ദമ്പാൽ കോട്ടയിലെ ദൂണ്ടിയ വാഹ് - ആർതർ വെല്ലസ്ലിയെ വിറപ്പിച്ചവൻ

 കടപ്പാട്victorianweb


              ബ്രിട്ടീഷ്കാർക്ക് അവരുടെ ഇന്ത്യ അധിനിവേശകാലത്ത് ഇന്നത്തെ ഇന്ത്യയുടെ വിവിധ ദിക്കുകളിൽ  നിന്നും പല പോരാളികളുമായി കൊമ്പ് കോർക്കേണ്ടി വന്നിട്ടുണ്ട്. അക്കൂട്ടത്തിൽ  ചരിത്രത്തിൽ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു പോരാളിയായിരുന്നു മൈസൂരിൽ നിന്നുള്ള ദോണ്ടിയ വാഹെന്ന മാലിക്ക് ജഹാൻ ഖാൻ. ഖാന്റെ തേരോട്ടങ്ങളെയും, വർദ്ധിച്ചു വരുന്ന ശക്തിയെയും ഭയപ്പെട്ട ബ്രിട്ടീഷുകാർ, ഖാനെ ഒതുക്കാൻ നിയോഗിച്ചത് അക്കാലത്തെ യുദ്ധ വീരനെന്ന പേര് കേട്ട സാക്ഷാൽ ആർതർ വെല്ലസിയെന്ന ബ്രിട്ടീഷ് വീരനെയായിരുന്നു. മറാത്തരും, വെല്ലസ്ലിയും കഠിനമായ പരിശ്രമത്തിലൂടെ പിടിച്ചു കെട്ടിയ ഈ പോരാളി കാരണമായിരുന്നു പഴശ്ശി കലാപങ്ങളിക്ക് വെല്ലസ്ലിക്ക്‌ നേരിട്ടിടപെടാൻ സാധിക്കാതിരുന്നതും, പഴശ്ശി കലാപങ്ങൾക്ക് ആയുസ്സ് നീട്ടി കിട്ടിയതും.

                   
           
