജനറൽ അലാർഡ്, ജോൺ ഹോംസ്, പെറോൺ ഫെറിംഗ്ഹെസ്, ലോറൻസ് ഫെറിംഗ്ഹെസ്, മോൺസിയർ കോർട്ട്, ഡി ലാ റോച്ചെ, ഫ്രാൻസിസ് ബഹദൂർ എന്നിവർ. 


റഫറന്‍സ്



➦ ഹിസാബെ അഫ്വാജ് : തമീം മിര്‍സ                                             

Comments