ഒരു പല്ലക്കിന്റെ കഥ

കരുണാകര മേനോന്റെ പല്ലക്ക്, കടപ്പാട്: malabardays

           " ജില്ല കോടതിയിലെ നേറ്റിവ് റെജിസ്ട്രർ കല്പള്ളി കരുണാകര മേനോന്റെ സത്യനിഷ്ഠ, ധൈര്യം, വിശ്വസ്തത ഇവ പരിഗണിച്ച്  ഈ സ്വദേശി ഓഫീസർക്ക് ഒരു പല്ലക്കും, അതോടൊപ്പം അലവൻസും ( പ്രതിമാസം 20 പഗോഡ / 70 രൂപ ) നൽകുന്നതിന് ഗവർണർ ഇൻ കൗൺസിലിന് സന്തോഷമുണ്ട് ഇദ്ദേഹത്തിന്റ പ്രവർത്തനങ്ങൾ കമ്പനിക്ക് വളരെയധികം പ്രയോജനപ്രദമായിരുന്നു. കലാപകാരികളെ കരുണാകര മേനോൻ നേരിട്ട് കീഴടക്കിയ ഏപ്രിൽ 3 കണക്കാക്കി പല്ലക്കും അലവൻസും അനുവദിക്കേണ്ടതാണ് ".

          
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ
കോട്ട് ഓഫ് ആം
സ്     
  മേല്പറഞ്ഞ ഭാഗം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി 
ഗവൺമെന്റിന്റെ ചീഫ് സെക്രട്ടറി 1812 ഒക്ടോബർ 27ന് എഴുതിയ കത്തിൽ നിന്നുള്ളതാണ്. ഈ കത്തിൽ പറയുന്ന പല്ലക്കാണ് ചിത്രത്തിൽ കാണുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കോട്ട് ഓഫ് ആംസോടും, പേർഷ്യനിലുള്ള ഒരു ലിഖിതത്തോടും കൂടിയുള്ള ഈ  പല്ലക്ക് ഇന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ചരിത്ര വകുപ്പിന്റെ കീഴിലാണുള്ളത്. കത്തിൽ പറയുന്ന കമ്പനിയുടെ ഈ വിശ്വസ്ത സേവകൻ കല്പള്ളി കരുണാകര മേനോൻ  കേരള ചരിത്രത്തിൽ  അത്ര സുപരിചിതനല്ല ഒരു പക്ഷെ ഇദ്ദേഹത്തെ നമുക്ക് അറിയാവുന്നത് മലയാളത്തിന്റെ പ്രിയ നടൻ ജഗതി ശ്രീകുമാർ  2009ലെ പഴശ്ശി രാജയെന്ന  ചിത്രത്തിൽ അവതരിപ്പിച്ച കരുണാകര മേനോനെന്ന കഥാപാത്രത്തിലൂടെ ആയിരിക്കും. കേരള ചരിത്രത്തിൽ ഈ  കരുണാകര മേനോനുള്ള പ്രാധാന്യം എന്തന്ന് ചോദിച്ചാൽ ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ഐതിഹാസിക സമരം നയിച്ച പഴശ്ശി രാജയെ  പിടികൂടി വധിക്കുന്നതിൽ തലശ്ശേരി സബ്കളക്ടർ തോമസ് ഹാർവി ബാബറുടെ വലം കൈ ആയി പ്രവർത്തിച്ചതും, മാവില തോട്ടിൽ നിന്നും പഴശ്ശിയുടെ രക്ഷപ്പെടാനുള്ള അവസാന ഉദ്യമത്തെ തടഞ്ഞതും ഈ കരുണാകര മേനോൻ ആണ്. കരുണാകര മേനോന്റെയും, തോമസ് ഹാർവി ബാബറടെയും ഔദ്യോധിക രേഖകളിൽ നിന്നുമാണ് പഴശ്ശിയുടെ മരണം നാം പൊതുവിൽ വിശ്വസിക്കുന്നത് പോലെ വജ്രം വിഴുങ്ങിയുള്ള ആത്മഹത്യയല്ല മറിച്ചു തോമസ് ഹാർവി ബാബറുടെ സൈന്യത്തോട് പഴശ്ശിയും സംഘവും ഏറ്റ് മുട്ടി വെടിയേറ്റാണ് പഴശ്ശി മരിക്കുന്നതെന്നതെന്നുള്ള മറു വശവും പുറത്ത്‌ വരുന്നത്. ആ ഏറ്റു മുട്ടലിൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി പഴശ്ശിയെ രക്ഷപ്പെടലിൽ നിന്നും തടഞ്ഞ്  നിർത്തിയത് കരുണാകര മേനോനാണെന്ന് തോമസ് ഹാർവി ബാബറുടെ ഔദ്യോധിക രേഖകൾ പറയുന്നത് (ബാബർ 1805 ഡിസംബർ 31ന് പ്രിൻസിപ്പൽ കളക്ടർ വാർഡന് എഴുതിയ കത്ത് പ്രകാരം ).


          
പല്ലക്കിലെ പേര്‍ഷ്യന്‍ ലിഖിതം      
ഏതായാലും  1812ൽ ഈസ്റ്റ് ഇന്ത്യ കമ്പനി മേനോന് അലവൻസും, ചിത്രത്തിൽ കാണുന്ന പല്ലക്കും അനുവദിച്ചത് നൽകിയത് കമ്പനിക്ക് വേണ്ടി വിജയകരമായി മറ്റൊരു 
ദൌത്യം പൂ
ത്തികരിച്ചതിനായിരുന്നു.  1812ൽ കുറിച്യർ എന്ന ആദിവാസി സമൂഹം ബ്രിട്ടീഷ്‌കാർക്കെതിരെ നടത്തിയ സായുധസമരമായിരുന്നു അത്.  ചരിത്രത്തിൽ  കുറിച്യർ കലാപം എന്നറിയപ്പെടുന്ന ഈ സായുധസമരത്തിന് കാരണം പഴശ്ശി കലാപങ്ങൾക്ക് സർവ്വ പിന്തുണയും നൽകിയിരുന്ന കുറിച്യർക്കെതിരെ  ബ്രിട്ടീഷ്‌കാർ നടത്തിയിരുന്ന വിവേചന പരമായ നടപടി ക്രമങ്ങളും, പ്രിൻസിപ്പൽ കളക്ടർ വാർഡൻ 10 ശതമാനത്തോളം നികുതി വർദ്ധിപ്പിച്ച് അത് കാശായി തന്നെ നൽകണമെന്ന് ഉത്തരവിട്ടതുമായിരുന്നു. ഇതിനെതിരെ സംഘടിച്ച കുറിച്യർ റോഡ് ഉപരോധം, കമ്പനി പട്ടാളക്കരെ ആക്രമിക്കുക എന്നിടത്തോളമെത്തി കൂടാതെ കമ്പനി നിയന്ത്രണത്തിലുണ്ടായിരുന്ന സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളാക്രമിക്കാനായി നീങ്ങുകയും ചെയ്തു. കുറിച്യരുടെ ഈ നടപടിയെ  ഉപരോധിക്കാൻ ബാബർ നിയോഗിച്ചത് കരുണാകര മേനോനെയായിരുന്നു. മേനോൻ വളരെ വൃത്തിയായി തന്നെ ബാബറിൽപ്പിച്ച ചുമതല നിർവഹിക്കുകയും ചെയ്തു. പുതിയേടത്ത് കുന്നെന്ന പ്രദേശത്ത് മാനന്തവാടി ആക്രമിക്കാനായി തമ്പടിച്ച 700ഓളം  കുറിച്യരെ മേനോൻ സുബേദാർ കമലി കണ്ണന്റെയും, ആമുട്ടി സുബേദാറുടെയും, കോൽക്കാരുടെയും സഹായത്തോടെ അടിച്ചമർത്തുകയും. കൂടാതെ കുറിച്യരെ കീഴടക്കുവാൻ കൂടുതൽ സൈനിക സന്നാഹവുമായി ശ്രീരംഗപട്ടണത്ത് നിന്നെത്തിയ കേണൽ വെൽഷിന്റെ കൂടെയും  സുൽത്താൻ ബത്തേരിയിൽ കുറിച്യരെ ഒതുക്കുവാൻ  മേനോൻ മുൻപന്തിയിലുണ്ടായിരുന്നു. സുൽത്താൻ ബത്തേരിയിലെ കുറിച്യർ കലാപം അടിച്ചമർത്തിയ ശേഷം കമ്പനിക്ക് വേണ്ടി കലാപ നേതാക്കളെ കണ്ടത്തി കൊടുത്തതും മേനോൻ ആയിരുന്നു ഇതിൽ ഭൂരിഭാഗം പേരെയും പിന്നീട് വിചാരണ ചെയ്ത് പ്രിൻസ് ഓഫ് വെയിൽസ് ദ്വീപിലേക്ക് നാട് കടത്തി.

       കുറിച്യർ കലാപം അടിച്ചമർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച മേനോന്  1812ൽ പല്ലക്കും,  20 പഗോഡ അലവൻസും ജീവിതവസാനം വരെ കമ്പനി അനുവദിച്ചു നല്‍കി പിന്നീട് 1822ൽ മദ്രാസ് ഗവർണർ സർ തോമസ് മൺറൊ പല്ലക്ക് അലവൻസിനു പകരം മേനോന്റെ ഭൂമിയെല്ലാം കാരമൊഴിവാക്കി നൽകുകയും, അടുത്ത അനന്തരാവകാശിക്ക്‌ കൂടി ഈ പല്ലക്ക് അലവൻസ് അനുവദിക്കുകയും ചെയ്തു.

റഫറന്‍സ്

➦ ചിത്രങ്ങള്‍ - malabardays

➦ പഴശ്ശി സമരരേഖകള്‍ - ഡോ: കെ കെ എന്‍ കുറുപ്പ്

➦ കരുണാകരമെനോനും ഈസ്റ്റ് ഇന്ത്യ കമ്പനിയും – പ്രേമ ജയകുമാര്‍

Comments