18ആം നൂറ്റാണ്ടില്‍ കര്‍ണ്ണാട്ടിക് ചിത്രകാരന്‍
തിപ്പാജി വരച്ച ദൂണ്ടിയയുടെ ചിത്രം
 
കടപ്പാട്: personal collections of
Nidhin George Olikkara
ഇന്നത്തെ കർണാടകയിലെ ചന്നഗിരിയിൽ ഒരു മാറാത്ത കുടുംബത്തിൽ ജനിച്ച  ദൂണ്ടിയ വാഹ് മൈസൂരിലെ സർവ്വധികാരി ഹൈദർ അലിയുടെ സൈനികനായാണ്‌ ചരിത്രത്തിൽ  ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഹൈദർ അലിയുടെ സൈന്യാധിപൻ ബിഷ്ണു പണ്ഡിറ്റിന്റെ കീഴിൽ പ്രവർത്തിച്ച ദൂണ്ടിയ വാഹ് ടിപ്പുവിന്റെ കാലമായപ്പഴേക്കും കുതിരപ്പടയിലെ ഒരംഗമായി മാറിയിരുന്നു. ഇന്ത്യയിലെ ഏതൊരു സാഹസികനായ ഭരണാധിപനും നേടിയെടുത്ത പോലെ ഒരു സാമ്രാജ്യം സ്വന്തമാക്കുകയെന്നൊരു ചിന്ത
, ദൂണ്ടിയ വാഹ്നുമുണ്ടായിരുന്നു. അതിനുള്ള ഒരവസരം ആദ്യമായി ദൂണ്ടിയക്ക് വീണ് കിട്ടിയത്  മൂന്നാം ആംഗ്ലോ മൈസൂർ യുദ്ധകാലത്താണ്. ആ കാലത്ത് ടിപ്പുവിന്റെ സൈനിക സേവനം ഇട്ടെറിഞ്ഞ്‌ ഒരു കൂട്ടം സാഹസികരായ സൈനികരോടൊപ്പം 1792 -1794കാലത്ത്  ദർവാഡിലും, ഹവേരിയിലും, സവനൂരിലും തന്റെ ആധിപത്യം സ്ഥാപിക്കുകയും, മാറത്ത മൈസൂർ അതിർത്തി പ്രദേശങ്ങളുടെ രാജാവായി സ്വയം അവരോഹണം ചെയ്യുകയും ചെയ്തു, കൂടാതെ മാറത്ത കൂലിപടയാളികളെ സ്വന്തമാക്കി സൈനിക ശക്തി വർദ്ധിപ്പിക്കുക കൂടി ചെയ്തു. ഈ സൈനികരെ ഉപയോഗിച്ച് ആംഗ്ലോ മൈസൂർ യുദ്ധാനന്തരം ശ്രീരംഗപട്ടണം സന്ധിയിലൂടെ മറാത്തർ സ്വന്തമാക്കിയ മൈസൂർ  പ്രദേശങ്ങളിൽ കുഴപ്പങ്ങൾ സൃഷ്ടിച്ചു സമ്പത്ത് വാരി കൂട്ടുകയും ചെയ്തു. ദൂണ്ടിയയെ കൊണ്ട് പൊറുതി മുട്ടിയ മറാത്തർ അവരുടെ പ്രവിശ്യകളിൽ നിന്നും അയാളെ ഒഴുപ്പിക്കാൻ തീരുമാനിക്കുകയും, പൂനയിൽ നിന്നുള്ള നിർദ്ദേശപ്രകാരം ദോണ്ടു പന്ത് ഗോഖലയുടെ  നേതൃത്തിൽ  ഒരു സംഘം സൈനികരെ 1794 പകുതിയൊടെ ദൂണ്ടിയക്കെതിരെ നിയോഗിക്കുകയും ചെയ്തു. അപകടം മണത്തറിഞ്ഞ ദൂണ്ടിയ ഒരു അഫ്ഗാനി ദൂതനെ ശ്രീരംഗപട്ടണത്ത് ടിപ്പുവിനരികിൽ അയക്കുകയും മറാത്ത പ്രവിശ്യയിൽ നിന്നുള്ള പിന്മാറ്റത്തിന് സഹായമഭ്യർത്ഥിക്കുകയും, പകരമായി സവനൂർ ടിപ്പുവിന് കൈമാറാമെന്ന വ്യവസ്ഥ മുന്നോട്ട് വക്കുകയും ചെയ്തു. ഈ നിർദ്ദേശം ടിപ്പു പാടെ തള്ളുകയും, ദൂണ്ടിയയെ മറാത്തർ അവരുടെ പ്രദേശങ്ങളിൽ നിന്നും തുരത്തിയോടിക്കുകയും ചെയ്തു. അവിടെ നിന്നും രക്ഷപ്പെട്ട ദൂണ്ടിയ, ടിപ്പുവിന്റെ അരികിൽ തന്നെ അഭയം പ്രാപിക്കുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. 1794 ജൂണോടെ 200ഓളം കുതിര പടായാളികളോടൊപ്പം ശ്രീരംഗപട്ടണത്ത് എത്തിയ ദൂണ്ടിയനെ ടിപ്പു സേനാധിപനായി ഉയർത്തുകയും, അവിടെ വച്ച് ഇസ്ലാം മതം സ്വീകരിച്ച അയാൾ ഷൈഖ് അഹമ്മദെന്ന പേര് സ്വീകരിക്കുകയും ചെയ്തു. ദൂണ്ടിയയുടെ അഭ്യർത്ഥന പ്രകാരം "മാലിക്ക് ജഹാൻ ഖാനെന്ന" അപരനാമത്തിൽ അയാൾ പിൻകാലത്ത് അറിയപ്പെടുകയും ചെയ്തു. ഏതായാലും അധികനാൾ ടിപ്പുവുമായി അയാൾ ചേർന്ന് പോയില്ല, മൈസൂർ സുൽത്താനെ ചൊടിപ്പിച്ച ഏതോ സംഭവത്തിനാൽ അയാൾ കരുതൽ തടങ്കലിലായി. ടിപ്പു അയാളെ സർവ്വതും മാപ്പാക്കി കാരാഗ്രഹത്തിൽ നിന്നും മോചിപ്പിക്കാൻ സന്നദ്ധനായെങ്കിലും ദൂണ്ടിയയുടെ അപകട സാധ്യതകൾ ചൂണ്ടികാട്ടി ടിപ്പുവിന്റെ ദിവാൻ മിർ സാദിഖ് ഈ ശ്രമത്തിൽ നിന്നും പിന്തിരിപ്പിക്കുകയും 1799കൾ വരെ  ദൂണ്ടിയ തടവിൽ തുടരുകയും ചെയ്തു.

          1799ൽ ദൂണ്ടിയക്ക് ജയിൽ മോചനത്തിനുള്ള വഴി ഒരുങ്ങി കിട്ടി അത് നാലാം ആംഗ്ലോ മൈസൂർ യുദ്ധവും, ടിപ്പുവിന്റെ മരണവും മൂലമായിരുന്നു.1799ൽ ഷിമോഗയിലെ ശിഖാരിപൂരിലെത്തിയ ദൂണ്ടിയയുടെ തേരോട്ടത്തിനാണ് പിന്നീട് ചരിത്രം സാക്ഷ്യം വഹിച്ചത്. ടിപ്പുവിന്റെ പുത്രൻ ഫത്തഹ് ഹൈദറിന്റെയും, ബലത്തിലെ കൃഷ്ണപ്പ നായക്കിന്റെയും പിന്തുണ ലഭിച്ച അയാൾ ഇരു ലോകങ്ങളുടെയും അധിപൻ അഥവാ ഉഭയ-ലോകധേശ്വരയെന്ന സ്ഥാന പേര് സ്വീരിക്കരിക്കുകയും, ശിഖാരി പൂരിൽ വച്ച് ടിപ്പുവിന്റെ മുൻ സൈനികരെ കൂട്ടി ചേർത്ത്  ശക്തമായ ഒരു സേന രൂപീകരിക്കുകയും ചെയ്തു. ഈ സൈന്യത്തിൽ ഏകദേശം 80,000ത്തോളം സൈനികരുണ്ടായിരുന്നു. അതിൽ 5000ത്തോളം  കുതിരപ്പടയാളികളുമായിരുന്നു. ഇരു ലോകങ്ങളുടെയും അധിപൻ തന്റെ സൈന്യത്തിന്റെ പിന്തുണയോടെ ഷിമോഗയും, ബിദനൂരും തന്റെ വരുതിയിലാക്കുകയും, ഹംഗൽ, ഹർപനഹള്ളി, , സവനൂർ, സോധെ, വിറ്റാൽ എന്നിവടങ്ങളിലെ പോളിഗാറുകളെ (നാട് വഴികൾ) കൊണ്ട് അയാളുടെ അപ്രമാദിത്യത്തെ അംഗീകരിപ്പിക്കുകയും ചെയ്തു. ആ കൊല്ലം തന്നെ ദൂണ്ടിയ ദർവാഡിനെതിരെ  മറ്റൊരു ആക്രമണത്തിന് പദ്ധതിയിടുകയും ഏകദേശം 300ഓളം സൈനികരുമായി മാറത്ത - മൈസൂർ അതിർത്തിയുടെ  പ്രാന്ത പ്രദേശങ്ങളിലൂടെ ദർവാഡിൽ  കടക്കുകയും ചെയ്തു. അവിടം കീഴടക്കാനായി മറാത്ത സാമന്തനും വർഷങ്ങൾക്ക് മുമ്പ് മറാത്ത പ്രവിശ്യയിൽ നിന്നും ദൊണ്ടിയയെ തുരത്തിയോടിച്ച ദോണ്ടു പന്ത് ഗോഖലയുടെ സഹായം തേടിയെങ്കിലും മുൻ അനുഭവങ്ങളുടെ പുറത്ത് ദോണ്ടു പന്ത് ദൂണ്ടിയക്കെതീരെ തിരിയുകയും അയാളുടെ പാളയം നിനച്ചിരിക്കാതെ ഒരു ആക്രമണത്തിലൂടെ തകർത്ത് തരിപ്പണമാക്കി ദർവാഡിൽ നിന്നും പുറത്താക്കുകയും ചെയ്തു. അവിടെ വച്ച്  "ദോണ്ടു പന്ത് തന്നോട് ചെയ്തതിന് ഒരു നാൾ പകരം വീട്ടുമെന്നും, ദോണ്ടുവിന്റെ ഹൃദയം തുരന്ന് ആ രക്തകറ കൊണ്ട് തന്റെ മീശ ചായം പൂശുമെന്നും" ദൂണ്ടിയ ശപഥമെടുക്കുകയും ചെയ്തു. ഏതാനം ദിവസിങ്ങങ്ങൾക്കിപ്പുറം ഷിമോഗയിൽ നിന്നും വിപുലമായൊരു സൈനിക അകമ്പടിയോടെ ദൂണ്ടിയ ദർവാഡിലേക്ക് തിരികെയെത്തി, അവിടം കീഴടക്കുകയും അവിടത്തെ ദംമ്പാൽ കോട്ടയെ പ്രധാന സൈനിക കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. 1800കളോടെ ദൂണ്ടിയ സവനൂരിലേക്ക് നീങ്ങുകയും അവിടം കൈപ്പിടിയിലൊതുക്കുകയും, പടി പടിയായി ഹവേരിയും അവിടത്തെ കോട്ടകളായ ബങ്കാപുര, ഐരാണി, റാണിബന്നൂർ എന്നിവയും ടിപ്പുവിന്റെ ജംലാബാദ് കോട്ടയും കീഴടക്കി മുന്നേറി കൊണ്ടിരുന്നു.

               ദൂണ്ടിയയുടെ ഈ വളർച്ചയെ ഏറ്റവും അങ്കലാപ്പിലാക്കിയത് തെക്കെ ഇന്ത്യയിലാകമാനം ഭരണം ഉറപ്പിച്ചു കൊണ്ടിരുന്ന ബ്രിട്ടീഷ്കാരെയായിരുന്നു. സർ തോമസ് മൺറോയും ആർതർ വെല്ലസ്ലിയും തമ്മിൽ നടന്ന കത്തിടപാടുകളിൽ മൺറോ ദൂണ്ടിയയെ കുറിച്ച് വീക്ഷിച്ചത് ഇങ്ങനെയായിരുന്നു."തീർച്ചയായും അയാൾ അതിശക്തനായ ഒരു സ്വതന്ത്ര ഭരണാധികാരിയും, ഒരു രാജവംശത്തിന്റെ സ്ഥാപകനായി മാറുമെന്നും ആ വംശം ക്രൂരൻമാരും, അപകടകാരികളുമായ സുൽത്താൻമാരുടെതായിരിക്കുമെന്നായിരുന്നു". ആർതർ വെല്ലസ്ലി അയാളെ കുറിച്ച് നിരീക്ഷിച്ചത് "അയാൾ അപകടകാരിയാണെന്നും കമ്പനിയുടെ സമാധാനപരമായ നടത്തിപ്പിന് അയാളുടെ നാശം അനിവാര്യമാണെന്നുമാണ്" (1800 മെയ് 26ന് ആർതർ വെല്ലസ്ലി ഗവർണർ ജനറൽ റിച്ചാർഡ് വെല്ലസ്ലിക്ക് എഴുതിയ കത്ത് പ്രകാരം ). ഏതായാലും 1800ജൂണോടെ ആർതർ വെല്ലസ്ലി ദൂണ്ടിയയെ വേട്ടയാടി പിടിക്കുവാനായി ഒരു കൂട്ടം അശ്വസനികരെയും ( 19ആം വിഭാഗം ലൈറ്റ് ഡ്രഗൂൺ), കാലാൾപ്പടയേയും ( 73, 77 വിഭാഗം കാലാൾപ്പട) തയാറാക്കുകയും ഈ ഉദ്യമത്തിനായി കൂട്ടായി  പേഷ്വാ ബാജി റാവു 2മന്റെ സഹായം ആരായകയും മറാത്ത പ്രവിശ്യകളിൽ നിന്നും ദൂണ്ടിയയെ ഒഴിപ്പിക്കുവാനായി പൂനയിൽ നിന്നും ബാജിറാവുവിന്റെ നിർദ്ദേശ പ്രകാരം ചിന്താമണി പഠ് വർദ്ധന്റെ നേതൃത്വത്തിലുള്ള സൈന്യം  ജൂലൈ അവസാന വാരത്തോട് കൂടി വെല്ലസ്ലിയോട് കൂടെ ചേരുകയും ചെയ്തു. ഇവർ ഒത്തു ചേരുന്നതിന് മുമ്പായി ജൂൺ മാസത്തോടെ തന്നെ വെല്ലസ്ലി തന്റെ നീക്കങ്ങൾ തുടങ്ങിയിരുന്നു ദൂണ്ടിയയുടെ ശക്തി ദുർഗങ്ങളായ ഐരാണിയും, റാണിബന്നൂരും, ബിദനുരും ഒന്നൊന്നായി കീഴ്പ്പെടുത്തുകയും ബിദനുരിൽ നിന്നും ദൂണ്ടിയ അതിവിധക്തമായി രക്ഷപെടുകയും ചെയ്തു. അതെ സമയം ചിന്താമണി പട്വർദ്ധന്റെയും, ദോണ്ടു പന്ത് ഗോഖലയുടെയും മാറാത്ത സൈനികർ യോജിച്ചു കിട്ടൂരിന് സമീപത്ത് വച്ച് ദൊണ്ടിയയെ  ആക്രമിക്കുകയും ഇന്നത്തെ ബെൽഗാമിന് സമീപം ലോണ്ടയിൽ വച്ച് ദോണ്ടു പന്ത് ഗോഖലയെയും അനന്തിരവൻ അപ്പാജി ഗണേഷിനെയും ദൂണ്ടിയ ശക്തമായൊരു ആക്രമണത്തിലൂടെ കൊലപ്പെടുത്തുകയും ദോണ്ടു പന്തിന്റെ ഹൃദയം തുരന്ന് ആ രക്ത കറ തന്റെ മീശയിൽ ചായം ചെയ്ത് ദൊണ്ടിയ തന്റെ ശപഥം നിറവേറ്റുകയും ചെയ്തു. ദൂണ്ടിയക്കെതിരെ മറ്റൊരാക്രമണത്തിലൂടെ പട്വർദ്ധനും, ദോണ്ടു പന്തിന്റെ മറ്റൊരു അനന്തിരവൻ ബാപ്പുജി ഗണേഷും  തിരിച്ചടിച്ചെങ്കിലും പട്വർദ്ധന് കഠിനമായി പരിക്കേൽക്കുകയും ബാപ്പുജി ഗണേഷിനും മറ്റ് മറാത്തർക്കും ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള വടക്കൻ കാനറയിലെ (ഇന്നത്തെ ഉത്തര കന്നഡ) ഹാലിയാൽ കോട്ടയിലെക്ക്‌ അഭയം തേടേണ്ടിയും വന്നു.

       
സ്വാമി റാവു പവാര്‍ ദൂണ്ടിയയുടെ അകന്ന
ബന്ധുക്കളില്‍ ഒരാള്‍ വലത്ത് നിന്നും
ഒരാള്‍ കടപ്പാട്: personal collections of
Nidhin George Olikkara

 
1800 ജൂലൈയിൽ ആർതർ വെല്ലസ്ലി ദൂണ്ടിയക്കെതിരെ സമഗ്ര പദ്ധതികൾ ആവിഷ്കരിക്കുകയും പട്വർദ്ധനെ ജൂലൈ 4ഓടെ യുദ്ധത്തിനായി ക്ഷണിക്കുകയും ചെയ്തു. ജൂലായ് 12ഓടെ വെല്ലസ്ലി ദൂണ്ടിയയിൽ നിന്നും സവനൂർ പിടിച്ചെടുക്കുകയുമുണ്ടായി. പട്വർദ്ധനും  ആർതർ വെല്ലസ്ലിയും  ജൂലൈ 25ന് കണ്ട്മുട്ടുകയും ആചാര വെടികൾ മുഴക്കി പട്വർദ്ധനെ വെല്ലസ്ലി സ്വീകരിക്കുകയും ചെയ്തു. പിറ്റേന്ന് 26ന് ശനിയാഴ്ച ദൂണ്ടിയയുടെ പ്രധാന ശക്തി കേന്ദ്രമായ തമ്പാൽ കോട്ട ഇവർ ഒത്തു ചേർന്ന് പിടിച്ചെടുക്കുകയും ചെയ്തു. അതെ സമയം ദൂണ്ടിയ സൗണ്ടാട്ടി, ആനിഗെരി, മുനവല്ലി, കിത്തൂർ, ഖാനാപൂർ, ബദാമി എന്നിവിടങ്ങളിലെ ശത്രു സൈന്യത്തെ ആട്ടിപ്പായിക്കുന്നതിൽ മുഴുകുകയും ചെയ്തു. ജൂലൈ അവസാനത്തോടെ ദൂണ്ടിയയുടെ ആസന്നമായ അന്ത്യത്തിന് കളമൊരുങ്ങുകയും ശക്തമായ  മറാത്ത ബ്രിട്ടീഷ് ശക്തികൾക്ക് മുന്നിൽ ദൂണ്ടിയയുടെ പ്രതിരോധങ്ങൾ വിലപ്പോകാതെ വരുകയും അയാൾ കീഴടക്കിയ പ്രദേശങ്ങൾ കൈവിട്ട് പോകുകയും, സൈനികരിൽ പലരും അയാളെ ഉപേക്ഷിച്ചു കടന്ന് കളയുകയും ചെയ്തു. അവസാന കാലയളവിൽ അയാളും വിശ്വസ്തരായ കുറച്ചു സൈനികരും ഹൈദ്രബാദ്  നൈസാമിന്റെ പ്രവിശ്യയിൽ രക്ഷതേടുകയും മലപ്രഭ നദി കടക്കുന്നതിനിടയിൽ നൈസാം, മാറത്ത, ബ്രിട്ടീഷ് സഖ്യ കക്ഷികളാൽ ആക്രമിക്കപ്പെടുകയും, പിന്തുടരപ്പെടുകയും ചെയ്തു. എന്നിരുന്നാലും ദൂണ്ടിയ അതിശക്തമായി അവർക്കെതിരെ ചെറുത്ത് നിൽപ്പ് തുടരുകയും ചെയ്തു. ഈ ചെറുത്ത് നിൽപ്പുകൾക്കൊടുവിൽ ആഗസ്റ്റ്‌ 25ഓടെ ദൂണ്ടിയയുടെ മുന്നിൽ മലപ്രഭ നദി വാതിൽ തുറക്കുകയും മറുകര പറ്റുകയും ചെയ്തു. അവിടെ നിന്നും ഇന്നത്തെ റായ്ചൂരിലെ കോനഗഹള്ളിയിൽ എത്തിപ്പെട്ട അയാളുടെ ചെറുത്ത് നിൽപ്പുകൾക്ക് 1800 സെപ്റ്റംബർ 10ന് ആർതർ വെല്ലസ്ലി അന്ത്യം കുറിക്കുകയും ചെയ്തു. അയാളുടെ നിശ്ചലമായ ശരീരത്തിൽ നിന്നും രക്തകറ പുരണ്ട മീശ പറിച്ചെടുത്ത് ജന്മനാടായ ബ്രിട്ടനിലേക്ക് അയച്ചു കൊടുത്ത വെല്ലസ്ലി, ആ വിജയം ആഘാഷിക്കുകയും ചെയ്തു. ശേഷം കീഴടക്കപ്പെട്ട പ്രദേശങ്ങളിലെല്ലാം അനുവർത്തിച്ചത് പോലെ വെല്ലസ്ലിയും ദൂണ്ടിയയുടെ അനന്തിരവകാശി 4വയസ്സ്കാരൻ പുത്രൻ സലാബാത്ത്‌ ഖാന് സംരക്ഷണം നൽകുകയും  400പൗണ്ട് അയാളുടെ ഭാവി ജീവിതത്തിനായി നീക്കി വക്കുകയും ചെയ്തു. പിൻകാലത്ത് കൃഷ്ണരാജ മൂന്നാമന്റെ ഉദ്യോഗത്തിൽ കയറിപറ്റിയ അയാൾ 1822ൽ കോളറ ബാധിതനായി മരണമടയുകയും ചെയ്തു.

റഫറന്‍സ്


History of Tipu Sultan – Mohibbul Hassan

The Sangli State – Rao Bahadur D B Parasnis

Darward District Gazetteer – Government of Karnataka

Making History Karnataka People and their history ( Volume 2 – Colonial shock,      armed struggle – 1800-1857) - Saki

Comments